കരുണ എസ്റ്റേറ്റിന് വേണ്ടി ചലിക്കുന്ന കറുത്ത കരങ്ങള്‍

സി എസ് ധര്‍മ്മരാജ്

csd

പാലകേന്ദ്രീകരിച്ചുള്ള, സര്‍ക്കാറിലും പ്രതിപക്ഷത്തും ഒരുപോലെ സ്വാധീനമുള്ള വ്യവസായലോബിയുടെ കയ്യിലാണ് നെല്ലിയാമ്പതി. ക്വാറികളും തോട്ടങ്ങളും സ്ഥാപിച്ച് വനഭൂമിപോലും കയ്യടക്കിവച്ചിട്ടുള്ള ഈ സംഘത്തിനെതിരെ ചെറുവിരലനക്കാന്‍ ചങ്കൂറ്റം കാണിച്ചത് വനംമന്ത്രിയായിരിക്കെ കെ ബി ഗണേഷ് കുമാര്‍ മാത്രമാണ്. അതിന് അദേഹം കൊടുക്കേണ്ടി വന്ന വിലയും കേരളം കണ്ടതാണ്. ആദര്‍ശരാഷ്ട്രീയനേതാവെന്ന് ചില മാധ്യമങ്ങള്‍ പുകഴ്ത്തിയ പി സി ജോര്‍ജ്ജാണ് അന്ന് ഗണേഷിനെതിരെ രംഗത്ത് വന്നവരില്‍ പ്രമുഖന്‍. പോബ്‌സ് എന്ന വ്യവസായ ലോബിയ്ക്ക് വശംവദരാകാത്തവരും അവരുടെ അച്ചാരം വാങ്ങാത്തവരുമായ എത്ര രാഷ്ട്രീയനേതാക്കളും
ഉദ്യോഗസ്ഥരുമുണ്ടെന്ന് പരിശോധിക്കപ്പെടേണ്ടതാണ്. യഥാര്‍ഥത്തില്‍ കരുണയ്ക്ക് പിന്നിലെ കാരുണ്യമില്ലാത്ത കരങ്ങള്‍ക്ക് ഷെയ്ക്ക്ഹാന്റ് നീട്ടാത്തവരുണ്ടോ? വിഎസ് അച്യുതാനന്ദനെപ്പോലുള്ള ചുരുക്കം ചിലര്‍ മാത്രമാണെന്നത് സമീപകാല യാഥാര്‍ഥ്യം. ലാന്റ് ബോര്‍ഡ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെ മറികടന്ന് കരുണാ എസ്റ്റേറ്റിന് പോബ്‌സിന്റെ പേരില്‍ നികുതി സ്വീകരിക്കുവാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടുളള 1.3.2016 ലെ സര്‍ക്കാര്‍ ഉത്തരവ് വിവാദമായിരിക്കുകയാണ്. ഭൂപരിഷ്‌ക്കരണ നിയമപ്രകാരം ഒരു കുടുംബത്തിനോ സ്ഥാപനത്തിനോ കൈവശം വെക്കാവുന്നതിലുപരിയായി ഭൂമി കൈവശം വെക്കാനാഗ്രഹിക്കുന്നവര്‍ അപ്രകാരം ഭൂമി സംബന്ധിച്ച വിശദാംശങ്ങള്‍ സഹിതം സര്‍ക്കാരിലേക്ക് ഇളവിന് അപേക്ഷിക്കുകയും സര്‍ക്കാരില്‍ നിന്നും ഇളവ് നേടിയിരിക്കുകയും ചെയ്യണമെന്ന വ്യവസ്ഥ പാലിക്കാത്ത കാരണത്താല്‍ 1.1.1970 ന് സര്‍ക്കാരിലേക്ക് നിക്ഷിപ്തമായ ഭൂമിയാണ് നിലവില്‍ പോബ്‌സ് കൈയ്യടക്കിവെച്ചിരിക്കുന്ന കരുണാ എസ്റ്റേറ്റ് എന്നതീത്ര ലാന്റ് ബോര്‍ഡ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലെ ഉളളടക്കം. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കരുണാ എസ്റ്റേറ്റ് വിവാദമാകുന്നത് ഇതാദ്യത്തെ തവണയല്ല. ഭൂപരിഷ്‌ക്കരണ നിയമപ്രകാരമുളള ഇളവ് നേടാത്ത കാരണത്താല്‍ 1.1.1970 ന് റവന്യൂ ഭൂമിയായും, 1971 ലെ സ്വകാര്യ വനം നിക്ഷിപ്തമാക്കലും പതിച്ചുകൊടുക്കലും നിയമപ്രകാരം നിക്ഷിപ്ത വന ഭൂമിയുടെയും പരിധിയില്‍ പ്പെടുന്നതും സര്‍ക്കാരിലേക്ക് പണ്ടേ തന്നെ വന്നുചേരേണ്ടതുമായ ഭൂമിയാണ് 833 ഏക്കര്‍ വരുന്ന നെല്ലിയാമ്പതിയിലെ കരുണാ എസ്റ്റേറ്റ്, ഇവയ്ക്ക് പുറമെ പാട്ടക്കരാര്‍ ലംഘനം, ഇന്‍ഡ്യന്‍ ഇന്‍ഡിപെന്‍ഡന്റ് ആക്ടിന്റെ ലംഘനം, എപിപിഎഫ് (മദ്രാസ് പ്രിസര്‍വേഷന്‍ ഓഫ് പ്രൈവറ്റ് ഫോറസ്റ്റ്) ആക്ടിന്റെ ലംഘനം, ഭൂമി കയ്മാറ്റ വ്യവസ്ഥാ ലംഘനം തുടങ്ങിയ നിയമലംഘനങ്ങളും നിലനില്‍ക്കുന്നു.

