ഉഡാന്‍ പദ്ധതിയില്‍ കണ്ണൂരും, വിമാനത്താവളം തുറക്കുന്ന ദിവസം മുതല്‍ സേവനം ലഭ്യം

സാധാരണക്കാര്‍ക്ക് ചിലവു കുറഞ്ഞ വിമാന യാത്ര ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഉഡാന്‍ പദ്ധതിയില്‍ കേരളത്തേയും ഉള്‍പ്പെടുത്തിയതോടെ കണ്ണൂരില്‍ നിന്നും തിരുവനന്തപുരവും കൊച്ചിയും അടക്കം എട്ടു നഗരങ്ങളിലേക്ക് ചിലവു കുറഞ്ഞ വിമാന യാത്ര സാധ്യമാകും.വിമാനത്താവളം തുറക്കുന്ന ദിവസംതന്നെ ഈ സര്‍വീസുകളും തുടങ്ങും.

ചെലവുകുറഞ്ഞ വിമാന സര്‍വീസുകള്‍ക്കായുള്ള ഉഡാന്‍ പദ്ധതിയില്‍ കേരളത്തില്‍നിന്ന് കണ്ണൂരിനെ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കണ്ണൂരില്‍നിന്ന് ഡല്‍ഹിക്കടുത്തുള്ള ഹിന്റെന്‍, ബെംഗളൂരു, ചെന്നൈ, ഗോവ, ഹുബ്ബള്ളി, മുംബൈ, കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളിലേക്കാണ് സര്‍വീസ്. ഉഡാന്‍ പദ്ധതിയുടെ രണ്ടാംഘട്ടത്തിലാണ് കണ്ണൂരിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കണ്ണൂരില്‍നിന്ന് ബെംഗളൂരു, ചെന്നൈ നഗരങ്ങളിലേക്ക് സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ എന്നീ വിമാനക്കമ്പനികളാണ് താത്പര്യം കാട്ടിയിരിക്കുന്നത്. മുംബൈ, ഹിന്റെന്‍, ഹുബ്ബള്ളി, ഗോവ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഇന്‍ഡിഗോയും ബെംഗളൂരു, ചെന്നൈ നഗരങ്ങളിലേക്ക് സ്‌പൈസ് ജെറ്റ് ആഴ്ചയില്‍ 14 സര്‍വീസും ഇന്‍ഡിഗോ ആഴ്ചയില്‍ ഏഴു സര്‍വീസും നടത്തും. ബാക്കി ആറു നഗരങ്ങളിലേക്ക് ഇന്‍ഡിഗോ ആഴ്ചയില്‍ ഏഴുവീതം സര്‍വീസാണ് നടത്തുക.

കണ്ണൂരില്‍നിന്നുള്ള വിമാനസര്‍വീസുകളുടെ വിശദാംശങ്ങള്‍

ബെംഗളൂരു സ്‌പൈസ് ജെറ്റ് (78 സീറ്റുകള്‍ ഉഡാന്‍പദ്ധതിക്ക് 39 സീറ്റുകള്‍) പരമാവധി നിരക്ക് 1810 രൂപ.

ബെംഗളൂരു ഇന്‍ഡിഗോ (74 സീറ്റുകള്‍, ഉഡാന്‍ പദ്ധതിക്ക് 37 സീറ്റുകള്‍) പരമാവധി നിരക്ക് 1699 രൂപ.

ചെന്നൈ സ്‌പൈസ് ജെറ്റ് (78 സീറ്റുകള്‍, ഉഡാന്‍ 39) പരമാവധി നിരക്ക് 2660 രൂപ

ചെന്നൈ ഇന്‍ഡിഗോ (74 സീറ്റുകള്‍, ഉഡാന്‍ 37) പരമാവധി നിരക്ക് 2499 രൂപ.

കൊച്ചി (74 സീറ്റുകള്‍, ഉഡാന്‍ 37) പരമാവധി നിരക്ക് 1,399 രൂപ.

ഗോവ (74 സീറ്റുകള്‍, ഉഡാന്‍ 37) പരമാവധി നിരക്ക് 2,099 രൂപ.

ഹിന്‍ഡന്‍ (180 സീറ്റുകള്‍, ഉഡാന്‍ 40) പരമാവധി നിരക്ക് 3199 രൂപ.

ഹുബ്ബള്ളി (74 സീറ്റുകള്‍, ഉഡാന്‍ 37) പരമാവധി നിരക്ക് 1,999 രൂപ.

മുംബൈ (180 സീറ്റുകള്‍, ഉഡാന്‍ 40) പരമാവധി നിരക്ക് 3199 രൂപ.

തിരുവനന്തപുരം (74 സീറ്റുകള്‍, ഉഡാന്‍ 37) പരമാവധി നിരക്ക് 2099 രൂപ

© 2024 Live Kerala News. All Rights Reserved.