ചെറിയ വസ്ത്രങ്ങള്‍ ധരിക്കരുത് ; ചുരിദാറുകള്‍ മാത്രം ധരിക്കുക; അല്ലെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ പീഡനം ഉണ്ടാകും; വനിതാ എംഎല്‍എയുടെ പരാമര്‍ശം വിവാദത്തിലേക്ക്

തെലങ്കാന: സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ ചെറിയ വസ്ത്രങ്ങള്‍ ധരിക്കരുത്. ചുരിദാറുകള്‍ മാത്രം ധരിക്കുക അല്ലെങ്കില്‍ പീഡനം ഉണ്ടാകുമെന്ന് തെലങ്കാന രാഷ്ട്ര സമിതി എം.എല്‍.എ സുരേഖ. ചെറിയ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് പകരം നീളമുള്ള ചുരിദാറുകള്‍ ധരിക്കുന്നത് ശാരീരികമായ പീഡനങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷയാകുമെന്നും എം.എല്‍.എ പറയുന്നു. പത്താംക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ഡ്രസ് കോഡ് തന്നെ വേണമെന്ന നിര്‍ദേശവും മുന്നോട്ടു വെക്കുന്നുണ്ട്.

പെണ്‍കുട്ടികളുടെ യൂണിഫോമായി വളരെ ചെറിയ വസ്ത്രങ്ങള്‍ പല സ്‌കൂളുകളും നല്‍കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നും മാറി പെണ്‍കുട്ടികള്‍ക്ക് ചുരിദാര്‍ ഡ്രസ് കോഡ് ആക്കി മാറ്റുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കേണ്ടിയിരിക്കുന്നു. ചുരിദാര്‍ ശരീരത്തിന്റെ ഭൂരിഭാഗവും മറയ്ക്കുന്ന വസ്ത്രമാണ്. പെണ്‍കുട്ടികളെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളുകളില്‍ പെണ്‍കുട്ടികളെ ഉപദ്രവിക്കുന്ന സഹവിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്ന് ഡീബാര്‍ ചെയ്യണമെന്നും അവര്‍ക്ക് മറ്റ് സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കാത്ത രീതിയില്‍ നിയമനിര്‍മാണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുകയാണെങ്കില്‍ അവരെ ബ്ലാക് ലിസ്റ്റ് ചെയ്യാനുള്ള സംവിധാനം നടപ്പിലാവണമെന്നും സുരേഖ ആവശ്യപ്പെടുന്നു.

© 2024 Live Kerala News. All Rights Reserved.