2
ഈ നിയമലംഘനങ്ങള്‍ ഓരോന്നും അക്കമിട്ടുനിരത്തി നിയമ സാധ്യതയില്ലാത്ത രേഖകളുടെ പിന്‍ബലത്തില്‍ പോബ്‌സ് അനധിക്യതമായി കയ്യടക്കിവെച്ചുവരുന്ന കരുണാ എസ്റ്റേറ്റ് എല്ലാ അര്‍ത്ഥത്തിലും നിക്ഷിപ്ത വനമാണ്് എന്ന സ്ഥിതീകരിക്കുന്നതും കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ അവസാന നാളുകളില്‍ നെന്‍മാറ മുന്‍ ഡി.എഫ്.ഒ ധനേഷ് കുമാര്‍ സമര്‍പ്പിച്ചതുമായ റിപ്പോര്‍ട്ടിനെ മറികടന്ന്, ഏറ്റവും പുതിയ റവന്യൂ രേഖകളില്‍പ്പോലും വനഭൂമിയെന്നു കാണുന്ന രേഖകള്‍ തിരുത്തി കരുണാ എസ്റ്റേറ്റ് പോബ്‌സിന്റെ പേരിലേക്ക് മാറ്റി നല്‍കുന്നതിനും നികുതി സ്വീകരിക്കുന്നതിനും പി.ധനേഷ് കുമാറിന്റെ പിന്‍ഗാമി രാജു ഫ്രാന്‍സിസിനെകൊണ്ട് 28.4.2014 ന് സര്‍ക്കാര്‍ എന്‍ഒസി കൊടുപ്പിച്ചു. അങ്ങിനെ 833 ഏക്കര്‍ വനഭൂമി സര്‍ക്കാര്‍ അനധിക്യതമായി പോബ്‌സിന് മുതല്‍ കൂട്ടിനല്‍കിയതാണ് ആദ്യവിവാദത്തിന് വഴിവെച്ചത്. ഭരണ-പ്രതിപക്ഷ കക്ഷികളിലെ എം.എല്‍.എ മാരുടെ ശക്തമായ എതിര്‍പ്പുകള്‍ ക്ഷണിച്ചു വരുത്തുകയും നിയമസഭക്കകത്തും പുറത്തും കത്തിപ്പടരുകയും ചെയ്ത ആ വിവാദത്തെതുടര്‍ന്ന് കരുണാ എസ്റ്റേറ്റ് യഥാര്‍ത്ഥത്തില്‍ വന ഭൂമി തന്നെയാണോ? എന്‍ഒസി നല്‍കിയ രാജു ഫ്രാന്‍സിസിന്റെ നടപടിയില്‍ എന്തെങ്കിലും തെറ്റുണ്ടോ? എന്നീ കാര്യങ്ങളെ കുറിച്ചന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ഈ ഗൂഢാലോചനക്ക് പിന്നിലെ യഥാര്‍ത്ഥ സൂത്രധാരന്‍മാരായ ഉന്നത വനം മേധാവികളുടെ മൂന്നംഗ കമ്മറ്റിയെ തന്നെ വളരെ നാടകീയമായി സാര്‍ക്കാര്‍ ചുമതലപ്പെടുത്തി. പ്രതീക്ഷിച്ചപോലെ തന്നെ കരുണാ എസ്റ്റേറ്റ് യാതൊരു നിലയ്ക്കും വനഭൂമിയല്ലെന്നും, ആ സ്ഥിതിക്ക് എന്‍ഒസി നല്‍കിയ രാജു ഫ്രാന്‍സിസിന്റെ നടപടിയില്‍ തെറ്റില്ലെന്നും