യുഡിഎഫില്‍ സീറ്റ് വിഭജനത്തെച്ചൊല്ലി രൂക്ഷ തര്‍ക്കം; ആര്‍എസ്പിയുമായി ഇന്ന് ചര്‍ച്ച നടത്തും

തിരുവനന്തപുരം: യുഡിഎഫില്‍ സീറ്റ് വിഭജനചര്‍ച്ച രണ്ടാംഘട്ടത്തിലേക്കു കടന്നതോടെ രൂക്ഷ തര്‍ക്കം. ഇന്ന് ആര്‍എസ്പിയുമായി ചര്‍ച്ച നടത്തും. ചെറുകക്ഷികളോടു വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിക്കുകയെന്ന സൂചനയാണ് ഇന്നലെ നടന്ന ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് നല്‍കിയത്. സിഎംപി മാത്രമാണ് ചര്‍ച്ചയില്‍ തൃപ്തി പ്രകടിപ്പിച്ചത്. അങ്കമാലി നഷ്ടപ്പെടുമെന്നായതോടെ കേരള കോണ്‍ഗ്രസ് (ജേക്കബ്) കടുത്ത നീരസത്തിലാണ്.

കേരള കോണ്‍ഗ്രസ്(എം), ജെഡിയു എന്നീ കക്ഷികളുമായും ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് നീതികാട്ടുന്നില്ലെന്ന പരാതിയാണ് ജേക്കബ് വിഭാഗത്തിനുള്ളത്. പിറവം സീറ്റിനെക്കുറിച്ചല്ലാതെ മറ്റൊന്നിനെ സംബന്ധിച്ചും ചര്‍ച്ചചെയ്യാന്‍പോലും കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറായില്ല. ഇവരുമായി ഇന്ന് വീണ്ടും കോണ്‍ഗ്രസ് ചര്‍ച്ച നടത്തും. പാര്‍ട്ടിക്ക് അവകാശപ്പെട്ട അങ്കമാലി സീറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് മന്ത്രി അനൂപ് ജേക്കബും കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ചിരുന്നു.സിഎംപിക്കു കഴിഞ്ഞതവണ മത്സരിച്ച കുന്നംകുളം സീറ്റ് ഇക്കുറിയും നല്‍കാമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. കോഴിക്കോട് ജില്ലയിലെ എലത്തൂര്‍, ബേപ്പൂര്‍ സീറ്റുകളില്‍ ഒന്നുകൂടി വിട്ടുതരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 14 ന് തീരുമാനം അറിയിക്കാമെന്നു കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. മാണി ഗ്രൂപ്പുമായുള്ള ചര്‍ച്ചകള്‍ പൂഞ്ഞാര്‍, കുട്ടനാട് സീറ്റുകളില്‍ തട്ടിനില്‍ക്കുന്നു. ഈ സീറ്റുകളുടെ കാര്യത്തില്‍ ചര്‍ച്ചയ്ക്കുപോലും തയാറല്ലെന്ന നിലപാടാണ് ഉഭയകക്ഷിചര്‍ച്ചയില്‍ കെഎം. മാണിയും നേതാക്കളും സ്വീകരിച്ചത്. പതിനെട്ട് സീറ്റെന്ന അവകാശവാദത്തില്‍ അവര്‍ ഉറച്ചുനിന്നു. എന്നാല്‍ കഴിഞ്ഞ തവണ മത്സരിച്ച 15 സീറ്റുകള്‍ എന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. ചില കക്ഷികള്‍ മുന്നണിവിട്ടുപോയതിനെത്തുടര്‍ന്ന് ഒഴിവുവന്ന സീറ്റുകള്‍ക്ക് ആനുപാതികമായ വിഹിതം തങ്ങള്‍ക്കും ലഭിക്കണമെന്ന വാദമാണ് മാണി ഗ്രൂപ്പ് യോഗത്തില്‍ ഉയര്‍ത്തിയത്.

© 2024 Live Kerala News. All Rights Reserved.