മത്സരിക്കുന്നില്ലെന്ന് പറഞ്ഞ ടിഎന്‍ പ്രതാപന്‍ രഹസ്യമായി സീറ്റ് ചോദിച്ചുവാങ്ങി; നാടകം പൊളിഞ്ഞപ്പോള്‍ ജാള്യതയോടെ ആദര്‍ശധീരനായ എംഎല്‍എ

ന്യൂഡല്‍ഹി: മത്സരിക്കുന്നില്ലെന്നും യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നും പറഞ്ഞ് കയ്യടി വാങ്ങിയ കോണ്‍ഗ്രസിലെ ടിഎന്‍ പ്രതാപന്‍ എം എല്‍എ കയ്പമംഗലം സീറ്റ് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് കത്തെഴുതിയതിന്റെ തെളിവുകള്‍ പുറത്ത്. പ്രതാപന്റെ കത്ത് ഇന്നലെ നടന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ വായിച്ച രാഹുല്‍ ഗാന്ധി, പ്രതാപന് സീറ്റു നല്‍കാന്‍ അനുവാദം നല്‍കുകയും ചെയ്തപ്പോഴാണ് സംഭവം എല്ലാവരും അറിഞ്ഞത്. ടി.എന്‍. പ്രതാപനെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. മല്‍സരിക്കാനില്ലെന്നും സംഘടനാ പ്രവര്‍ത്തനം നടത്താനാണ് താല്‍പര്യമെന്നും പറഞ്ഞ തന്നെ രാഹുല്‍ ഗാന്ധിയാണ് മല്‍സരിക്കാന്‍ നിര്‍ബന്ധിച്ചതെന്നായിരുന്നു പ്രതാപന്‍ പറഞ്ഞുകൊണ്ടിരുന്നത്. പ്രതാപന്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായതോടെ കെഎസ്‌യു ജില്ലാ പ്രസിഡന്റ് ശോഭാ സുബിന് അവസരം നഷ്ടമാകുകയും ചെയ്തു. നേരത്തെ, യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും അവസരം നല്‍കാനായി ഇത്തവണ മാത്രം മത്സരരംഗത്തുനിന്ന് മാറി നില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നു കാണിച്ച് അദേഹം കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് കത്ത് നല്‍കിയിരുന്നു. യുവാവായിരിക്കുമ്പോള്‍ തന്നെ പാര്‍ട്ടി തനിക്ക് സ്ഥാനാര്‍ഥിത്വം നല്‍കി. മൂന്ന് തവണ തുടര്‍ച്ചയായി ജയിക്കാനും കഴിഞ്ഞു. തനിക്ക് അവസരം ലഭിച്ചതുപോലെ മറ്റുള്ളവര്‍ക്ക് കൂടി അവസരം ലഭിക്കണം. സുധീരനെഴുതിയ കത്തില്‍ പ്രതാപന്‍ ഇങ്ങനെയാണ് വ്യക്തമാക്കിയിരുന്നത്. യുവാക്കള്‍ക്കായി വഴിമാറുന്നുവെന്ന ടി.എന്‍. പ്രതാപന്റെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ഇത് മാതൃകയാക്കാവുന്നതാണെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍ പരിഹസിക്കുകയും ചെയ്തിരുന്നു. ഇങ്ങനെയിരിക്കെയാണ് പ്രതാപന്റെ ഉള്ളുകളി പുറത്തുവരുന്നത്.

© 2024 Live Kerala News. All Rights Reserved.