വനം വകുപ്പു മേധാവികളുടെ മൂന്നംഗ കമ്മറ്റി 15.7.2014 ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. അപ്രകാരം ആദ്യം വനം മേധാവികളുടെ സഹായത്തോടെ കരുണാ എസ്റ്റേറ്റ് വന ഭൂമിയല്ലെന്ന് വരുത്തിതീര്‍ത്ത് അട്ടിമറിയുടെ ഏറ്റവും സുപ്രധാനവും ദുഷ്‌കരവുമായ ഒന്നാം ഘട്ടകടമ്പ ഉമ്മന്‍ചാണ്ടിയും പോബ്‌സും വിജയകരമായി തരണം ചെയ്തു. പക്ഷേ പ്രസ്തുത മൂന്നംഗ കമ്മറ്റി റിപ്പോര്‍ട്ടിനു വിരുദ്ധമായി സര്‍ക്കാരിന്റെയും പോബ്‌സിന്റെയും കണക്കു കൂട്ടലുകള്‍ തെറ്റിച്ച്, വസ്തുതകള്‍ ഏറെക്കുറെ ക്യത്യമായി തന്നെ പരിശോധിച്ചും പരാമര്‍ശിച്ചും മേല്‍പ്പറഞ്ഞവിധം ലാന്റ് ബോര്‍ഡ് സെക്രട്ടറി റിപ്പോട്ട് സമര്‍പ്പിക്കുകയും മുന്‍പറഞ്ഞ ജനപ്രതിനിധികള്‍ അത് ആയുധമാക്കി വനം വകുപ്പിന്റെ ഒത്താശയോടെ പോബ്‌സിന്റെ പേരില്‍ നടത്തിയ പോക്കുവരവും നികുതിയും റദ്ദാക്കണമെന്ന് മുറവിളി കൂട്ടുകയും ചെയ്ത സാഹചര്യത്തില്‍ ഗത്യന്തരമില്ലാതെ സര്‍ക്കാരിന് പോക്കുവരവും നികുതിയും റദ്ദ് ചെയ്യേണ്ടി വന്നു. എന്നാല്‍ വീണ്ടും നികുതി സ്വീകരിക്കാന്‍ മതിയായ കോടതിയുത്തരവോ മറ്റെന്തെങ്കിലും സാഹചര്യങ്ങളോ നിലവിലില്ലന്നു മാത്രമല്ല, ലാന്റ് ബോര്‍ഡ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെതിരെ പോബ്‌സ് ഗ്രൂപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസ് നടന്നുവരികയും ചെയ്യവേയാണ് വനഭൂമിയല്ലെന്ന് വരുത്തി തീര്‍ത്ത മാത്യകയില്‍ തിടുക്കപ്പെട്ട് ഇപ്പോള്‍ റവന്യൂ ഭൂമിയുമല്ലെന്ന് വരുത്തി തീര്‍ത്ത് പോബ്‌സിന്റെ പേരില്‍ നികുതി സ്വീകരിക്കാന്‍ വീണ്ടും അന്യായമായ ഉത്തരവിറക്കി 833 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി വന്‍കിട കുത്തകക്ക് സര്‍ക്കാര്‍ അടിയറവെച്ചിരിക്കുന്നത്.

