ബാര്‍ക്കോഴക്കേസില്‍ എക്‌സൈസ് മന്ത്രി കെ. ബാബു രാജിവച്ചു; തൃശൂര്‍ വിജിലന്‍സ് കോടതിയുടെ പരാമര്‍ശത്തെത്തുടര്‍ന്നാണ് രാജി; മന്ത്രിക്കെതിരെ എഫ്‌ഐആര്‍ തയ്യാറാക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു

കൊച്ചി: ബാര്‍ കോഴക്കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ പരാമര്‍ശത്തെത്തുടര്‍ന്ന് മന്ത്രി കെ ബാബു രാജിവച്ചു. ബാര്‍കോഴ ആരോപണത്തില്‍ മന്ത്രി കെ ബാബുവിനെതിരെ കേസെടുക്കണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി നിര്‍ദേശിക്ക്ുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കെ ബാബു എറണാകുളം പ്രസ്‌ക്ലബില്‍ രാജി പ്രഖ്യാപനം നടത്തിയത്. ഈ നിമിഷം വരെ ഞാന്‍ ഒരു കേസിലും പ്രതിയല്ല. പരാമര്‍ശം വന്ന സാഹചര്യത്തില്‍ പിന്നെ പിടിച്ചുനില്‍ക്കാനാവില്ലെന്നും പറഞ്ഞുകൊണ്ടാണ് കെ ബാബു രാജിവെച്ചത്. താന്‍ നിരപരാധിയാണ്. എന്നാലും കോടതി വിധി മാനിക്കുകയാണ്. തനിക്കെതിരെ ആരോപണമുന്നയിക്കുകയും മൊഴി നല്‍കുകയും ചെയ്തയാളുടെ വിശ്വാസ്യത അറിയാമല്ലൊ. അധികാരത്തില്‍ കടിച്ചുതൂങ്ങില്ലെന്ന് നേരത്തെയേ വ്യക്തമാക്കിയതാണെന്നും കെ ബാബു വ്യക്തമാക്കി.ബാര്‍കോഴക്കേസില്‍ തനിക്കെതിരെ സിപിഎം ഗൂഢാലോചന നടത്തിയെന്ന് രാജിപ്രഖ്യാപനത്തിനിടെ ബാബു വെളിപ്പെടുത്തി. വി.ശിവന്‍കുട്ടി എംഎല്‍എയുടെ വീട്ടില്‍വെച്ചാണ് തനിക്കെതിരെ ഗൂഢാലോചന നടന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ബാറുടമകളും ചേര്‍ന്നാണ് യോഗം ചേര്‍ന്നത്. 2014 ഡിസംബര്‍ 15ന് ഏഴ് മണിക്ക് നടത്തിയ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് എനിക്കെതിരെ ആരോപണം ഉന്നയിച്ചത്. ബാര്‍ ഹോട്ടലുകള്‍ പൂട്ടിയതിന് ശേഷമാണ് ഈ യോഗം. മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും ബാബു കൂട്ടിച്ചേര്‍ത്തു. ബാബുവിന് എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഒരു മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. വിജിലന്‍സിന് സത്യസന്ധതയും ആത്മാര്‍ത്ഥതയും ഇച്ഛാശക്തിയുമില്ലെന്നും കോടതി കുറ്റപ്പെടുത്തുകയുണ്ടായി. ബാര്‍ കോഴ ആരോപണത്തില്‍ ബാബുവിനെതിരായ ത്വരിതാന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒരു മാസം കൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. ഒന്നരമാസമായി അന്വേഷണ ഉദ്യോഗസ്ഥര്‍ എന്തെടുക്കുകയായിരുന്നു. ലോകായുക്തയുണ്ടെന്ന് കരുതി വിജിലന്‍സിനെ അടച്ചുപൂട്ടണോയെന്നും കോടതി ചോദിച്ചു. പരാതി തെളിയിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനാണ്. കോടതിയെ മണ്ടനാക്കാന്‍ നോക്കരുതെന്നും കോടതി പറഞ്ഞു. വി എം സുധീരന്റെ കര്‍ശന നിര്‍ദേശത്തെത്തുടര്‍ന്നാണ് ബാബുവിന്റെ രാജി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനും എ ഗ്രൂപ്പിലെ പ്രമുഖനുമാണ് കെ ബാബു. ബാര്‍കോഴക്കേസില്‍ ഹൈക്കോടതിയുടെ പരാമര്‍ശത്തെത്തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് കെ എം മാണി മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.