കേരള ഹൗസില്‍ എന്ത് വിളമ്പണമെന്ന് കേരളം തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല; ‘ബിജെപിയും ആര്‍എസ്എസും ഉപദേശിക്കേണ്ട’

കേരള ഹൗസിന്റെ ക്യാന്റീനില്‍ എന്ത് വിളമ്പണമെന്ന് തീരുമാനിക്കുന്നത് സംസ്ഥാന സര്‍ക്കാരാണെന്നും അതിന് ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഉപദേശം വേണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ക്യാന്റീനില്‍ പശുവിറച്ചി വിളമ്പുന്നുണ്ടെന്ന വ്യാജപരാതിയെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് റെയ്ഡ് നടത്തിയതിനെ അപലപിച്ച് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ക്യാന്റീനില്‍ നിര്‍ത്തിവെച്ച ബീഫ് കറി വിപണനം ഇന്ന് മുതല്‍ വീണ്ടും ആരംഭിക്കും. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ബീഫ് കറി വില്‍പ്പന വീണ്ടും ആരംഭിക്കാന്‍ തീരുമാനിച്ചത്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഡല്‍ഹി പൊലീസ് സംവിധാനം ഒരുക്കിയിട്ടുണ്ട്.

കേരള ഹൗസ് ക്യാന്റീനില്‍ പശുവിറച്ചി വിളമ്പുന്നുണ്ടെന്ന വ്യാജ പരാതി നല്‍കിയ ആള്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചു. വ്യാജ പരാതിയിന്മേല്‍ റെയ്ഡ് നടത്തിയ പൊലീസ് നടപടി വിവാദമാകുകയും പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ആഭ്യന്തരമന്ത്രാലയത്തോട് റിപ്പോര്‍ട്ട് ആരായുകയും ചെയ്ത സാഹചര്യത്തിലാണ് സ്വയസംരക്ഷണത്തിന് പൊലീസ് പരാതിക്കാരന് എതിരെ കേസെടുക്കുന്നത്. ഡല്‍ഹി പൊലീസിന്റെ നിയന്ത്രണം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലായതിനാലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ആഭ്യന്തരമന്ത്രാലയത്തില്‍നിന്ന് റിപ്പോര്‍ട്ട് തേടിയത്.

കേരള ഹൗസില്‍ അതിക്രമിച്ചു കയറിയവര്‍ക്കെതിരെയും അനധികൃതമായി റെയിഡ് നടത്തുകയും ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് റിപ്പോര്‍ട്ട് തേടിയത്.

കേരള ഹൗസിലെ പൊലീസ് റെയ്ഡ് ദേശീയ മാധ്യമങ്ങളിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും വാര്‍ത്തയാകുകയും കേരള ഹൗസിന് മുന്നില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറുകയും ചെയ്തിരുന്നു. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടത് എംപിമാര്‍ കേരള ഹൗസിന് മുന്നില്‍ ധര്‍ണ നടത്തിയിരുന്നു. പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തിലും കേരള ഹൗസിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

 

courtesy : southlive.in

 

© 2024 Live Kerala News. All Rights Reserved.