02_copy
ഇത്രയും കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ നിക്ഷിപ്ത വനഭൂമി പരിധിയിലും റവന്യൂ ഭൂമിയുടെ പരിധിയിലും വരുന്ന കരുണാ എസ്റ്റേറ്റിനെ ആദ്യം വനഭൂമിയല്ലെന്നും പിന്നീട് റവന്യൂ ഭൂമിയല്ലെന്നും ക്യത്രിമങ്ങളിലൂടെ വരുത്തി തീര്‍ത്ത് പൊതുമുതല്‍ പോബ്‌സിന് മുതല്‍ കൂട്ടി നല്‍കിയതിലെ മുഖ്യപ്രതി സര്‍ക്കാര്‍ മാത്രമാണെന്ന കാര്യത്തില്‍ സംശയമൊന്നും ഉണ്ടാവാനിടയില്ല. എന്നാല്‍ സര്‍ക്കാര്‍ മാത്രമല്ല ഇക്കഥയിലെ പ്രതി നായകന്‍ എന്നുകൂടി മനസിലാക്കേണ്ടതുണ്ട്. ഇതിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച എണ്ണമറ്റ നിയമലംഘനങ്ങളത്രയും തുടച്ചുനീക്കി വനഭൂമി സ്വകാര്യഭൂമിയാക്കിമാറ്റി, സ്വകാര്യ കുത്തകകള്‍ക്ക് ദാനം നല്‍കുകയെന്നത് സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ല. കാരണം, നെല്ലിയാമ്പതി കേസുകള്‍ ഓരോന്നും സമഗ്രമായി പഠിച്ച് മനപ്പാഠമാക്കി വെച്ചിരിക്കുകയും, അവിടെ വനം വകുപ്പിന്റെ നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന എസ്റ്റേറ്റുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നും ഏതെങ്കിലും വിധത്തിലുളള അട്ടിമറികള്‍ നടക്കുന്നുണ്ടോയെന്ന് അതീവ ജാഗ്രതയോടെ നിരീക്ഷിച്ചു വരികയും ചെയ്യുന്ന, വന്‍മാധ്യമ സ്വാധീനവും സാമൂഹിക അംഗീകാരവുമുളള ഒരു സംഘം മുന്‍നിര പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇവിടെയുണ്ട്. ഈ സാഹചര്യത്തില്‍ നെല്ലിയാമ്പതിയില്‍, വിശേഷിപ്പിച്ച് കരുണൂ എസ്റ്റേറ്റിന്റെ കാര്യത്തില്‍ അതിനെ വനഭൂമിയല്ലാതാക്കിതീര്‍ക്കാന്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നും ഏതുതരത്തിലുളള അട്ടിമറി നീക്കമുണ്ടായാലും അത് തല്‍ക്ഷണം തന്നെ വന്‍ മാധ്യമ വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെക്കുകയും, അവിടംകൊണ്ടും നിന്നില്ലെങ്കില്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും ചെയ്ത് ഏതുവിധേനയും ആ അട്ടിമറി നീക്കം പരാജയപ്പെടുത്തുക തന്നെ ചെയ്തിരിക്കും അതുകൊണ്ടാണ് 833 ഏക്കര്‍ വനഭൂമിയെ ഒറ്റരാത്രികൊണ്ട് വനഭൂമിയല്ലാതാക്കി തീര്‍ക്കുകയെന്നത് സര്‍ക്കാരും വനം വകുപ്പും മാത്രം വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ല എന്ന് മുകളില്‍ പറഞ്ഞത്. നിശ്ചയമായും മേല്‍സൂചിപ്പിച്ച പരിസ്ഥിതി പ്രവര്‍ത്തകരുടെ നിര്‍ലോഭമായ പിന്തുണയും