എസ്എന്‍സി ലാവലിന്‍ പേജ് വീണ്ടും തുറക്കുമ്പോള്‍; പിണറായി വേട്ടയിലെ രാഷ്ട്രീയം

 

എസ്.വിനേഷ് കുമാര്‍

922784_598243210200583_886133558_n

കേരളത്തില്‍ കെ. കരുണാകരനേക്കാളും പി. കെ കുഞ്ഞാലിക്കുട്ടിയേക്കാളും വേട്ടയാടപ്പെട്ട രാഷ്ട്രീയ നേതാവ് ആരെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളു. പാര്‍ട്ടി പിറന്ന നാട്ടിലെ പിണറായി വിജയന്‍. രാഷ്ട്രീയപരമായ പിണറായി വേട്ട 2013ല്‍ അവസാനിച്ചെന്ന് ആശ്വസിക്കുന്ന സിപിഎമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കലാണ് യുഡിഎഫിന്റെ പുതിയ നീക്കത്തിന് പിന്നിലെന്ന് വ്യക്തം. എസ്എന്‍സി ലാവലിന്‍ കേസ് സിബിഐ തന്നെ തെളിവില്ലാതെ അവസാനിപ്പിച്ചപ്പോഴാണ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ ആയുധമാക്കാന്‍ വീണ്ടും യുഡിഎഫ് കേന്ദ്രങ്ങള്‍ ഹൈകോടതിയില്‍ റിവ്യു ഹര്‍ജി നല്‍കുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണിയെ നയിക്കുന്ന പിണറായിയുടെ നവകേരള മാര്‍ച്ച് അടുത്തിരിക്കെയാണ് രാഷ്ട്രീയ പാപ്പരത്തത്തിന്റെ പുതിയ ഏടുകള്‍ മറിച്ച് യുഡിഎഫ് സര്‍ക്കാറിന്റെ കുത്സിതനീക്കം. അഴിമതിയിലും ലൈംഗിക അപവാദങ്ങളിലും മൂക്കറ്റം മുങ്ങി ദുര്‍ഗന്ധപൂരിതമായ കോണ്‍ഗ്രസിന് മുന്നില്‍, വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ആയുധമാക്കാനുതകുമോയിതെന്ന് കണ്ടറിയുകതന്നെ വേണം. 2002ലാണ് എസ്എന്‍സി ലാവലില്‍ കേസ് വിജിലന്‍സ് അന്വേഷിക്കണമെന്ന് നിയമസഭാ സബ്ജറ്റ് കമ്മിറ്റി ശിപാര്‍ശ ചെയ്യുന്നത്. അതിന് ശേഷം 2013 വരെ രാഷ്ട്രീയപരമായി പിണറായി വിജയന്‍ ഏറെ ക്രൂശിക്കപ്പെട്ട കാലയളവ് കൂടിയായിരുന്നിത്. പ്രതിപക്ഷവും മാധ്യമങ്ങളും ഒരുപോലെ സംഘടിതമായി പിണറായി വേട്ടയ്ക്ക് ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ സിപിഎമ്മിന്റെ പ്രതിരോധം പലപ്പോഴും ദുര്‍ബലമാകുകയായിരുന്നു.

