ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ രണ്ടാം മത്സരം നാളെ. പെര്‍ത്തിലെ ആദ്യകളിയില്‍ അഞ്ചുവിക്കറ്റിന് പരാജയപ്പെട്ടതോടെ പരമ്പരയില്‍ പിന്നിലാണ് ധോണിപ്പടകള്‍. ബ്രിസ്‌ബെയ്ന്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നാളെ ഇന്ത്യന്‍ സമയം 8.50 മുതലാണ് മത്സരം. ഓസ്‌ട്രേലിയക്കെതിരേ അവരുടെ മണ്ണില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയിട്ടും വിജയതീരത്തെത്താന്‍ കഴിയാതിരുന്നതിന്റെ നിരാശ മായ്ക്കാന്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ടീം ഇന്ത്യയെ സഹായിക്കില്ല. സ്പിന്നര്‍മാര്‍ പരാജയപ്പെട്ടതാണ് തോല്‍വിക്കു പ്രധാനകാരണമെന്നായിരുന്നു ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ നിരീക്ഷണം. കന്നിമത്സരത്തിനിറങ്ങിയ ബാരിന്ദര്‍ സ്രാനൊഴികെയുള്ള ബൗളര്‍മാരെല്ലാവരും പെരുമയ്‌ക്കൊത്ത പ്രകടനമായിരുന്നില്ല പുറത്തെടുത്തത്.
ബൗളിങ് നിരയില്‍ അഴിച്ചുപണിക്കു മുതിരുമോയെന്നാണ് സകലരും ഉറ്റുനോക്കുന്നത്. ബാറ്റിങ്ങില്‍ രോഹിത് ശര്‍മ്മയുടെയും വിരാട് കോഹ്ലിയുടെയും തകര്‍പ്പന്‍ ഫോം ഇന്ത്യക്ക് ശുഭകരമാണ്. മധ്യനിരയില്‍ ധോണിയും രവീന്ദ്ര ജഡേജയും സമ്മര്‍ദമില്ലാതെ ബാറ്റേന്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.