സഹായ സഹകരണങ്ങളും കൂടി അതിനുണ്ടായേ തീരു. അവിശ്വസനീയമെന്ന് തോന്നമെങ്കിലും, സര്‍വ്വഥാ നിക്ഷിപ്തവനമായ കരുണാ എസ്റ്റേറ്റിനെ വനഭൂമിയല്ലാതാക്കി തീര്‍ക്കുക എന്ന പ്രാഥമികവും അതീവ ദുര്‍ഘടവുമായ കടമ്പകടക്കാന്‍ പോബ്‌സിനേയും സര്‍ക്കാരിനേയും അകമഴിഞ്ഞ് സഹായിച്ചതും വനം വകുപ്പിനോടൊപ്പം നിന്ന് നെടുനായകത്ത്വം വഹിച്ചതും ഈ പരിസ്ഥിതി സെലിബ്രറ്റികളാണെന്നതാണ് വാസ്തവം. എന്നുമാത്രമല്ല, കരുണാ എസ്റ്റേറ്റിനെ സംബന്ധിച്ച പോബ്‌സിന്റെ ഉടമസ്ഥാവകാശ രേഖകളത്രയും കറയറ്റതും പരിപൂര്‍ണ്ണ നിയമസാധുതയുളളതുമാണെന്ന പ്രചരണ ദൗത്യവും ഇവര്‍ ഏറ്റെടുത്തു. അല്ലെങ്കില്‍ ആലോചിച്ചു നോക്കൂ, റോഡരുകില്‍ നില്‍ക്കുന്ന ഒരു ഉണക്കമരം കടപുഴകി വീണാല്‍പ്പോലും ഉളളുലയുകയും അലമുറയിടുകയും ചെയ്യുന്നവരാണ് ഇവുടത്തെ പരിസ്ഥിതി സെലിബ്രിറ്റികള്‍. എന്നാല്‍ വേലി തന്നെ വിളവു തിന്നുന്നവിധം സര്‍വ്വഥാ നിക്ഷിപ്ത വനമായ കരുണാ എസ്റ്റേറ്റിനെ നമ്മുടെ ശരാശരി ബുദ്ധിയെപ്പോലും പരിഹസിക്കുന്ന തരത്തിലുളള അസംബന്ധ വ്യാഖ്യാനങ്ങളിലൂടെ ഉന്നത വനം വകുപ്പു മേധാവികള്‍ തന്നെ തങ്ങളുടെ മൂന്നംഗ കമ്മറ്റി റിപ്പോര്‍ട്ടിലൂടെ വനഭൂമിയല്ലെന്ന് വരുത്തിതീര്‍ത്ത് അട്ടിമറിച്ച സന്ദര്‍ഭത്തിലോ, പ്രസ്തുത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 833 ഏക്കര്‍ വനഭൂമി സ്വകാര്യ വ്യക്തിയുടെ പേരിലേക്ക് മാറ്റി നികുതി സ്വീകരിക്കപ്പെട്ട സന്ദര്‍ഭത്തിലോ, ഇവിടുത്തെ പരിസ്ഥിതി സെലിബ്രിറ്റികളില്‍ ആരില്‍നിന്നെങ്കിലും ഒരു നെടുവീര്‍പ്പെങ്കിലും ഉയര്‍ന്നിരുന്നുവോ? സ്ഥിരം തട്ടകമായ ചാനല്‍ ചര്‍ച്ച വേദിയിലൂടെയോ, ഫേസ്ബുക്കിലൂടെയോ, അതുമല്ലങ്കില്‍ പത്ര പ്രസ്താവനയിലൂടെയോ വനം വകുപ്പിന്റെ സമാനതകളില്ലാത്ത അട്ടിമറിക്കെതിരെ അന്ന് ഒരു വിമര്‍ശനമെങ്കിലും ഇവര്‍ ഉന്നയിച്ചിരുന്നുവോ?

4

ഫോറസ്റ്റ് ട്രിബൂണല്‍ മുതല്‍ പരമോന്നത കോടതിയായ സുപ്രീംകോടതിവരെയുളള വിധികളുടെ അടിസ്ഥാനത്തിലാണ് കരുണാ എസ്റ്റേറ്റ് വനഭൂമിയല്ലെന്ന് തങ്ങള്‍ സ്ഥിതീകരിച്ചതെന്നാണ് മൂന്നംഗ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വനം മേധാവികള്‍ സമര്‍ത്ഥിക്കുന്ന ഒരുന്യായം. മറ്റൊന്ന് 1979 ലെ സെയില്‍ ഡീഡിന് നിയമസാധുതയില്ലെന്ന് കോടതികളൊന്നും പറഞ്ഞിട്ടില്ലെന്നും. ഇതുതന്നെയാണ് ഈ മൂന്നംഗ കമ്മറ്റി റിപ്പോര്‍ട്ടിനെ പിന്തുണക്കുന്നതിന് ഹൈക്കോടതി