ബാഹുബലി രണ്ടാംഭാഗത്തിന്റെ ചിത്രീകരണത്തിനായി രാജമൗലിയും അനുഷ്‌കയും കണ്ണൂരില്‍; കണ്ണവം വനമേഖലയില്‍ ഇനി ഷൂട്ടിംഗ് ദിനങ്ങള്‍

കണ്ണൂര്‍: ബാഹുബലി രണ്ടാംഭാഗത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ എസ്.എസ്. രാജമൗലി, , നടി അനുഷ്‌ക, നിര്‍മാതാവ് ശോഭു നാഥിരി എന്നിവര്‍ ഉള്‍പ്പെടെയുള്ള സംഘം കണ്ണൂരിലെ ലൊക്കേഷനില്‍ എത്തി. കുടുംബത്തോടൊപ്പമാണു രാജമൗലി എത്തിയത്. ഭാര്യ രമാ രാജമൗലി, മക്കളായ കാര്‍ത്തികേയ, മയൂഖ എന്നിവര്‍ ഒപ്പമുണ്ട്. ഹൈദരാബാദിലെ ചിത്രീകരണത്തിനു ശേഷമാണു സംഘം കണ്ണൂരില്‍ എത്തിയത്. സംഘട്ടനത്തിന്റെ ചുക്കാന്‍പിടിക്കുന്ന ഫൈറ്റ്മാസ്റ്റര്‍ ലീ, നടി അനുഷ്‌ക എന്നിവരും ടെക്‌നിക്കല്‍ ടീം അംഗങ്ങളുമടങ്ങിയ ആദ്യസംഘമാണ് ഇന്നലെ ഉച്ചയോടെ കണ്ണൂരിലെത്തിയത്. നായകന്‍ പ്രഭാസടങ്ങിയ സംഘം ഇന്ന് എത്തുന്നതോടെ ചിത്രീകരണം ആരംഭിക്കും. കണ്ണൂര്‍ ജില്ലയിലെ കണ്ണവം വനമേഖലയാണു ബാഹുബലി രണ്ടിന്റെ ലൊക്കേഷന്‍. കണ്ണവം മേഖല ഇതിനകം സിനിമാക്കാര്‍ക്ക് ഏറെ പ്രിയങ്കരമായിക്കഴിഞ്ഞു. കേരളത്തിലെ ലൊക്കേഷനുകള്‍ സിനിമാ സങ്കല്‍പ്പങ്ങള്‍ക്കു മനോഹരവും ഇന്ത്യന്‍ സിനിമയ്ക്കു മുതല്‍ക്കൂട്ടാണെന്നും സംവിധായകന്‍ രാജമൗലി പറഞ്ഞു. ഇതിനകംതന്നെ ഒട്ടേറെ സിനിമകളുടെ ലൊക്കേഷനായിക്കഴിഞ്ഞ കണ്ണൂരിന്റെ മണ്ണില്‍ ബാഹുബലിപോലുള്ള ജനപ്രിയ സിനിമയുടെ രണ്ടാംഭാഗം ചിത്രീകരണത്തിനായി എത്തി എന്നതുതന്നെ കണ്ണൂരിന്റെ ലൊക്കേഷനുകള്‍ക്കു ലഭിക്കുന്ന അംഗീകാരം കൂടിയാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരവിന്ദന്‍ കണ്ണൂരാണു ബാഹുബലി ടീമിനു കണ്ണൂരിന്റെ ലൊക്കേഷനുകളെ പരിചയപ്പെടുത്തിയത്. ഹരിഹരന്‍ സംവിധാനം നിര്‍വഹിച്ച മമ്മൂട്ടിയുടെ പഴശ്ശിരാജയുടെ ചിത്രീകരണം ഇവിടെ വച്ചായിരുന്നു. കണ്ണവം വനത്തിലെ ബാഹുബലി ചിത്രീകരണത്തിനെതിരെ ചില ആദിവാസി സംഘടനകള്‍ രംഗത്ത് വന്നെങ്കിലും വനംവകുപ്പ് ഉറച്ച നിലപാട് തന്നെ സ്വീകരിക്കുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.