5

വി എസ് അച്യുതാനന്ദനും എസ്എന്‍സി ലാവലിന്‍ വിഷയത്തില്‍ പിണറായിക്കെതിരെ തിരിഞ്ഞതോടെ സംഭവബഹുലമായ മാധ്യമസംവാദവും രാഷ്ട്രീയ ഊഹാപോഹങ്ങളുംകൊണ്ട് പിണറായിയെന്ന ഉരുക്ക് മനുഷ്യന്മേല്‍ ആരോപണശരങ്ങള്‍ പെയ്തിറങ്ങി. പിണറായി വിജയനല്ല സിപിഎം സംസ്ഥാന സെക്രട്ടറിയല്ലെങ്കി എന്നേ തകരേണ്ടതായിരുന്നു പാര്‍ട്ടിസംവിധാനം. ആരോപണങ്ങള്‍ക്ക് രൂക്ഷമായ മറുപടി നല്‍കിയും പാര്‍ട്ടിയെ സംരക്ഷിച്ചും അദേഹം പാറപോലെ ഉറച്ചുനില്‍ക്കുന്നതാണ് പിന്നീട് സാക്ഷരകേരളം കണ്ടത്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം പാര്‍ട്ടിക്കെതിരെയുള്ളതാണ് പ്രഖ്യാപിച്ച് പിണറായി പ്രതിരോധിക്കുകയായിരുന്നു. തനിക്ക് മുമ്പും പിമ്പും വന്നവര്‍ ആരോപണങ്ങളുടേയും കേസിന്റെയും ദുര്‍ഘട പാതകളില്‍ നിന്ന് രക്ഷപ്പെട്ടുപോവുക. അഴിമതിക്കാരന്‍ എന്ന് മാധ്യമങ്ങള്‍ മുദ്രകുത്തുക. ഒടുവില്‍ വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍. ഇതൊക്കെയായിരുന്നു പിണറായി വിജയന്‍ എന്ന വിപ്ലവകാരി അഭിമുഖീകരിച്ചത്.
കേരള രാഷ്ട്രീയത്തെ, പ്രത്യേകിച്ച് സിപിഎം രാഷ്ട്രീയത്തെ ഇളക്കിമറിച്ച ലാവലിന്‍ ഇടപാടിന്റേയും കേസിന്റേയും മറുപുറങ്ങളും യാഥാര്‍ഥ്യങ്ങളും തേടുമ്പോള്‍ പിണറായി കുറ്റക്കാരനല്ലെന്ന് സിബിഐ കണ്ടെത്തുകയായിരുന്നു. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ സോളാര്‍, സരിത, ബാര്‍കോഴ എന്നിങ്ങനെ നിരവധി വിഷയങ്ങളില്‍പ്പെട്ട് ഉഴലുന്നതിനിടെയാണ് പിണറായിയെ ലക്ഷ്യം വെയ്ക്കാന്‍ യുഡിഎഫ് സര്‍ക്കാറിന്റെ രാഷ്ട്രീയ കോമാളിത്തം. സിബിഐ കോടതി ഉത്തരവ് വന്ന് രണ്ട് വര്‍ഷവും രണ്ട് മാസവും പിന്നിട്ടപ്പോഴാണ് ഹൈക്കോടതിയില്‍ റിവ്യുഹര്‍ജി നല്‍കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഡിജിപി ആസിഫലിയെ നിയോഗിച്ചത്. ഇതിന് പിന്നിലെ രാഷ്ട്രീയം
പകല്‍പോലെ വ്യക്തമാണ്.

