ആറ്റിങ്ങലില്‍ യുവാവിനെ നടുറോഡില്‍ തല്ലിക്കൊന്നതിന് പിന്നില്‍ കുടിപ്പക; നാട്ടുകാര്‍ നോക്കി നിന്നു; ഗുണ്ടാവിളയാട്ടത്തിനെതിരെ പൊലീസ് നിഷ്‌ക്രിയം

ആറ്റിങ്ങല്‍: പട്ടാപകല്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് നാലംഗ ഗുണ്ടാസംഘം വക്കം സ്വദേശി ഷബീറിനെ(23) പട്ടാപ്പകല്‍ നടുറോഡിലിട്ട് തല്ലിക്കൊന്നത്. കുടിപ്പകയാണ് കൊലയ്ക്ക് കാരണമെന്നാണ് വിവരം. ഒരു വര്‍ഷത്തോളമായി പ്രതികള്‍ മനസ്സില്‍ കൊണ്ടുനടന്ന പകയെത്തുടര്‍ന്നാണ് യുവാവിനെ കൊലപ്പെടുത്തിയാതെന്നാണ് വിവരം. വക്കം സ്വദേശികളായ സതീഷ്, സലീഷ്, ആദര്‍ശ്, മോന്‍കുട്ടന്‍ എന്നിവരാണ് യുവാവിനെ പട്ടാപ്പകല്‍ ആക്രമിച്ചു കൊലപ്പെടുത്തിയത്. ഷബീറിനോപ്പം ആക്രമിക്കപ്പെട്ട സുഹൃത്ത് ഉണ്ണികൃഷ്ണന്‍ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍കോളേജില്‍ ചികിത്സയിലാണ്. നിരവധി കേസുകളില്‍ പ്രതികളായ നാലംഗ സംഘം കുറെ നാളുകളായി സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. നടുറോഡില്‍ നിരവധി ആളുകള്‍ കണ്ടുനില്‍ക്കെ പ്രതികള്‍ നടത്തിയ ക്രൂരകൃത്യം വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വക്കം പുത്തന്‍നട ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന വിരണ്ടു കായലില്‍ ചാടിയതിനെതുടര്‍ന്നു ഉത്സവം അലങ്കോലപ്പെട്ടിരുന്നു. ആന വിരണ്ടോടാന്‍ കാരണമായത് പ്രതികള്‍ ആനയുടെ വാലില്‍ പിടിച്ചു വലിച്ചതാണെന്ന് സംഭവം കണ്ടുനിന്ന ഷബീര്‍ പൊലിസിന് വിവരം നല്‍കി. ഇതേ തുടര്‍ന്ന് പലതവണ പ്രതികള്‍ ഷബീറിനെ ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞദിവസം മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ ഷബീറിനെ സതീഷും സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമിക്കുകയും തുടര്‍ന്ന് ഇവരില്‍ ഒരാളുടെ വീട്ടില്‍ ഷബീര്‍ പരാതി പറയുകയും ചെയ്തിരുന്നു. ഇതറിഞ്ഞ പ്രതികള്‍ വക്കം റെയില്‍വേ ക്രോസിനു സമീപം കാത്തുനിന്നു സുഹൃത്ത് ഉണ്ണികൃഷ്ണനൊപ്പം ബൈക്കിലെത്തിയ ഷബീറിനെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയുമായിരുന്നു. തിരുവനന്തപുരം ആശുപത്രിയല്‍ വച്ചാണ് ഷബീര്‍ മരിച്ചത്

© 2024 Live Kerala News. All Rights Reserved.