ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന് സിപിഎം കേന്ദ്രക്കമ്മിറ്റി; പ്രദേശിക നീക്കുപോക്കുകള്‍ ആകാം; വിഎസും തോമസ് ഐസകും സഖ്യത്തെ അനുകൂലിച്ചു

ന്യൂഡല്‍ഹി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനം. അതേസമയം പ്രദേശിക നീക്കുപോക്കുകള്‍ ബംഗാള്‍ ഘടകത്തിന് തീരുമാനിക്കാം. കേരളത്തില്‍ നിന്ന് വി.എസ്. അച്യുതാനന്ദനും തോമസ് ഐസക്കും മാത്രമാണ് സഖ്യത്തെ അനുകൂലിച്ചത്.
കോണ്‍ഗ്രസുമായി സഖ്യം വേണെന്ന ബംഗാള്‍ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം കേന്ദ്ര കമ്മിറ്റി തള്ളി. കേന്ദ്രകമ്മിറ്റിയില്‍ ഭൂരിപക്ഷം അംഗങ്ങളും സഖ്യത്തെ എതിര്‍ത്തു.
കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന സി.പി.ഐ.എം ബംഗാള്‍ ഘടകത്തിന്റെ ആവശ്യത്തില്‍ പോളിറ്റ് ബ്യൂറോ യോഗത്തില്‍ ഭിന്നതയുണ്ടായിരുന്നു. തര്‍ക്കത്തെത്തുടര്‍ന്ന് പി.ബിയില്‍ തീരുമാനമായില്ല. ബംഗാള്‍ നേതാക്കളും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സഖ്യത്തിന് അനുകൂലമായ നിലപാടെടുത്തു. എന്നാല്‍ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രന്‍പിള്ള തുടങ്ങിയവരും കേരള ഘടകവും സഖ്യമുണ്ടാക്കുന്നതിനെ ശക്തമായി എതിര്‍ത്തു. ഇതേതുടര്‍ന്ന് തീരുമാനം കേന്ദ്ര കമ്മിറ്റിക്ക് വിട്ടത്. ബംഗാളില്‍നിന്നുള്ള ബിമന്‍ ബോസ്, സൂര്യകാന്ത് മിശ്ര തുടങ്ങിയ പി.ബി അംഗങ്ങള്‍ ബംഗാള്‍ സംസ്ഥാന സമിതി വലിയ ഭൂരിപക്ഷത്തോടെ തീരുമാനിച്ച കോണ്‍ഗ്രസ് സഖ്യത്തിന് അനുമതി നല്‍കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചു. ബംഗാള്‍ ജനതയുടെ പൊതുവികാരം തൃണമൂല്‍ കോണ്‍ഗ്രസിനെതിരാണെന്നും അത് മുതലെടുക്കാന്‍ കഴിയുന്ന രാഷ്ട്രീയ സമീപനം സ്വീകരിക്കണമെന്നും ബംഗാള്‍ ഘടകം പി.ബിയെ അറിയിച്ചു. സഖ്യമുണ്ടാക്കിയില്ലെങ്കില്‍ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം.എ. ബേബി തുടങ്ങി കേരളത്തില്‍ നിന്നുള്ളവര്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തില്‍ മാറ്റം വേണ്ടെന്നും വാദിച്ചു. പ്രദേശിക നീക്കുപോക്കുകള്‍ ഫലത്തില്‍ അനൗദ്യോഗിക കൂട്ടുകെട്ടായി മാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

© 2024 Live Kerala News. All Rights Reserved.