എക്‌സിക്യൂട്ടിവ് എഡിറ്റര്‍ ബി ദിലീപ് കുമാര്‍ രാജിവെച്ചു; ഇന്ത്യാവിഷന്റെ തിരിച്ചുവരവ് അനിശ്ചിതത്വത്തില്‍; നിക്ഷേപകരും പിന്‍വലിഞ്ഞു

സ്വന്തംലേഖിക

കൊച്ചി: എക്‌സിക്യൂട്ടിവ് എഡിറ്റര്‍ ബി ദിലീപ് കുമാറും രാജിവെച്ചതോടെ ഇന്ത്യാവിഷന്റെ തിരിച്ചുവരവ് ഉടനെയൊന്നും ഉണ്ടാകില്ലെന്ന് ഏതാണ്ട് വ്യക്തമായി. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് 2015 ഫെബ്രുവരിയില്‍ ചാനല്‍ പൂട്ടിയതോടെ നിരവധി ജേര്‍ണലിസ്റ്റുകള്‍ മറ്റ് മാധ്യമങ്ങളിലേക്ക് ചേക്കേറിയിരുന്നു. ചാനല്‍ ഉടന്‍ തിരിച്ചുവരുമെന്ന് വിശ്വസിപ്പിച്ച് ഒരു വര്‍ഷത്തോളം ദിലീപ് ഉള്‍പ്പെടെ പലരെയും മാനേജ്‌മെന്റധികൃതര്‍ മറ്റ് സ്ഥാപനങ്ങളില്‍ പോകാതെ പിടിച്ചുനിര്‍ത്തിയിരുന്നു. എന്നാല്‍ നിയമസഭാതിരഞ്ഞെടുപ്പിലും ചാനല്‍ സംപ്രേഷണം ഉണ്ടാകില്ലെന്ന് വ്യക്തമായതോടെയാണ് ദിലീപ്കുമാര്‍ എക്‌സിക്യൂട്ടിവ് സ്ഥാനം രാജിവെച്ച്് ദുബൈ കേന്ദ്രീകരിച്ചുള്ള റെഡ് എഫ് എം റേഡിയോയുടെ എക്‌സിക്യൂട്ടിവ് എഡിറ്റര്‍ സ്ഥാനം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ഭീകരവാദി തടിയന്റവിട നസീറിന്റെ അറസ്റ്റ്, അജ്മല്‍ കസബിനെ തൂക്കിലേറ്റിയത് ഉള്‍പ്പെടെ ആദ്യം ഡല്‍ഹിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തത് ദിലീപ് കുമാറായിരുന്നു. പിന്നീടാണ് ദേശീയമാധ്യമങ്ങള്‍പോലും ഇത് ഏറ്റെടുത്തത്. 2014 മാര്‍ച്ചില്‍ എം പി ബഷീര്‍ ഇന്ത്യാവിഷന്‍ വിട്ടതോടെയാണ് ദിലീപ്കുമാര്‍ ആ സ്ഥാനത്ത് വരുന്നത്. തുടര്‍ന്നും പഴയപോലെതന്നെ ചാനല്‍ മുന്നോട്ടുപോകുന്നതിനിടെയാണ് മാസങ്ങളോളം ശമ്പളം വൈകിയതിനെത്തുടര്‍ന്ന് തൊഴിലാളികള്‍ പണിമുടക്കിയതോടെ സംപ്രേഷണം നിലച്ചത്. ഇതിനിടെ നിരവധിപേര്‍ ചാനലില്‍ മുതല്‍ മുടക്കാനായി വന്നെങ്കിലും ചെയര്‍മാന്‍ എം കെ മുനീറിന് താല്‍പര്യം കുറഞ്ഞതോടെയാണ് സംപ്രേഷണം പുനരാരംഭിക്കാനാവാതെ വന്നത്. ദിലീപ്കുമാര്‍ ഉള്‍പ്പെടെയുള്ള നിക്ഷേപകരെ കൊണ്ടുവന്നെങ്കിലും മാനേജ്‌മെന്റ് വഴങ്ങിയില്ല. തിരഞ്ഞെടുപ്പിന് മുമ്പേ ഇന്ത്യാവിഷന്‍ സംപ്രേഷണം ആരംഭിക്കുമെന്ന് റസിഡന്റ് ഡയറക്ടര്‍ ജമാലുദ്ധീന്‍ ഫാറൂഖി പയുന്നുണ്ടെങ്കിലും സാധ്യത കുറവാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇത് മനസ്സിലാക്കിയാണ് ദിലീപ്കുമാര്‍ മാറിയതെന്നും അറിയുന്നു. എഡിറ്റോറിയല്‍ വിഭാഗത്തില്‍ നാമ്മാത്രംപേര്‍ മാത്രമാണ് മറ്റ് സ്ഥാപനങ്ങളില്‍ കയറാതെയുള്ളത്. ക്യാമറ, എഡിറ്റിംഗ്, ടെക്‌നിക്കല്‍ വിഭാഗത്തിലെ അധികംപേരും ഇപ്പോഴും ഇന്ത്യാവിഷന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്നവരാണ്. 2014 നവംബര്‍ മുതലുള്ള ശമ്പളം, ഓഫീസ് വാടക, ടാക്‌സി വാടക, ഇതര ചിലവുകളൊക്കെയായി കോടികളുടെ ബാധ്യതയുണ്ട്.

© 2024 Live Kerala News. All Rights Reserved.