കോണ്‍ഗ്രസ് സഖ്യംവേണമെന്ന് ബംഗാള്‍ ഘടകത്തിലെ ഭൂരിപക്ഷവും; നടക്കാത്ത കാര്യമെന്ന് കേരള ഘടകം; അന്തിമ തീരുമാനം 20ന്

കൊല്‍ക്കത്ത: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ കോണ്‍ഗ്രസ് സഖ്യം വേണമെന്ന് സിപിഎം പശ്ചിമ ബംഗാള്‍ സംസ്ഥാന കമ്മിറ്റിയിലെ ഭൂരിപക്ഷം പേരും ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയില്‍ 43 അംഗങ്ങളാണ് സഖ്യം വേണമെന്ന് വാദിച്ചത്. 11 പേര്‍ സഖ്യത്തോട് വിജോയിച്ചു. കോണ്‍ഗ്രസ് സഖ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്ത് അഭിപ്രായ രൂപവത്കരണം നടത്തി കേന്ദ്ര കമ്മിറ്റിയെ അറിയിക്കാനാണ് അടിയന്തരമായി സംസ്ഥാന കമ്മിറ്റി ചേര്‍ന്നത്. ഈ മാസം 20 ന് ചേരുന്ന സിപിഎം കേന്ദ്ര കമ്മിറ്റി കോണ്‍ഗ്രസ് സഖ്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ബംഗാളില്‍ കോണ്‍ഗ്രസ്-സിപിഎം സഖ്യം വേണ്ടെന്ന് തീരുമാനിച്ചാല്‍ ആത്മഹത്യാപരമാണെന്ന് സഖ്യത്തെ അനുകൂലിച്ച 43 സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ചരിത്രപരമായ മണ്ടത്തരം ആവര്‍ത്തിക്കരുത്. കേരളത്തിന് വേണ്ടി ബംഗാളിനെ മറക്കരുതെന്ന് അവര്‍ പറഞ്ഞു. അതേസമയം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നത് സിപിഎമ്മിന്റെ അടിസ്ഥാന നയങ്ങളില്‍ നിന്നുള്ള വ്യതിചലനമാണെന്ന് സഖ്യത്തെ എതിര്‍ത്ത 11 അംഗങ്ങള്‍ പറഞ്ഞു. കോണ്‍ഗ്രസുമായുള്ള സംഖ്യത്തെക്കുറിച്ച് ഈ മാസം 20 ചേരുന്ന കേന്ദ്ര കമ്മിറ്റി തീരുമാനമെടുക്കുമെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

zz

അതേസമയം ബംഗാളിലെ കോണ്‍ഗ്രസ് സഖ്യത്തെ ശക്തമായി എതിര്‍ത്ത് സിപിഎം കേരളഘടകം നിലപാട് വ്യക്തമാക്കി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനുമാണ് സഖ്യം നടക്കില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയത്. കോണ്‍ഗ്രസ് സഖ്യം സിപിഎമ്മിന്റെ അജണ്ടയിലില്ലെന്ന് പിണറായിയും കോടിയേരിയും പറഞ്ഞു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പിബിയുടേതെന്നും കോടിയേരി പറഞ്ഞു. അതേസമയം മമതാ ബാനര്‍ജി സര്‍ക്കാരിനെതിരെ ജനാധിപത്യ വിശ്വാസികള്‍ ഒന്നിച്ച് നില്‍ക്കേണ്ട സമയമാണെന്നും കോണ്‍ഗ്രസുമായുള്ള സഖ്യം അനിവാര്യമാണെന്നുമാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് സിപിഎം ബംഗാള്‍ ഘടകം സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ സൂര്യകാന്ത് മിശ്ര പറഞ്ഞു. കേരളഘടകത്തിന്റെ എതിര്‍പ്പ് നിലനില്‍ക്കുമ്പോഴും ബംഗാളില്‍ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സഖ്യസാധ്യത തള്ളാന്‍ കേന്ദ്ര നേതൃത്വത്തിന് കഴിയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം

© 2024 Live Kerala News. All Rights Reserved.