നൈജീരിയയില്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ചാവേറാക്രമണം; 60 പേര്‍ മരിച്ചു; 78 പേര്‍ക്ക് പരിക്ക്

ബോര്‍ണോ: നൈജീരിയയില്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ചാവേറാക്രമണം. 60 പേര്‍ കൊല്ലപ്പെട്ടു. 78 പേര്‍ക്ക് പരിക്ക്. നൈജീരിയയിലെ വടക്കുകിഴക്കന്‍ സംസ്ഥാനമായ ബോര്‍ണോയിലെ ദിക്‌വയിലാണ് സംഭവം നടന്നത്. മൂന്ന് വനിതാ ചാവേറുകളാണ് അഭയാര്‍ത്ഥി ക്യാമ്പില്‍ ആക്രമണം നടത്താനെത്തിയത്. ഇതില്‍ രണ്ടു പേരാണ് സ്വയം പൊട്ടിത്തെറിച്ചത്. മറ്റൊരു വനിതാ ചാവേര്‍ അഭയാര്‍ഥി ക്യാമ്പില്‍ എത്തിയെങ്കിലും തന്റെ മാതാപിതാക്കളും സഹോദരങ്ങളും അവിടെ ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. തീവ്രവാദ സംഘടനയായ ബോക്കോ ഹറാമാണ് ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.