വിദേശത്ത് നിന്ന വരുന്നവര്‍ക്ക് കാലയളവ് അനുസരിച്ച് അഞ്ച് ലക്ഷം രൂപയുടെ സാധനങ്ങള്‍ ഇനിമുതല്‍ ഡ്യൂട്ടി അടയ്ക്കാതെ കൊണ്ടുപോകാം; പ്രവാസികള്‍ക്ക് ആശ്വാസകരമായ ബാഗേജ് നിയമം പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച പുതുക്കിയ ബാഗേജ് നിയമം പ്രാബല്യത്തില്‍. ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി. മൂന്നു മാസം മുതല്‍ ആറുമാസം വരെ വിദേശത്തു തങ്ങിയശേഷം വരുന്നവര്‍ക്ക് 60000 രൂപയുടെ വരെ വിലവരുന്ന ഉപയോഗിച്ച സാധനങ്ങള്‍ ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാം. ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ തങ്ങിയവര്‍ക്ക് ഒരു ലക്ഷം രൂപ വരെയുള്ള ഉപയോഗിച്ച സാധനങ്ങള്‍ കൊണ്ടുവരാം. ഒരു വര്‍ഷത്തിനും രണ്ടു വര്‍ഷത്തിനും ഇടയില്‍ തങ്ങിയവര്‍ക്ക് രണ്ടുലക്ഷം രൂപയുടെ സാധനങ്ങളും രണ്ടുവര്‍ഷത്തിനു മേല്‍ തങ്ങിയവര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെയുള്ള ഉപയോഗിച്ച സാധനങ്ങളും കൊണ്ടുവരാം. അവസാനത്തെ വിഭാഗത്തില്‍ പെട്ടവര്‍ തൊട്ടുമുമ്പുള്ള രണ്ടു വര്‍ഷങ്ങളില്‍ ആറുമാസത്തില്‍ കൂടുതല്‍ നാട്ടില്‍ തങ്ങിയവരാകരുത്. ആഭരണങ്ങള്‍ കൊണ്ടുവരുന്നതിനുള്ള പരിധി വനിതകള്‍ക്ക് നാല്‍പത് ഗ്രാം അല്ലെങ്കില്‍ ഒരുലക്ഷം രൂപ വരെ വിലപിടിപ്പുള്ളത്, പുരുഷന്‍മാര്‍ക്ക് 20 ഗ്രാം അല്ലെങ്കില്‍ അരലക്ഷം രൂപ വരെ വിലയുള്ളത് എന്നാണു പുതിയ ചട്ടത്തില്‍. നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു മടങ്ങുന്നവര്‍ക്ക് 50000 രൂപ വരെയുള്ള സാധനങ്ങള്‍കൊണ്ടുവരാം. വിദേശത്തു താമസം കഴിഞ്ഞു വരുമ്പോള്‍ ഉപയോഗിച്ചവ എന്ന നിലയില്‍ കൊണ്ടുവരാുന്ന 13 സാധനങ്ങളുടെയും ഉപകരണങ്ങളുടെയും പട്ടികയും വിജ്!ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്. വിദേശയാത്ര കഴിഞ്ഞു വരുന്ന എല്ലാ യാത്രക്കാരും ബാഗേജ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിച്ചു നല്‍കണം എന്ന വ്യവസ്ഥയും ഒഴിവാക്കി. ഡിക്ലയര്‍ ചെയ്യേണ്ട സാധനങ്ങള്‍ ഒന്നും കൊണ്ടുവരാത്തവര്‍ ഇനി ഫോം പൂരിപ്പിച്ചു നല്‍കേണ്ട. സര്‍ക്കാര്‍ തീരുമാനം പ്രവാസികള്‍ക്ക് ഏറെ പ്രയോജനപ്രദമാകും.

© 2024 Live Kerala News. All Rights Reserved.