ഭോപ്പാല്‍: മധ്യപ്രദേശില്‍ ട്രെയിന്‍ യാത്രയ്ക്കിടെ ബീഫ് കൈവശം വച്ചെന്നാരോപിച്ച് മുസ്ലീം ദമ്പതികള്‍ക്കും നേരെ മര്‍ദ്ദനം. കുഷിനഗര്‍ എക്‌സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യവെ പ്രാദേശിക പശു സംരക്ഷകസമിതിയാണ് അക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഹാര്‍ദ സ്വദേശികളായ മുഹമ്മദ് ഹുസൈന്‍ (43), ഭാര്യ നസീമ ബാനോ (38) എന്നിവരാണ് ആക്രമിക്കപ്പെട്ടത്. രണ്ടുപേര്‍ പിടിയില്‍.
ദമ്പതികള്‍ ബീഫുമായി യാത്ര ചെയ്യുന്നു എന്ന് കേട്ടാണ് സംരക്ഷകസമിതി പരിശോധനയാരംഭിക്കാന്‍ തുടങ്ങിയത്. ഇവരുടെ ബാഗുകള്‍ പരിശോധിച്ച സംഘം ദമ്പതികളെ മര്‍ദ്ദനത്തിന് വിധേയരാക്കി.പിന്നീട് ബാഗില്‍ നിന്ന് കണ്ടെടുത്തത് പോത്തിറച്ചിയാണെന്നു ലാബില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞതായും പൊലീസ് പറഞ്ഞു.ഹൈദരാബാദില്‍ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം നാട്ടിലേക്ക് മടങ്ങവേയായിരുന്നു സംഭവം. തങ്ങള്‍ ഇന്ത്യയില്‍ ജീവിക്കുന്നവരാണ്. തെറ്റും ശരിയും തിരിച്ചറിയാന്‍ കഴിയുന്നവരുമാണ്. തങ്ങള്‍ ആട്ടിറച്ചിയാണ് കഴിക്കുന്നത്. അവര്‍ മാംസം പിടിച്ചെടുത്ത കറുത്ത ബാഗ് തങ്ങളുടേതല്ല. അതിന്റെ ഉടമസ്ഥന്‍ ആരാണെന്ന് അറിയില്ലെന്നും ഹുസൈന്‍ പറഞ്ഞു.