മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കിയ അച്ഛനെ ചോദ്യം ചെയ്തതിന് മകനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നു; പൊലീസെത്തി വീടിന്റെ വാതില്‍ ചവിട്ടി തുറന്നു

തിരുവനന്തപുരം: മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കിയ അച്ഛനെ ചോദ്യം ചെയ്തതിന് മകനെ അച്ഛന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നു. ബാലരാമപുരം പള്ളിച്ചല്‍ സ്വദേശി രാജേഷ് കുമാറാണ് മരിച്ചത്. രാജേഷിന്റെ അച്ഛന്‍ ഭുവനചന്ദ്രന്‍ നായരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ 23നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കിയതിനെ ചൊല്ലി രാജേഷും ഭുവനചന്ദ്രന്‍ നായരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. ഉന്തുംതള്ളിലേക്കും വരെ നീണ്ട തര്‍ക്കത്തിനൊടുവില്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവാന്‍ വരെ രാജേഷ് ഭുവനചന്ദ്രനോട് ആവശ്യപ്പെട്ടു. വീട്ടില്‍ നിന്നിറങ്ങിപ്പോയ ഇയാള്‍ പാപ്പനംകോട്ടെ ബന്ധുവീടിന് സമീപം ഷെഡില്‍ കിടന്നുറങ്ങി. പിന്നീട് പള്ളിച്ചലിലെ പെട്രോള്‍ പമ്പില്‍ നിന്ന് പെട്രോള്‍ വാങ്ങി വീട്ടിലെത്തി വീടിന് പുറകിലിരുന്നു മദ്യപിച്ച ശേഷം ഇയാള്‍ രാജേഷ് കിടന്നുറങ്ങിയിരുന്ന കട്ടിലില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. മുറി പൂട്ടി അകത്തുകിടക്കുകയായിരുന്നു രാജേഷ്. മുറിയുടെ ഒരു ജനല്‍പാളി തുറന്നു കിടന്നിരുന്നു. ഇതിലൂടെയാണ് പെട്രോള്‍ ഒഴിച്ചുകത്തിച്ചത്. രാജേഷിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി വാതില്‍ചവിട്ടിപ്പൊളിച്ച് രാജേഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.

രാജേഷിന്റെ സുഹൃത്തുക്കള്‍ക്ക് വീടിന് പരിസരത്ത് നിന്ന ്‌പെട്രോള്‍ കുപ്പി കിടക്കുന്നത് ശ്രദ്ധിച്ചത്. ഇക്കാര്യം പൊലീസില്‍ അറിയിക്കുകയും ചെയ്തു. പിന്നീട് ഈ കുപ്പി ഇവിടെ നിന്ന് ഭുവനചന്ദ്രന്‍ മാറ്റി. ഇതേ തുടര്‍ന്ന് സംശയം തോന്നിയ പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതില്‍ നിന്നാണ് സംഭവങ്ങള്‍ പുറത്ത് വന്നത്.

© 2024 Live Kerala News. All Rights Reserved.