ആഗ്ര: പ്രധാനമന്ത്രി അഭിമാന പദ്ധതിയെന്ന് കൊട്ടിഘോഷിക്കുന്ന മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ 251 രൂപയ്ക്ക് മൊബൈല്‍ കിട്ടിയാല്‍തന്നെ ഉപയോഗിക്കണമെങ്കില്‍ പ്രായപൂര്‍ത്തിയാകണം. ഖാപ് പഞ്ചായത്തുകളുടെ കാടന്‍ പരിഷ്‌കാരത്തിനെതിരെ കേന്ദ്ര സര്‍ക്കാറിന് മൗനം. പതിനെട്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണും നവമാധ്യമങ്ങളും ഉപയോഗിക്കരുതെന്ന് ഉത്തര്‍പ്രദേശിലെ ഖാപ് പഞ്ചായത്തും വിധിച്ചു, ആഗ്ര ജില്ലയിലെ ബസൗളി ഗ്രാമത്തിലെ ഖാപ് പഞ്ചായത്തിന്റെതാണ് ഉത്തരവ്. നിരോധനം ലംഘിച്ചാല്‍ ഗ്രാമത്തിലെ റോഡുകള്‍ വൃത്തിയാക്കുകയും 1000 രൂപ പിഴയടക്കുകയും വേണം. കഴിഞ്ഞ ദിവസം ഗുജറാത്തിലെ ഒരു ഗ്രാമവും പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇങ്ങനെയൊരു ഉത്തരവിനെ കുറിച്ച് അറിയില്ലെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും അലിഗഡ് എഡിഎം സഞ്ജയ് ചൗഹാന്‍ പറഞ്ഞു. 18 വയസ്സില്‍ താഴെയുള്ള വിവാഹം കഴിക്കാത്ത പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണുകളോ നവമാധ്യമങ്ങളോ ഉപയോഗിക്കരുതെന്ന് ഉത്തരവില്‍ പറയുന്നു. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തിലൂടെ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുമായി അടുപ്പത്തിലായി പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും പഞ്ചായത്ത് പറയുന്നു. രക്ഷിതാക്കളുടെയും മുതിര്‍ന്നവരുടെയും യോഗം വിളിച്ചതിന് ശേഷമാണ് തീരുമാനമെടുത്തത്. മൊബൈല്‍ സാങ്കേതിക വിദ്യ പെണ്‍കുട്ടികളുടെ ജീവിതത്തെ ഇല്ലാതാക്കുമെന്ന് കണ്ടെത്തിയതിനാലാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് പഞ്ചാത്ത് കോ. ഓര്‍ഡിനേറ്റര്‍ രാംവീര്‍ സിങ് പറയുന്നു. മൊബൈലിന് പുറമെ മദ്യം വില്‍ക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ച് പഞ്ചായത്ത് ഉത്തരവിറക്കിയിട്ടുണ്ട്. നിരോധിച്ചാല്‍ ഗ്രാമത്തിലെ റോഡുകള്‍ അടിച്ചുവാരി വൃത്തിയാക്കേണ്ടിവരും. പെണ്‍കുട്ടികള്‍ മോഡേണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതിന് നേരത്തെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. രാജസ്ഥാനിലെ ബാര്‍മര്‍ വില്ലേജ് കൗണ്‍സില്‍, മുസാഫര്‍ നഗര്‍ പഞ്ചായത്ത തുടങ്ങിയവ 2014ല്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ചിരുന്നു. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഇത് കൂടുതല്‍ മേഖലയിലേക്ക് പടര്‍ന്ന് കയറുമ്പോഴും സര്‍ക്കാറിന്റെ മൗനമാണ് ദുരൂഹതയുയര്‍ത്തുന്നത്.