അഭിഭാഷകനും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായ അഡ്വ. ഹരീഷ് വാസുദേവന്‍ ഈ ലേഖകനുമായുളള ഫേസ്ബുക്ക് സംവാദത്തില്‍(ഹരീഷ് വാസുദേവന്റെ 2015 മാര്‍ച്ച് 3, 2016 മാര്‍ച്ച് 10 ഫേസ്ബുക്ക് പോസ്റ്റുകളും കമന്റുകളും) ഉയര്‍ത്തിപിടിക്കുന്ന ന്യായവും. അതായത് കരുണാ എസ്റ്റേറ്റ് വനഭൂമിയാണെന്നും പോബ്‌സിന്റെ ഉടമസ്ഥാവകാശ രേഖകളെല്ലാം നിയമ സാധുതയില്ലാത്തതാണെന്നും അടിവരയിട്ടു സ്ഥാപിക്കുന്ന 13.7.2011 ലെ ധനേഷ്‌കുമാര്‍ റിപ്പോര്‍ട്ട് അസംബന്ധവും, മറിച്ചുളള വനം മേധാവികളുടെ 15.07.2014 ലെ മൂന്നംഗ കമ്മറ്റി റിപ്പോര്‍ട്ടാണ് ആധികാരിവുമെന്നര്‍ത്ഥം. പരിസ്ഥിതി വിഷയങ്ങളെയും അതുമായി ബന്ധപ്പെട്ട നിയമ കാര്യങ്ങളെയും സംബന്ധിച്ച അവസാനവാക്ക് ഇപ്പോള്‍ ഹരീഷ് വാസുദേവനായതിനാല്‍ പരിസ്ഥിതി സെലിബ്രിറ്റികളും പ്രമുഖ മാധ്യമ പ്രവര്‍ത്തകരുമെല്ലാം അത് തൊണ്ട തൊടാതെ വിഴുങ്ങുകയും ചെയ്തു. ആരും തന്നെ രേഖകള്‍ ശേഖരിക്കാനോ, സ്വന്തം നിലയ്ക്ക് അവ പരിശോധിച്ച് ബോധ്യപ്പെടാനോ മിനക്കെട്ടില്ല. എന്തിനേറെ പറയുന്നു, വനം മേധാവികളുടെ മൂന്നംഗ കമ്മറ്റിയെ സര്‍ക്കാര്‍ നിയോഗിക്കുന്നതിന് തൊട്ടുമുമ്പുവരെ, ധനേഷ്‌കുമാര്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ അവഗണിച്ച് 833 ഏക്കര്‍ നിക്ഷിപ്ത വനം വന്‍കിടസ്വകാര്യ കുത്തകയ്ക്ക് അടിയറവെച്ച നെന്‍മാറ ഡി.എഫ്.ഒ രാജു ഫ്രാന്‍സിസിന്റെയും വനം വകുപ്പിന്റെയും ദുര്‍നടപടികളെ നഖ ശിഖാന്തം വിമര്‍ശിച്ചും പൊട്ടിത്തെറിച്ചും തുടരെ തുടരെ ഫേസ് ബുക്കില്‍ പോസ്റ്റുകളിട്ട ഹരീഷ് വാസുദേവന്റെ പെട്ടെന്നുളള ഈ മലക്കം മറിച്ചലില്‍ പോലും മാധ്യമ-പരിസ്ഥിതി സെലിബ്രിറ്റികളിലാര്‍ക്കും തെല്ലും അസാധാരണത്ത്വമോ അസ്വാഭാവികതയോ തോന്നിയതുമില്ല.

6

തല്‍ക്കാലം അതവിടെ നില്‍ക്കട്ടെ. കരുണാ എസ്റ്റേറ്റ് വനഭൂമിയല്ലെന്ന് ഫോറസ്റ്റ് ട്രൈബൂണല്‍ മുതല്‍ പരമോന്നത കോടതിയായ സുപ്രീംകോടതിവരെ വിധിച്ചിട്ടുണ്ടെന്നും, 1979 ലെ സെയില്‍ ഡീഡിന് നിയമ സാധുതയില്ലെന്ന് കോടതികള്‍ യാതൊന്നും പറിഞ്ഞിട്ടില്ലെന്നുമുളള വനം വകുപ്പിന്റെയും ഹരീഷ് വാസുദേവന്റെയും വാദത്തില്‍ എത്രത്തോള വസ്തുതയുണ്ടെന്നതും കൂടി പരിശോധിക്കേണ്ടിയിരിക്കുന്നു. മേല്‍പ്പറഞ്ഞ രണ്ടു വാദങ്ങളും തികച്ചും വസ്തുതാവിരുദ്ധമാണ്. പോബ്‌സുമായിട്ടുളള വനം വകുപ്പിന്റെ ഒത്തുകളിയും പോബ്‌സിനനുകൂലമായിട്ടുണ്ടായ 1990 ലെ ഹൈക്കോടതി വിധിക്കെതിരെ യഥാസമയം