പിന്നീടവര്‍ ക്യാമ്പസുകളെ തേടിയെത്തി…………..

എസ്.വിനേഷ് കുമാര്‍

1004786_633841826640721_750260373_n

ആദ്യം അവര്‍ ജൂതന്‍മാരെ തേടിയെത്തി ഞാനൊന്നും സംസാരിച്ചില്ല, കാരണം ഞാന്‍ ജൂതനല്ലായിരുന്നു
പിന്നെയവര്‍ കമ്മ്യൂണിസ്റ്റുകെളെ തേടിയെത്തി ഞാനൊന്നും സംസാരിച്ചില്ല, കാരണം ഞാന്‍ കമ്മ്യൂണിസ്റ്റുകാരനല്ലായിരുന്നു
പിന്നെയവര്‍ ട്രേഡ് യൂണിയന്‍ കാരെ തേടിയെത്തി ഞാനൊന്നും സംസാരിച്ചില്ല, കാരണം ഞാന്‍ ട്രേഡ് യൂണിയന്‍കാരനല്ലായിരുന്നു
പിന്നെയവര്‍ എന്നെത്തേടിയെത്തി അപ്പോള്‍ എനിക്ക് വേണ്ടി സംസാരിക്കാന്‍ ആരുമില്ലായിരുന്നു..
                                  റവ.ഫാ. മാര്‍ട്ടിന്‍ നിമോളര്‍

 

3
മനുഷ്യനെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്ന ഉട്ടോപ്യന്‍ ആശയം എത്രയോ കാലങ്ങള്‍ക്ക് മുമ്പ് തന്നെ സംഘ്പരിവാര്‍ വിഭാവനം ചെയ്തിട്ടുള്ളതാണ്. അവസരങ്ങള്‍ കിട്ടുമ്പോള്‍ ഇത് പ്രയോഗിക്കാന്‍ അവര്‍ അരയും തലയും മുറുക്കിയിറങ്ങും. ബാബ്‌റി മസ്ജിദ് തകര്‍ത്തതും ഗുജറാത്തില്‍ മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്തതുമെല്ലാം ഈ ഉട്ടോപ്യന്‍ ആശയങ്ങളുടെ വര്‍ഗീയ ബഹിര്‍സ്ഫുരണങ്ങളായിരുന്നു. മതത്തിന്റെ വേലികെട്ടി വര്‍ഗീയതയുടെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയുള്ള ഹിന്ദുത്വശക്തികളുടെ പ്രയാണത്തിന് ഇന്ത്യന്‍ മണ്ണില്‍ വളക്കൂറില്ലെന്ന യാഥാര്‍ഥ്യം മറച്ചുവെയ്ക്കാനാവില്ലെങ്കിലും അധികാരത്തിന്റെ ഇടനാഴികളില്‍ സംഘബലം ഉപയോഗിച്ചുള്ള ഫാസിസത്തിന്റെ പുതിയ മുഖമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആര്‍എസ്എസും ബിജെപിയുമെല്ലാം പയറ്റിക്കൊണ്ടിരിക്കുന്നത്. ഇതിലെ പ്രതിരോധിക്കുകയെന്നത് മതേതര-ജനാധിപത്യ ശക്തികളുടെ മുന്നിലെ പ്രധാന വെല്ലുവിളിയാണെങ്കിലും പലപ്പോഴും രാഷ്ട്രീയപരമായുള്ളൊരു ചെറുത്ത് നില്‍പ്പിന് ത്രാണിയില്ലാതെ മുഖ്യധാര ഇടതുപക്ഷംപോലും നിസ്സഹായരാവുന്ന അപകടകരമായ സ്ഥിതിവിശേഷമാണ് രാജ്യത്തുള്ളത്. സമസ്തമേഖലയിലും സംഘ് ആശയങ്ങള്‍ക്ക് വിത്തുപാകുകയും എതിര്‍ക്കുന്നവനെ കായികമായി കൈകാര്യം ചെയ്യാനും ഇത്തരം സംഘങ്ങള്‍ക്ക് കഴിയുന്ന ഗുരുതരമായൊരു സമസ്യയിലാണ് ഭാരതം അകപ്പെട്ടിരിക്കുന്നത്.

