മികച്ച നടന്‍ മമ്മൂട്ടിയോ പൃഥ്വിയോ? നടി പാര്‍വതിയോ അമലപോളോ മഞ്ജു വാര്യരോ? സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: മമ്മൂട്ടിയും പൃഥിരാജുമാണ് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മത്സരിക്കുന്നത്. മികച്ച നടിയാകാന്‍ പാര്‍വതി, അമലപോള്‍, മഞ്ജു വാര്യര്‍ എന്നിവര്‍ മത്സരിക്കുന്നു. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രമാണ് മത്സര രംഗത്ത് മുന്നില്‍ നില്‍ക്കുന്നത്. മികച്ച നടന്‍, സംവിധായകന്‍, നടി തുടങ്ങിയ പ്രധാന കാറ്റഗറികളിലെല്ലാം മൊയ്തീന്‍ അവാര്‍ഡ് പ്രതീക്ഷിക്കുന്നു.
പത്തേമാരിയിലെ മികച്ച പ്രകടനവുമായി പൃഥ്വിയോട് മത്സരിക്കാന്‍ മമ്മുട്ടിയും. കുമ്പസാരം, സു സു സുധി വാത്മീകം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ജയസൂര്യയെയും വലിയ ചിറകുള്ള പക്ഷികള്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് കുഞ്ചാക്കോ ബോബനെയും മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കുന്നുണ്ട്. കാഞ്ചനമാലയെ തിരശീലയില്‍ അനശ്വരമാക്കിയ പാര്‍വതിയാണ് മികച്ച നടിമാരുടെ പട്ടികയില്‍ മുന്നിലുള്ളത്. ചാര്‍ലിയിലെ അഭിനയവും പാര്‍വതിയുടെ സാധ്യത വര്‍ധിപ്പിക്കുന്നു. മിലിയിലെ പ്രകടനത്തിന് അമലപോളും റാണി പദ്മിനിയിലെ പ്രകടനത്തിന് മഞ്ജു വാര്യരും പട്ടികയിലുണ്ട്. മൊയ്തീന്‍, പത്തേമാരി, വലിയ ചികുള്ള പക്ഷികള്‍, മിലി, ചാര്‍ലി, നിര്‍ണ്ണായകം എന്നീ ചിത്രങ്ങളാണ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിനായി മത്സരിക്കുന്നത്. ആര്‍.എസ് വിമല്‍, സലീം അഹമ്മദ്, അന്തരിച്ച രാജേഷ് പിള്ള, ഡോ. ബിജു എന്നിവര്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിനായി മത്സരിക്കുന്നു.

© 2025 Live Kerala News. All Rights Reserved.