പാട്‌ന: ബിഹാറില്‍ സമോസയ്ക്ക് ആഡംബര നികുതി. ഭക്ഷ്യവസ്തുക്കളായ സമോസ, കച്ചോരി, നംകിന്‍ എന്നിവയ്ക്കും 13.5 ശതമാനം മൂല്യവര്‍ദ്ധിത നികുതി ഏര്‍പ്പെടുത്താനാണ് മന്ത്രിസഭാ തീരുമാനമെന്ന് കാബിനറ്റ് മുഖ്യസെക്രട്ടറി ബ്രജേഷ് മെഹ്‌രോത്ര അറിയിച്ചു.
ഏപ്രില്‍ ഒന്നിന് സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തുമ്പോഴുണ്ടാകുന്ന നികുതി നഷ്ടം പരിഹരിക്കാന്‍ വേണ്ടിയാണ് ചില ഭക്ഷ്യവസ്തുക്കള്‍ക്കും ആഡംബര നികുതി ഏര്‍പ്പെടുത്താന്‍ ബീഹാര്‍ സര്‍ക്കാറിന്റെ തീരുമാനം. 12 സാധനങ്ങള്‍ക്കുള്ള മൂല്യവര്‍ദ്ധിത നികുതി ഉയര്‍ത്താനാണ് തീരുമാനം. വിജ്ഞാപനം പുറത്തുവന്നാലുടന്‍ നികുതി നയം അവതരിപ്പിക്കും. കിലോ 500 രൂപയ്ക്ക് മുകളില്‍ വിലവരുന്ന മധുരപലഹാരങ്ങള്‍ക്ക് 13.5 ശതമാനം അധിക നികുതി ഏര്‍പ്പെടുത്തും. മദ്യനിരോധത്തോടെ ഖജനാവിന് 4000 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. മധുരപലഹാരങ്ങള്‍ക്ക് പുറമെ വസ്ത്രം, കോസ്‌മെറ്റിക്‌സ്, ഇലക്ട്രിക് ഉപകരണങ്ങള്‍ എന്നിവയ്ക്കും അധിക നികുതി ഏര്‍പ്പെടുത്താനാണ് സര്‍ക്കാരിന്റെ നീക്കം.