അപ്പീലിന് പോകാതെയും വനം വകുപ്പ് തുടരെ തുടരെ കേസുകള്‍ തോറ്റ് നല്‍കിയ കാരണത്താലാണ് കരുണാ എസ്റ്റേറ്റ് തിരുച്ച് പിടിക്കാന്‍ കഴിയാതെ പോയത് എന്നതാണ് ഇതിലെ ശരിയായ വശം. നിലവില്‍ വിവാദമായ 833 ഏക്കറില്‍ വനഭൂമിയാതൊന്നും ഇല്ലെന്ന് 16-10-1990 ന് ഹൈക്കോടതി വിധിച്ചിട്ടുണ്ടെന്ന കാര്യം ശരിയാണ്. എന്നാല്‍ ഈ വിധിക്കെതിരെ നിശ്ചിത കാലാവധിയായ ഒരു വര്‍ഷത്തിനകം ഹൈക്കോടതിയില്‍ തന്നെ റിവിഷന്‍ പെറ്റീഷനും, അവിടുന്നും അനൂകൂലവിധിയുണ്ടായില്ലെങ്കില്‍ സുപ്രീംകോടതിയില്‍ ടഘജ യുമായി വനംവകുപ്പ് ശരിയാംവിധം അപ്പീല്‍ നല്‍കിയിരുന്നെങ്കില്‍ അനുകൂല വിധി സമ്പാദിച്ച് പോബ്‌സില്‍നിന്നും കരുണാ എസ്റ്റേറ്റ് നിഷ്പ്രയാസം തിരിച്ചു പിടിക്കാന്‍ വനംവകുപ്പിന് കഴിയുമായിരുന്നു. എന്നാല്‍ പോബ്‌സുമായുളള ധാരണയനുസരിച്ച് ഒത്തുകളിച്ച് ഈ വിധിക്കെതിരെ അപ്പീലിന് പോകാതെ 10 കൊല്ലത്തോളം വനം വകുപ്പ് വെച്ചുതാമസിപ്പിച്ചു. പിന്നീട് 10 വര്‍ഷത്തിനുശേഷം 2000 ലാണ് വനം വകുപ്പ് ഹൈക്കോടതിയില്‍ അപ്പീലിന് പോവുന്നത്. അപ്രകാരം കാലം തെറ്റി സമര്‍പ്പിച്ച അപ്പീല്‍ മാറ്റൊന്നും പരിശോധിക്കാതെ ദീര്‍ഘമായ കാലതാമസവും വനം വകുപ്പിന്റെ ഉദാസീനതയും ചൂണ്ടിക്കാട്ടിയാണ് 2005 ല്‍ ഹൈക്കോടതിയും 2009 ല്‍ സുപ്രീം കോടതിയും തളളിയത്. ഇതിനുപരി സുപ്രീംകോടതി വിധിയിലൊരിടത്തും ഈ 833 ഏക്കര്‍ നിക്ഷിപ്ത വനമല്ലെന്ന് പറഞ്ഞിട്ടില്ലെന്നതാണ് വാസ്തവം. ഇക്കാരണത്താല്‍ തന്നെ ധനേഷ് കുമാര്‍ റിപ്പോര്‍ട്ടിന്റെയും റിസര്‍വ്വെ റിക്കാര്‍ഡുകളുടെയും മറ്റും അടിസ്ഥാനത്തില്‍ ശക്തമായ പുതിയ തെളിവുകള്‍ സഹിതം, അപ്രകാരം തെളിവുകള്‍ പരിഗണിച്ച് കാലതാമസം മാപ്പാക്കി അപ്പീല്‍ പരിഗണിക്കണമെന്ന അഭ്യര്‍ത്ഥനയോടെ ഇനിയും സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാനം അനുകൂല വിധി സമ്പാദിക്കാനുമുളള സാഹചര്യം നിലനിലക്കെയാണ്, അവശേഷിക്കുന്ന ആ അവസരവും അട്ടിമറിച്ച് വനം വകുപ്പ് പോബ്‌സിന് അനുകൂലമായി ച.ഛ.ഇ നല്‍കിയത്. അതുപോലെ 1979 ലെ സെയില്‍ ഡീഡിന് നിയമ സാധുതയില്ലെന്ന് ഒരു കോടതിയും പറഞ്ഞിട്ടില്ലെന്നതും ഒരര്‍ത്ഥത്തില്‍ ശരിയാണ്. എന്നാല്‍ നിയമ സാധുതയുണ്ടെന്നും ഒരു കോടതിയും തീര്‍പ്പ് കല്‍പ്പിച്ചിട്ടില്ല. ഇതില്‍ പോബ്‌സിന് അനുകൂലമായ ഭാഗിക സത്യമേതോ അതാണ് വനം വകുപ്പും ഹരീഷ് വാസുദേവനും ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്.

