ബീഫ് കൈവശം വെച്ചതിന് ബിജെപി നേതാവിന്റെ കുടുംബത്തിലെ എട്ടുപേര്‍ അറസ്റ്റില്‍; ഗോമാംസമെന്ന് പൊലീസ്; പോത്തിറച്ചിയെന്ന് നേതാവ്

ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ ബീഫ് കൈവശം വെച്ചതിന് ബിജെപി നേതാവിന്റെ കുടുംബത്തിലെ എട്ടുപേര്‍ അറസ്റ്റില്‍. ബിജെപിയുടെ ന്യൂനപക്ഷ സെല്ലിന്റെ അദ്ധ്യക്ഷനായിരുന്ന അന്‍വര്‍ മേവിനെയും കുടുംബത്തെയുമാണ് പൊലീസ് അറസ്റ്റ് പിടികൂടിയത്. ദേശീയ സുരക്ഷാ നിയമ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പശുവിനെ കശാപ്പ് ചെയ്‌തെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്‍വറിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. അന്‍വറിനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ബിജെപി നീക്കം ചെയ്തു.

കോടതിയില്‍ ഹാജരാക്കിയ ഇവരെ ഉജ്ജയിനിലെ ജയിലിലേക്ക് അയച്ചു. ഫ്രീഗഞ്ച് മേഖലയിലെ ടോങ്ക് കുര്‍ദ്ദിലുള്ള അന്‍വറിന്റെ വീട്ടില്‍ നിന്നും പൊലീസ് ഇറച്ചി പിടിച്ചെടുക്കുകയായിരുന്നു. ബീഫാണെന്ന സര്‍ക്കാര്‍ വെറ്ററിനറി ആശുപത്രിയുടെ പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ട് പ്രകാരമാണ് അന്‍വറിനെയും കുടുംബത്തെയും അറസ്റ്റ് ചെയ്തത്. വീട്ടില്‍ മൂന്ന് പാഴ്‌സലുകളായാണ് ഇറച്ചി സൂക്ഷിച്ചിരുന്നതെന്നും കുളിമുറിയിലും മറ്റുമായി പ്രതികള്‍ ഒളിപ്പിക്കുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. എന്നാല്‍ വീട്ടില്‍ ഉണ്ടായിരുന്നത് പോത്തിറച്ചിയാണെന്ന് അന്‍വര്‍ പറഞ്ഞു. കൂടുതല്‍ പരിശോധനകള്‍ക്കായി ഇറച്ചിയുടെ സാമ്പിള്‍ മധുരയിലെ ലാബിലേക്ക് അയച്ചിരിക്കുകയാണ്.

© 2023 Live Kerala News. All Rights Reserved.