തിരുവനന്തപുരം: സീറ്റ് വിഭജനം യുഡിഎഫിന് കീറാമുട്ടിയായ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന് കൂടുതല്‍ സീറ്റ് കൊടുക്കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനം.
യുഡിഎഫില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ നല്‍കണമെന്ന കെഎം മാണിയുടെ ആവശ്യം കോണ്ഗ്രസ് തള്ളിയതോടെ പുതിയ തന്ത്രങ്ങള്‍ മെനയുകയാണ് മാണിയും സംഘവും. കോണ്‍ഗ്രസിനുള്ളില്‍ സീറ്റ് വിഭജനം സംബന്ധിച്ച് ഭിന്നത രൂക്ഷമായി കൊണ്ടിരിക്കെയാണ് കോണ്‍ഗ്രസില്‍ നിന്നും ഇത്തരത്തില്‍ തീരുമാനം ഉണ്ടാകുന്നത്. എന്നാല്‍ മാണി സീറ്റ് നല്‍കുന്നത് സംബന്ധിച്ച് കടുത്ത നിലപാടിലേക്ക് പോയാല്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്നും അന്തിമ തീരുമാനമെടുക്കേണ്ടി വരും. നാളെ ചേരുന്ന യുഡിഎഫ് യോഗത്തില്‍ മാണി ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. അതേസമയം, സീറ്റു കൊണ്ടുമാത്രം പ്രശ്‌നങ്ങള്‍ തീരില്ലെന്നും സംഘടനാപ്രശ്‌നങ്ങള്‍ കൂടി പരിഹരിക്കണമെന്നുമുള്ള വാദം ജോസഫ് വിഭാഗം ഉയര്‍ത്തിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞതവണ 15 സീറ്റിലാണു കേരള കോണ്‍ഗ്രസ്(എം) മത്സരിച്ചത്. അതില്‍ കൂടുതല്‍ ഒരു സീറ്റ് പോലും കൊടുക്കേണ്ടതില്ലെന്നാണ് തീരുമാനം.