3

അപ്പോള്‍, പോബ്‌സിന് അനുകൂലമായിട്ടുളള റവന്യു വകുപ്പിന്റെ ഒടുവിലത്തെ വിവാദ നടപടിക്കെതിരെ കടുത്ത എതിര്‍പ്പുമായി ഹരീഷ് വാസുദേവന്‍ രംഗത്തു വന്നിരിക്കുന്നത് ഒരു പക്ഷേ ചൂണ്ടിക്കാട്ടിയേക്കാം. സത്യത്തില്‍ ഈ ലേഖകനെ അമ്പരിപ്പിച്ചതും ഇതുതന്നെയാണ്. പോബ്‌സിന്റെ അവകാശ രേഖകളെല്ലാം പരിപൂര്‍ണ്ണ നിയമസാധുതയുളളതാണന്ന് ആവര്‍ത്തിച്ച് സമര്‍ത്ഥിച്ചു വരുന്ന സാഹചര്യത്തില്‍ റവന്യൂ വകുപ്പിന്റെ നടപടി തെറ്റാണെന്ന് എങ്ങിനെയാണ് അതേ വ്യക്തിതന്നെ പറയുക? അതും ഒരു ഹൈക്കോടതി അഭിഭാഷകന്‍! തന്നെയുമല്ല കരുണാ എസ്റ്റേറ്റിന് പോബ്‌സിന്റെ പേരില്‍ നികുതി സ്വീകരിക്കാന്‍ ആദ്യം അനുമതി നല്‍കിയത് റവന്യൂ വകുപ്പല്ല, വനം വകുപ്പാണ്. അന്ന് അതിനെതിരെ ഒരക്ഷരം പ്രതികരിക്കാതിരുന്ന വ്യക്തി, സമാനമായ റവന്യൂ വകുപ്പിന്റെ നടപടിക്കെതിരെ ഇതുമാത്രം അനിയന്ത്രിതമായ ആത്മരോഷം പ്രകടിപ്പിക്കുന്നതിലെ ഉദ്ദേശ ശുദ്ധിയും സംശയിക്കേണ്ടതുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍, സാധാരണ ഗതിയില്‍ ഭരണ പ്രതിപക്ഷ ഭേദമന്യേ രാഷ്ട്രീയ നേത്യത്ത്വങ്ങളും ഇതര സര്‍ക്കാര്‍ സംവിധാനങ്ങളുമാണ് വനഭൂമിയെ വനഭൂമിയല്ലാതാക്കിതീര്‍ത്ത് വന്‍കിടക്കാര്‍ക്ക് മുന്‍കൂട്ടികൊടുക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കാറുളളത്. വനംവകുപ്പും പരിസ്ഥിതി പ്രവര്‍ത്തകരും ഇതിനെ എതിരിട്ടുകൊണ്ടുമിരിക്കും. എന്നാല്‍ ഇവിടെ നേരെ മറിച്ചാണ് സംഭവിച്ചിരിക്കുന്നത്. നെന്‍മാറ മുന്‍ ഡി.എഫ്.ഒ പി.ധനേഷ് കുമാറിന്റെ റിപ്പോര്‍ട്ട് ഉയര്‍ത്തിപ്പിടിച്ച് കരുണാ എസ്റ്റേറ്റ് കറകളഞ്ഞ നിക്ഷിപ്ത വനമാണെന്നും, അത് അന്യായമായ മാര്‍ഗ്ഗത്തിലൂടെ പോബ്‌സിന്റെ സ്വകാര്യ സ്വത്താക്കിമാറ്റാന്‍ അനുമതി നല്‍കിയ ധനേഷ് കുമാറിന്റെ പിന്‍ഗാമി രാജു ഫ്രാന്‍സിസിന്റെ നടപടി വന സംരക്ഷണ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും എ.കെ. ബാലന്‍, ടി.എന്‍ പ്രതാപന്‍ തുടങ്ങി ഭരണ പ്രതിപക്ഷ കക്ഷികളിലെ എം.എല്‍.എമാര്‍ ശക്തിയുക്തം സമര്‍ത്ഥിച്ചപ്പോള്‍, പരസ്പര വിരുദ്ധവും വസ്തുതാവിരുദ്ധവും സര്‍വോപരി ഓരോ വരികളിലും അഴിമതിയുടെ മുദ്രകള്‍ തെളിഞ്ഞു കാണാവുന്നതുമായ തങ്ങളുടെ മൂന്നംഗ കമ്മറ്റി റിപ്പോര്‍ട്ടിലൂടെ ഇത് വനഭൂമിയല്ലെന്ന് സ്ഥാപിക്കാനുളള വ്യഗ്രതയാണ് കാട് കാക്കാന്‍ ചുമതലപ്പെട്ട വനം വകുപ്പു മേധാവികളുടെ ഭാഗത്തു നിന്നുണ്ടായത്. അതിനെ ഇവുടത്തെ പരിസ്ഥിതി സെലിബ്രിറ്റികള്‍ കൈയ്യടിച്ച് പാസാക്കുകയും ചെയ്തു. ലോകത്തൊരിടത്തും കാണാന്‍ കഴിയാത്ത അസാധാരണമായ വിരോധാഭാസം! ഒരുവശത്ത് വനം സംരക്ഷിക്കാന്‍ ഇറങ്ങിയ രാഷ്ട്രീയ പ്രതിനിധികളും മറുവശത്ത് വനത്തെ സംഹരിക്കാനിറങ്ങിയ വനംപരിസ്ഥിതി ആക്ടിവിസ്റ്റുകളും! എന്തുതന്നെയായാലും പര്യവസാനത്തില്‍ മാത്രം ഇവിടെയും യാതൊരു മാറ്റവുമുണ്ടായില്ല. വനം സംഹരിക്കാനിറങ്ങിവര്‍ക്കുതന്നെയായി അന്തിമ വിജയം!

(പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനാണ് ലേഖകന്‍)

© 2024 Live Kerala News. All Rights Reserved.