ഹൈദരാബാദ്: ഹൈദരബാദ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന നിരാഹാര സമരം തുടരുന്നു. നിരാഹാരം നടത്തിയ വിദ്യാര്‍ത്ഥികളെ ആരോഗ്യ നില വഷളായതിനാല്‍ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. തുടര്‍ന്ന് മറ്റ് ഏഴു വിദ്യാര്‍ത്ഥികള്‍ റിലേ ആയി നിരാഹാര സമരം തുടങ്ങി. അതേസമയം രോഹിത് വെമുലയുടെ കുടുംബത്തിന് ഹൈദരാബാദ് സര്‍വകലാശാല പ്രഖ്യാപിച്ച എട്ടു ലക്ഷംരൂപയുടെ ധനസഹായം രോഹിത്തിന്റെ മാതാവ് നിരസിച്ചു. എട്ടു ലക്ഷമല്ല, എട്ടു കോടി തന്നാലും സ്വീകരിക്കില്ലെന്ന് അവര്‍ പറഞ്ഞു. ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരപ്പന്തലിലെത്തിയ രോഹിത്തിന്റെ അമ്മ രാധിക മകന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. രോഹിത്തിന്റെ സഹോദരന്‍ രാജുവും സഹോദരി നീലിമയും ഒപ്പമുണ്ടായിരുന്നു. രോഹിത് മരിച്ച് അഞ്ച് ദിവസം കഴിഞ്ഞാണ് മന്ത്രി സ്മൃതി ഇറാനി വിളിച്ച് അനുശോചനം അറിയിച്ചതെന്നും അവരും ഒരു സ്ത്രീയും അമ്മയുമല്ലേ എന്ന് രാധിക ചോദിച്ചു. മകന്‍ എങ്ങനെയാണ് മരിച്ചതെന്ന് അറിയാമെന്നും ആ അമ്മ പറഞ്ഞു. രോഹിത്തിന്റെ മരണത്തില്‍ വേദന രേഖപ്പെടുത്താന്‍ പ്രധാനമന്ത്രി എന്തുകൊണ്ടാണ് അഞ്ച് ദിവസം കാത്തിരുന്നതെന്ന് രോഹിത്തിന്റെ സഹോദരന്‍ ചോദിച്ചു. രോഹിത്തിന്റെ മരണം ആത്മഹത്യയല്ല, കൊലപാതകം തന്നെയാണെന്നും സഹോദരന്‍ പറഞ്ഞു.