യമുനയുടെ തീരത്ത് ശ്രീ ശ്രീ രവിശങ്കര്‍ നടത്തുന്ന ആര്‍ട്ട് ഓഫ് ലിവിംഗ് പരിപാടി പരിസ്ഥിതി നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ട്; ഹരിത ട്രിബ്യൂണലിന്റെ രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി: യമുനയുടെ തീരത്ത് ശ്രീ ശ്രീ രവിശങ്കര്‍ നടത്തുന്ന ആര്‍ട്ട് ഓഫ് ലിവിംഗ് പരിപാടി പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടാണെന്ന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിമര്‍ശനം. യമുനയുടെ തീരം ആരെങ്കിലും രൂപമാറ്റം വരുത്തുന്നുണ്ടെങ്കില്‍ അതിന് മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ലേയെന്ന് കോടതി ചോദിച്ചു. നദിക്ക് കുറുകെ പാലം നിര്‍മിച്ചു നല്‍കിയ സൈന്യത്തിന്റെ നടപടിയെയും പരിപാടിക്ക് അനുമതി നല്‍കിയ ഡല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റിയുടെ തീരുമാനത്തെയും ട്രിബ്യൂണല്‍ ചോദ്യം ചെയ്തു. ശ്രീ ശ്രീ രവിശങ്കറിന്റെ സാംസ്‌കാരിക സമ്മേളനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. പരിപാടിക്ക് എന്ത് കൊണ്ട് പാരിസ്ഥിതികാനുമതി വേണ്ടെന്നത് സംബന്ധിച്ച് കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി പറഞ്ഞു. നദീസംരക്ഷണമാണ് മന്ത്രാലയത്തിന്റെ പ്രധാന ഉത്തരവാദിത്തമെന്നും കോടതി പറഞ്ഞു.

ആര്‍ട് ഓഫ് ലിവിംഗിന്റെ 35ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആയിരത്തോളം ഏക്കറിലായി യമുനയുടെ തീരത്ത് മാര്‍ച്ച് 11 മുതല്‍ 13വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന രീതിയില്‍ ബുള്‍ഡോസറും മറ്റു യന്ത്രങ്ങളും ഉപയോഗിച്ച് നദീതടം നിരപ്പാക്കിയാണ് വേദി ഒരുക്കിയത്. സ്ഥലത്തെ കൃഷി നശിപ്പിക്കുകയും മരങ്ങള്‍ മുറിച്ചു മാറ്റുകയും ചെയ്തിരുന്നു. വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. യമുനാ തീരം നശിപ്പിച്ച് വേദിയൊരുക്കിയതിന് ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷനില്‍ നിന്നും 120 കോടി രൂപ പിഴ ഈടാക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ നിയമിച്ച വിദഗ്ദ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകനും യമുന ജിയെ അഭിയാന്‍ നേതാവുമായ മനോജ് മിശ്ര നല്‍കിയ പരാതിയിന്മേലാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുന്നത.്

© 2024 Live Kerala News. All Rights Reserved.