4

ബ്രാഹ്മണ്യത്തിന് ചിറക് മുളച്ചൊരു കാലത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ രാജ്യം കടന്നുപോകുന്ന വഴികളിലെല്ലാം ഫാസിസത്തിന്റെ മൈനുകള്‍ പൊട്ടിത്തെറിച്ചുകൊണ്ടിരിക്കുന്നു. രാജ്യത്തെ മുച്ചൂടും തകര്‍ക്കാന്‍ വര്‍ഗീയ ശേഷിയുള്ളൊരു സ്‌ഫോടക വസ്തുവായി ബ്രാഹ്മണ്യം മാറുമ്പോള്‍ സംഘ്പരിവാറിന് അജണ്ട നിശ്ചയിക്കേണ്ട ജോലിമാത്രമാണ് വേണ്ടിവരുന്നത്. ഇന്ത്യയുടെ മതേതര ചരിത്രത്തിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കാന്‍ എക്കാലവും ബ്രാഹ്മണ്യ ശക്തികള്‍ തക്കംനോക്കിയിരിക്കാറുണ്ട്.  കേരളത്തില്‍ മാത്രമാണ് സംഘ്പരിവാറിന്റെ ബ്രാഹ്മണ വര്‍ഗീയ അജണ്ടകള്‍ക്ക് വേരോട്ടമില്ലാത്തത്. സാമൂഹ്യപരമായും ബൗദ്ധികതലത്തിലും ഉയര്‍ന്ന നിലവാരവും മതേതര പാരമ്പര്യമുള്ള കേരളമണ്ണില്‍ വര്‍ഗീയ മൈനുകള്‍ സ്ഥാപിക്കാന്‍ അവര്‍ ശ്രമിക്കാതില്ലതാനും. ഇടതുപക്ഷം ഉള്‍പ്പെടെ രാഷ്ട്രീയ ബൗദ്ധികമണ്ഡലത്തില്‍ വ്യക്തവും ശക്തവുമായ നിലപാടുമായി അണിനിരക്കുമ്പോള്‍ കേരളമണ്ണ് ഇവര്‍ക്ക് പകമാകണമെങ്കില്‍ ചരിത്രം പിറകോട്ട് സഞ്ചരിക്കണം. വെള്ളാപ്പള്ളി പോലുള്ള മൈനുകള്‍ ഇവര്‍ സ്ഥാപിക്കുന്നത് വിസ്മരിക്കാനുമാകില്ല.

