പെഷവാര്‍: പാകിസ്താനില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 50 ഓളം പേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച മുതല്‍ ആരംഭിച്ച കനത്ത മഴയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. പ്രദേശത്തെ ഗതാഗതവാര്‍ത്താ വിനിമയ ബന്ധങ്ങള്‍ പൂര്‍ണമായി തകര്‍ന്ന അവസ്ഥയിലാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പ്രദേശത്തെ ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 45 ഓളം പേര്‍ മരിച്ചതായാണ് പാകിസ്താനിലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അഥോറിറ്റി റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊഹിസ്താനിലാണ് വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായിരിക്കുന്നത്. ഇവിടെ മാത്രം 12 ഓളം പേര്‍ മരണമടഞ്ഞു.വെള്ളപ്പൊക്കത്തെ തുടര്‍ന്ന് തുടര്‍ച്ചയായി മണ്ണിടിച്ചിലും ഉണ്ടാകുന്നുണ്ട്. സ്വാത് നദി കരകവിഞ്ഞൊഴുകുന്നതിനാല്‍ ജനങ്ങളോട് വീടുകള്‍ ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.