വേനല്‍കടുത്തു; ചിക്കന്‍പോക്‌സിന്റെ കാലം

വേനല്‍ക്കാലമായാല്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ പേടിക്കുന്ന അസുഖമാണ് ചിക്കന്‍പോക്‌സ്.വസൂരിയും ചിക്കന്‍പോക്‌സും ഒന്നാണെന്ന് ധരിക്കുന്നവര്‍പോലുമുണ്ട് നമ്മുടെ ലോകത്ത്. വായുവിലൂടെ പകരുന്ന വെരിസെല്ലാസോസ്റ്റര്‍ എന്ന വൈറസാണ് ചിക്കന്‍പോക്‌സിന്റെ രോഗകാരണം. വസൂരിയ്ക്ക് കാരണമാകുന്നത് വേരിയോള എന്ന വൈറസാണ്. വസൂരിയുടെ കുരുക്കള്‍ പല അറകളുള്ളതാണ്. ചിക്കന്‍പോക്‌സിന്റെ കുരുക്കള്‍ക്ക് ഒറ്റ അറ മാത്രമേ ഉണ്ടാകു. തീര്‍ത്തും തൊലിപ്പുറമേ ഉണ്ടാകുന്ന അസുഖമായ ചിക്കന്‍പോക്‌സിന്റെ അണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ 10 മുതല്‍ 21 ദിവസം വരെ വേണ്ടിവരും രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍. തലവേദന, പനി, തുമ്മല്‍, ക്ഷീണം എന്നിവയാണ് പ്രാരംഭത്തിലെ ലക്ഷണങ്ങള്‍. രണ്ടു മൂന്നുദിവസം കഴിഞ്ഞാല്‍ ശരീരത്തില്‍ കുരുക്കള്‍ പ്രത്യക്ഷപ്പെടുക. കുരുക്കള്‍ വരും മുമ്പ് പനിയും തുമ്മലും തലവേദനയും തുടങ്ങുന്ന സമയത്താണ് രോഗാണുവാഹകര്‍ മറ്റുള്ളവര്‍ക്ക് പകരുക. കുരുക്കള്‍ ഉണ്ടാകുന്നതു നിലച്ചാല്‍ പിന്നെ രോഗം പകരുകയില്ല. ചിക്കന്‍ പോക്‌സാണെന്നറിയാതെ ,പനിയും തലവേദനയുമായി യാത്ര ചെയ്യുമ്പോഴാണ് മറ്റുള്ളവര്‍ക്ക് രോഗപകര്‍ച്ചയുണ്ടാവുക. ഒന്നോ രണ്ടോ കുരുക്കള്‍ കാണുമ്പോഴേ ചിക്കന്‍പോക്‌സാണെന്നു തിരിച്ചറിയാം. അപ്പോള്‍ തന്നെ ആന്റിവൈറല്‍ മരുന്നായ അസൈക്ലോവിര്‍ കഴിച്ചുതുടങ്ങിയാല്‍ കൂടുതല്‍ കുരുക്കള്‍ പ്രത്യക്ഷപ്പെടുന്നത് ഒഴിവാക്കാനും രോഗപകര്‍ച്ച തടയാനും കഴിയും.

ആധുനിക വൈദ്യശാസ്ത്രത്തില്‍ ചിക്കന്‍പോക്‌സിനു ഫലപ്രദമായ ചികിത്സയുണ്ട്. പ്രതിരോധ കുത്തിവയ്പുമുണ്ട്. വാക്‌സിന് ആയിരം രൂപയില്‍ കൂടുതല്‍ ചിലവു വരും. 12 വയസിനു താഴെ ഒരു ഡോസ് വാക്‌സിന്‍ എടുത്താല്‍ മതി. 12 വയസിനു മേല്‍ ഒരു മാസം ഇടവിട്ടു രണ്ടു ഡോസ് വാക്‌സിന്‍ കുത്തിവയ്ക്കണം. ഗര്‍ഭിണികള്‍ക്കും വൃദ്ധര്‍ക്കുമൊക്കെ ചിക്കന്‍പോക്‌സ് വളരെ മാരകമാണ്. തലച്ചോര്‍, വൃക്കകള്‍, കരള്‍, ശ്വാസകോശങ്ങള്‍ എന്നിവയിലൊക്കെ ഈ വൈറസ് ബാധിച്ചാല്‍ മരണം വരെ സംഭവിക്കാം. ചിക്കന്‍പോക്‌സ് തുടക്കത്തില്‍ തന്നെ ചികിത്സിക്കണം.ചികിത്സിച്ചാല്‍ കുരുക്കള്‍ ഉള്‍വലിയുമെന്ന ധാരണ തെറ്റാണ്. ചികിത്സിച്ചില്ലെങ്കില്‍ പിന്നീട് ഹെര്‍പ്പിസ് സോസ്റ്റര്‍ എന്ന രോഗമായി മാറാം. ഇത് കേള്‍വിയേയും കാഴ്ചയേയും ബാധിക്കാം.

© 2024 Live Kerala News. All Rights Reserved.