1

പൊട്ടിത്തെറിക്കുന്ന ക്യാമ്പസുകളാണ് കഴിഞ്ഞ കുറച്ചുകാലങ്ങളായി വാര്‍ത്തകളില്‍ നിന്ന് വാര്‍ത്തകളിലേക്ക് സഞ്ചരിക്കുന്നത്. സര്‍ഗാത്മകതയും പ്രണയവും വിപ്ലവവും പെയ്തിരങ്ങുന്ന ക്യാമ്പസുകളിലേക്ക് സംഘ്പരിവാര്‍ നടന്നടക്കുന്നതിന് വ്യക്തമായ ഉദേശലക്ഷ്യവും അജണ്ടയും ഉണ്ടെന്ന കാര്യത്തില്‍ സംശയമില്ല. മുഖപടംമാറ്റി അസഹിഷ്ണുതയുടെ കറുത്ത ധൂമം ഫാസിസത്തിന്റെ മേല്‍ക്കുപ്പായമണിഞ്ഞാണ് ക്യാമ്പസുകളുടെ വിരിമാറിലേക്ക് നടന്നടുക്കുന്നത്. രാഷ്ട്രീയലക്ഷ്യവും ബ്രാഹ്ണ്യ അജണ്ടകളും വേവുന്ന സംഘ്പരിവാര്‍ കലത്തില്‍ നിന്ന് പുറത്തേക്ക് ചാടുന്ന ഫാസിസമാണ് ഇപ്പോള്‍ ക്യാമ്പസുകളെയും അസംതൃപ്തിയുടെ കൂടാരത്തിലേക്ക് നയിക്കുന്നത്.
ഇവിടെ മദ്രാസ് ഐഐടിയിലും ഹൈദരബാദ് സര്‍വകലാശാലയിലും അവസാനമായി ഡല്‍ഹിയിലെ ജവഹര്‍ലാല്‍ സര്‍വകാലാശാല യൂണിവേഴസ്റ്റി(ജെഎന്‍യു) ക്യാമ്പസിലുമെല്ലാം ഫാസിസം പത്തിവിടര്‍ത്തിയാടുമ്പോഴാണ് വിപ്ലവത്തിന്റെ തീകോരിയിട്ട ക്യാമ്പസുകള്‍ പൊട്ടിത്തെറിക്കുന്നത്. പഠനവും ചിന്തകളും കൂട്ടായ്മകളും ചര്‍ച്ചകളുംകൊണ്ട് പുതിയ ആശയങ്ങള്‍ ഉരുത്തിരിഞ്ഞുവരേണ്ട ക്യാമ്പസുകളിലാണ് സംഘ് രാഷ്ട്രീയത്തിന്റെ വിഷമഴ പെയ്യിപ്പിക്കാന്‍ വര്‍ഗീയ രാഷ്ട്രീയത്തിന്റെ വിത്തുകള്‍ വിതയ്ക്കപ്പെടുന്നത്. മാനവിക പക്ഷത്ത് നില്‍ക്കുന്നവരെ വിദ്യാര്‍ഥികളായാല്‍പോലും രാജ്യദ്രോഹികളാക്കി അടിച്ചമര്‍ത്തുകയും അവസരം കിട്ടിയാല്‍ കൊന്നൊടുക്കുകയും ചെയ്യുന്നു. സംഘ്പരിവാര്‍-ബ്രാഹ്മണ്യ ചാതുര്‍വര്‍ണ്യ ശക്തികള്‍ക്ക് ഒരുകാലത്തും എത്തിപിടിക്കാന്‍ ആവാത്ത ദ്രാവിഡരാഷ്ട്രീയത്തിലെ വളക്കൂറുള്ള മണ്ണായിരുന്ന തമിഴ്‌നാട്. ഭാരതീയരും തന്തൈ പെരിയോറുമെല്ലാം ചൂണ്ടിക്കാട്ടിയ വഴികളില്‍ സഞ്ചരിച്ചിരുന്ന തമിഴ് മക്കള്‍. ഇന്ത്യന്‍ ദേശീയതയുടെ കാപട്യത്തെ പണ്ടുമുതലേ തള്ളിപ്പറഞ്ഞവര്‍.അവിടെ നിന്നാണ് പെരുമാള്‍ മുരുകനെന്ന എഴുത്തുകാരന്‍ സാഹിത്യത്തോട് വിടപറഞ്ഞത്.

