കൊച്ചി: ഓഹരി തട്ടിപ്പ് വിവാദം ഉയര്‍ന്ന റിപ്പോര്‍ട്ടര്‍ ചാനലിന്റെ വൈസ് ചെയര്‍മാന്‍ ലാലി ജോസഫ് ആവശ്യപ്പെടുന്ന തരത്തില്‍ അവരെ ഡയറക്ടറാക്കിയും ഇക്വിറ്റി ഷെയറുകള്‍ അവരുടെ പേരിലേക്ക് മാറ്റിയും ഏപ്രില്‍ 7നുള്ളില്‍ കേസ് തീര്‍പ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. കേസ് ശരിയായ രീതിയില്‍ തീര്‍പ്പാക്കാത്ത പക്ഷം സ്റ്റേ ഒഴിവാക്കുന്നതിനെ കുറിച്ചും ഉത്തരവില്‍ മാറ്റം വരുത്തുന്നതിനെ കുറിച്ചും ചിന്തിക്കേണ്ടി വരുമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ചാനലിനും മാനേജിംഗ് ഡയറക്ടര്‍ നികേഷ് കുമാറിനും എതിരെ ചാനലിന്റെ വൈസ് ചെയര്‍മാന്‍ ലാലി ജോസഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൊടുപുഴ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നികേഷ് ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ജസ്റ്റിസ് പി.ഉബൈദിന്റെ ഉത്തരവ്. കേസ് ശരിയായ രീതിയില്‍ തീര്‍പ്പാക്കാത്ത പക്ഷം സ്റ്റേ ഒഴിവാക്കുന്നതിനെ സംബന്ധിച്ചും ഉത്തരവില്‍ മാറ്റം വരുത്തുന്നതിനെ കുറിച്ചും ചിന്തിക്കേണ്ടിവരുമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു. ഹര്‍ജിക്കാരായ റിപ്പോര്‍ട്ടര്‍ ചാനലിനും നികേഷ് കുമാറിനും റാണി വര്‍ഗ്ഗീസിനും താല്‍ക്കാലികമായി ഏപ്രില്‍ 7 വരെ ശരിയായ ഒരു അനുരഞ്ജനത്തിന് സമയം നല്‍കുകയാണെന്നും അല്ലാത്ത പക്ഷം ബന്ധപ്പെട്ട കോടതിയില്‍ നിന്ന് ജാമ്യം എടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. ലാലി ജോസഫ് ആവശ്യപ്പെടുന്ന തരത്തില്‍ അവരെ ഡയറക്ടറാക്കിയും ഇക്വിറ്റി ഷെയറുകള്‍ അവരുടെ പേരിലേക്ക് മാറ്റിയും കേസ് തീര്‍പ്പാക്കാന്‍ ശ്രമിക്കണമെന്നും ആ വിവരം ഏപ്രില്‍ 7ന് കോടതിയെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. അങ്ങനെ വന്നാല്‍ ചാനലിന്റെ പൂര്‍ണ്ണമായ അധികാരം ലാലിയ ജോസഫില്‍ നിക്ഷിപ്തമാകും. ചാനല്‍ കൈവിട്ടുപോകുന്ന അവസ്ഥയില്‍ത്തന്നെയാകും നികേഷ് കുമാറിന്. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ നികേഷിന് മുന്നില്‍ മറ്റൊരു വഴിയുമില്ല.