ചെല്‍സി: ചെല്‍സിയുടെ പുതിയ പരിശീലകനായി അന്റോണിയോ കോന്റെയെ നിയമിച്ചു. ഇറ്റാലിയന്‍ ടീമിന്റെ പരിശീലകനായി പ്രവര്‍ത്തിക്കുന്ന കോന്റെ (46) ചെല്‍സിയുമായി മൂന്ന് വര്‍ഷത്തെ കരാറിലാണ് ഒപ്പിട്ടത്. മാസങ്ങള്‍ നീണ്ട ഊഹാപോഹങ്ങള്‍ക്കൊടുവിലാണ് കോന്റെ ചെല്‍സിയുമായി കരാറിലെത്തിയത്. ചെല്‍സിയെ പരിശീലിപ്പിക്കാന്‍ അവസരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും യൂറോ കപ്പ് ഫുട്‌ബോളിനുള്ള ഇറ്റാലിയന്‍ ടീമിനെ പരിശീലിപ്പിക്കുന്നതിലാണ് ഇപ്പോള്‍ തന്റെ ശ്രദ്ധയെന്ന് അന്റോണിയോ കോന്റെ പറഞ്ഞു.
നിലവിലെ ലീഗ് ചാമ്പ്യന്മാരായ ചെല്‍സി ഈ സീസണിന്റെ തുടക്കത്തില്‍ അതി ദയനീയമായ പ്രകടനങ്ങളാണ് കാഴ്ചവച്ചത്. ഇതേത്തുടര്‍ന്ന് ഡിസംബറില്‍ ഹോസെ മൊറീഞ്ഞോയെ പുറത്താക്കി. അതിന്‌ശേഷം ഒരു ദീര്‍ഘ കാല പരിശീലകനുവേണ്ടിയുള്ള തെരച്ചിലിലായിരുന്നു ചെല്‍സി. മൊറീഞ്ഞോയ്ക്ക് പകരം താത്ക്കാലിക പരിശീലകനായെത്തിയ ഗസ് ഹിഡിങ്ക് ദീര്‍ഘകാല കരാറില്‍ ഒപ്പുവയ്ക്കാന്‍ തായറായതുമില്ല. ഹിഡിങ്ക് ചെല്‍സിയുടെ ചുമതല ഏറ്റെടുത്ത ശേഷം ഇതുവരെ പ്രീമിയര്‍ ലീഗില്‍ അവര്‍ തോല്‍വി അറിഞ്ഞിട്ടില്ല. 15 മത്സരങ്ങളിലായി അപരാജിത കുതിപ്പ് നടത്തുകയാണ് ചെല്‍സി.