6

ദളിത് പക്ഷത്ത് നില്‍ക്കുകയും സാമൂഹ്യ-ബൗദ്ധിക മണ്ഡലങ്ങളില്‍ ജാഗ്രതയോടെ ഇടപെടുകയും ചെയ്ത അംബേദ്കര്‍ സ്റ്റുഡന്റ് അസോസിയേഷനെ മദ്രാസ് ഐഐടി ക്യാമ്പസില്‍ വിലക്കേര്‍പ്പെടുത്തിയപ്പോഴാണ് വിദ്യാര്‍ഥി സമരത്തിന്റെ തീജ്വാല തമിഴകത്തൊട്ടാതെ ആളിക്കത്തിയത്. നരേന്ദ്രമോഡിയെ വിമര്‍ശിച്ചതാണ് സംഘടനയ്ക്ക് വിലക്കേര്‍പ്പെടുത്താന്‍ കാരണമായത്. കേന്ദ്ര സര്‍ക്കാറും തമിഴകം ഭരിക്കുന്ന എഐഎഡിഎംകെ സര്‍ക്കാറുമാണ് സംഘടനയെ ക്യാമ്പസില്‍ നിരോധിച്ചത്. സമരം തമിഴകത്ത് ആളിപ്പടര്‍ന്നതോേെട കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മുട്ടുമടക്കുകയായിരുന്നു. ഹൈദരബാദ് ക്യാമ്പസിലും സംഘ് പുത്രന്‍മാരായ എബിവിപിയുടെ അഴിഞ്ഞാട്ടം രോഹിത് വെമുലയെന്ന ദളിത് ഗവേഷക വിദ്യാര്‍ഥിയുടെ ജീവനെടുത്തതോടെയാണ് സമരം ആളിക്കത്തിയത്. പഠിപ്പ് മുടക്കി ദിവസങ്ങളോളം നീതിക്ക് വേണ്ടി സമരം ചെയ്ത വിദ്യാര്‍ഥികളെ ഭരണകൂടവും സര്‍വകലാശാല അധികൃതരും എബിവിപിയെക്കാള്‍ മോശലമായ രീതിയില്‍ നേരിടുന്നതിന് രാജ്യം സാക്ഷ്യം വഹിച്ചു. രോഹിത് വെമുലയുടെ മരണവും പിന്നീട് ക്യാമ്പസിലുണ്ടായ പ്രക്ഷോഭവും നരേന്ദ്രമോഡി സര്‍ക്കാറിനുള്ള കനത്ത താക്കീതായാണ് കടന്നത് പോയത്. പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളുടെ സമരവും ഇങ്ങനെ രൂപപ്പെട്ടതായിരുന്നു. ആര്‍എസ്എസ് നേതാവിനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്ത് പ്രതിഷ്ഠിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കമായിരുന്നു പുനെയിലെ വിദ്യാര്‍ഥി സമരത്തിന് കാരണമായത്.

5

എന്നാലിപ്പോഴാകട്ടെ സെക്യുലറായ പ്ലാറ്റ്‌ഫോമില്‍ എക്കാലവും നിലനില്‍ക്കുകയും കൃത്യമായ നിലപാടെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് തുണയാവുകയും ചെയ്ത് ജെഎന്‍യുവിലും സംഘ്പരിവാര്‍ പിടിമുറക്കിയപ്പോഴുള്ള അസഹിഷ്ണുതയ്‌ക്കെതിരെയുള്ള പൊട്ടിത്തെറിയാണിപ്പോള്‍ ഡല്‍ഹിയെ സംഘര്‍ഷഭരിതമാക്കിയത്.
അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയെന്ന പേരിലാണ്  യൂണിയന്‍ നേതാവായ കനയ്യകുമാറിനെ രാജ്യദ്രോഹം കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ഇതേതുതുടര്‍ന്ന് പഠിപ്പ് മുടക്കി വിദ്യാര്‍ഥികള്‍ സമരംതുടങ്ങിയിരുന്നു. കനയ്യകുമാറിനെ കോടതിയെത്തിച്ചപ്പോള്‍ സംഘ്പരിവാര്‍ അനുഭാവികളായ അഭിഭാഷകരുടെ അഴിഞ്ഞാട്ടമായിരുന്നു പിന്നെ. സംഘപരിവാരങ്ങളോട് ഒന്നുചോദിച്ചോട്ടെ, രാഷ്ട്രപിതാവായ മഹാത്മഗാന്ധിയെ വെടിവെച്ച് കൊന്ന നാഥുറാം ഗോഡ്‌സെയ്ക്ക് വേണ്ടി നിങ്ങള്‍ക്ക് അനുസ്മരണം നടത്താം, പൂവിട്ട് പൂജിക്കാം. ഇതിനെ എതിര്‍ക്കുന്നവര്‍ക്കും ഉറച്ച നിലപാടില്‍ നില്‍ക്കുന്നവര്‍ക്കും പാകിസ്ഥാനിലേക്ക് പോകാമെന്ന സ്ഥിരം വിഷലിപ്തമായ പ്രയോഗം നിര്‍ത്താനുള്ള കാലമായി. അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയ്‌ക്കെതിരെ രംഗത്ത് വന്ന പിഡിപിയുമായി കശ്മീരില്‍ സംഖ്യമുണ്ടാക്കിയ നിങ്ങള്‍ക്ക് ഇതുപറയാനുള്ള അര്‍ഹയതില്ലെന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും.

© 2024 Live Kerala News. All Rights Reserved.