കണ്ണൂര്‍ വിമാനത്താവളത്തില്‍ നാളെ വിമാനമിറങ്ങും; വ്യോമസേനയുടെ കോഡ് 2 ബി വിമാനമുപയോഗിച്ചാണ് പരീക്ഷണപ്പറക്കല്‍

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നാളെ വിമാനമിറങ്ങും. ബംഗളൂരുവില്‍ നിന്നെത്തുന്ന വ്യോമസേനയുടെ കോഡ് 2 ബി വിമാനമുപയോഗിച്ചാണ് പരീക്ഷണപ്പറക്കല്‍.രാവിലെ 9.10 ന് റണ്‍വേയില്‍ വിമാനം പറന്നിറങ്ങും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരീക്ഷണപ്പറക്കല്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.ബാബു അധ്യക്ഷത വഹിക്കും. റണ്‍വേയില്‍ പ്രത്യേകം അടയാളപ്പെടുത്തിയ 1500 മീറ്ററാണ് പരീക്ഷണപ്പറക്കലിന് ഉപയോഗിക്കുന്നത്. ചടങ്ങിനോടനുബന്ധിച്ച് കെഎസ്ആര്‍ടിസി പദ്ധതി പ്രദേശത്തേക്ക് പ്രത്യേക സര്‍വീസുകള്‍ നടത്തും. 500ലധികം പൊലീസുകാരെ സ്ഥലത്ത് സുരക്ഷയ്ക്കായി നിയോഗിക്കും. ആദ്യ വിമാനമിറക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ പൊതുജനങ്ങള്‍ക്ക് ഒരു നിയന്ത്രണവുമേര്‍പ്പെടുത്തിയിട്ടില്ലെന്ന് കിയാല്‍ എംഡിജി ചന്ദ്രമൗലി പറഞ്ഞു.