കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജനെ സിബിഐ പ്രതിചേര്‍ത്തതോടെ ജയരാജനൊപ്പം പാര്‍ട്ടിയും വെട്ടിലായി.
കഴിഞ്ഞ മാര്‍ച്ചില്‍ സിബിഐ സംഘം തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഒരു അജ്ഞാത കേന്ദ്രത്തെക്കുറിച്ചു സൂചനയുണ്ട്. ഇത് പി ജയരാജനെന്നാണ് സിബിഐ ഇന്നലെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കെടുത്തവരെ തിരിച്ചറിയാന്‍ സഹായിക്കുന്ന നിര്‍ണായകമായ ചില ഫോണ്‍ കോളുകളെക്കുറിച്ചു കുറ്റപത്രത്തില്‍ സൂചനയുണ്ട്. കൊലപാതകത്തിനിടെ ബോംബേറില്‍ പരുക്കേറ്റ വിക്രമനെ അന്നു വൈകിട്ടു കതിരൂരിലെ സിപിഎം പ്രാദേശിക നേതാവിന്റെ ബന്ധുവീട്ടില്‍ നിന്നു കണ്ണൂരിലേക്കും അവിടെ നിന്നു പയ്യന്നൂരിലേക്കും കൊണ്ടുപോയവര്‍ക്ക് ഇടയ്ക്കിടെ ഏതോ അജ്ഞാത കേന്ദ്രത്തില്‍ നിന്നു ഫോണില്‍ നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നു. കതിരൂരിലെ രണ്ടു പ്രാദേശിക സിപിഎം നേതാക്കളാണ് അക്രമികള്‍ക്കും അജ്ഞാതകേന്ദ്രത്തിനുമിടയില്‍ കണ്ണികളായി പ്രവര്‍ത്തിച്ചത്. കൃത്യത്തിനു ശേഷം പ്രതികളെ സമീപത്തെ വീട്ടില്‍ വിശ്രമിക്കാന്‍ കൊണ്ടുപോയതും അവരാണ്. കതിരൂരില്‍ നിന്നു കണ്ണൂരില്‍ എത്തിച്ച വിക്രമനെ ചികില്‍സയ്ക്കു പയ്യന്നൂരിലേക്കു കൊണ്ടുപോയത് അജ്ഞാതന്റെ ടെലിഫോണ്‍ നിര്‍ദേശ പ്രകാരമാണ്. ആ അജ്ഞാതന്‍ പി ജയരാജന്‍ തന്നെയാണെന്ന് സിബിഐ സമര്‍ഥിക്കുന്നു. വിക്രമനെ ചികില്‍സിക്കുന്ന കാര്യം ആശുപത്രി രേഖകളില്‍ ഉണ്ടാവാന്‍ പാടില്ലെന്ന് ഏരിയാ നേതൃത്വം പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലെ ഡോക്ടറോട് ആവശ്യപ്പെടുകയും ഡോക്ടര്‍ അത് അനുസരിക്കുകയും ചെയ്തുവെന്നും കുറ്റപത്രം പറയുന്നു. ഇതിനെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ച ഈ അജ്ഞാത കേന്ദ്രത്തെ തിരിച്ചറിയാന്‍ സിബിഐ നടത്തിയ രണ്ടാം ഘട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ കേസില്‍ പി. ജയരാജനെ പ്രതിചേര്‍ത്തത്. സിബിഐ ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടും ജയരാജന്‍ ഹാജരാവാത്തതിന് പിന്നിലെ കാരണവും ഇതാണ്. ഹാജരായാല്‍ ഉടന്‍തന്നെ അറസ്റ്റുണ്ടാകുമെന്ന് ജയരാജന് നിയമോപദേശം ലഭിച്ചിരുന്നു.