4
1995 ആഗസ്റ്റ് 10നാണ് പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജല വൈദ്യുതി പദ്ധതികളുടെ അറ്റകുറ്റ പണികള്‍ക്കായി കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവലിനുമായി ധാരണ പത്രം ഒപ്പിടുന്നത്. യുഡിഎഫ് സര്‍ക്കാരായിരുന്നു അപ്പോള്‍ അധികാരത്തില്‍. അന്തരിച്ച ജി കാര്‍ത്തികേയന്‍ ആയിരുന്നു അന്ന് വൈദ്യുതി മന്ത്രി. കണ്‍സള്‍ട്ടന്‍സി കരാര്‍ 1996 ഫെബ്രുവരി 24 എസ്എന്‍സി ലാവലിനെ കണ്‍സള്‍ട്ടന്റ് ആയി നിയമിച്ചു. ഈ കരാറും ഒപ്പിട്ടത് അന്നത്തെ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന ജി കാര്‍ത്തികേയന്‍ ആയിരുന്നു. 1996 ഒക്ടോബര്‍ പിണറായി വിജയന്റെ വിവാദമായ കാനഡ സന്ദര്‍ശനം. സാങ്കേതിക വിദഗ്ധരൊന്നും കൂടെയില്ലാതെയാണ് പിണറായി വിജയന്‍ കാനഡ സന്ദര്‍ശിച്ചത് എന്നായിരുന്നു വിവാദത്തിന് വഴിമരുന്നിട്ടത്്. 1997 ഫെബ്രുവരി 2ന് ഇ. ബാലാന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളി ലാവലിനുമായി കരാറില്‍ ഒപ്പിട്ടു. മലബാര്‍ ക്യാന്‍സര്‍ സെന്ററിന് 100 കോടി നല്‍കും എന്ന വാഗ്ദാനത്തിന്റെ പേരിലായിരുന്നു ഇത്. 1998 മാര്‍ച്ച് കരാറിന് മന്ത്രിസഭയുടെ അംഗീകാരം. ഇ കെ നായനാര്‍ ആയിരുന്നു അന്ന് മുഖ്യമന്ത്രി. 1998 ജൂലായില്‍ ലാവലിനുമായി അന്തിമ കരാറില്‍ ഒപ്പിട്ടു. 2002 ജനുവരി 11 ലാവലിന് കരാര്‍ നല്‍കിയതിനെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്ന് നിയമസഭ സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആഗോള ടെണ്ടന്‍ വിളിക്കാതെ ലാവലിനുമായി കരാര്‍ ഏര്‍പ്പെട്ടതില്‍ സംസ്ഥാന സര്‍ക്കാരിന് കോടികളുടെ നഷ്ടമെന്ന് സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നു. 2005 ജൂലായ് 13 നായിരുന്നു ഇത്. പിണറായി വിജയന്റെ ജീവിതത്തിലെ കറുത്തദിനങ്ങള്‍ക്ക് ചൂടുപകര്‍ന്നത് ഈ സംഭവമായിരുന്നു. രാഷ്ട്രീയ എതിരാളികളും മാധ്യമങ്ങളും ഒരുപോലെ ആഘോഷിക്കപ്പെട്ട സംഭവം. ഈ കാലയളവില്‍ എസ്എന്‍സി ലാവലിന്‍ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന ആവശ്യവുമായി വിഎസ് അച്യുതാനന്ദന്‍ രംഗത്ത് വന്നത് ഏറെ ചര്‍ച്ചയായി.

3

2005 ജൂലായ് 19 നായിരുന്നു വിഎസിന്റെ പ്രസ്താവന സിപിഎമ്മിനെ ഞെട്ടിപ്പിച്ചുകൊണ്ട് പുറത്തുവരുന്നത്. ഇത് പാര്‍ട്ടിക്കുള്ളില്‍ വന്‍ പൊട്ടിത്തെറിതന്നെ സൃഷ്ടിച്ചു. 2007 ജനുവരി 16 ന് കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കണം എന്ന് ഹൈക്കോടതി ഉത്തരവിട്ടു. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തു. 2006 മാര്‍ച്ച് 1ന് ഇടപാടില്‍ ക്രമക്കേട് നടന്നു എന്ന വിജിലന്‍സ് കണ്ടെത്തലിനെ തുടര്‍ന്ന് കേസ് സിബിഐക്ക് വിടാന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. 2006 ഡിസംബര്‍ നാലിന് ലാവലിന്‍ ഇടപാടില്‍ സിബിഐ അന്വേഷണം വേണ്ട വിജിലന്‍സ് അന്വേഷണം മതിയെന്ന് എല്‍ഡിഎഫ് മന്ത്രിസഭ തീരുമാനിച്ചു. 2009 ജനുവരി 21 ന് പിണറായിയെ പ്രതിചേര്‍ക്കാന്‍ സിബിഐ ഗവര്‍ണറുടെ അനുമതി തേടി. 2009 മെയ് ആറിന് പിണറായി വിജയനെ പ്രോസിക്യൂട്ട് ചെ്‌യാന്‍ അനുമതി നല്‍കുതെന്ന് മന്ത്രി സഭ യോഗം ഗവര്‍ണറോട് ആവശ്യപ്പെട്ടെങ്കിലും, 2009 ജൂണ്‍ 7 മന്ത്രിസഭയുടെ നിര്‍ദ്ദേശം തള്ളിക്കൊണ്ട് പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐക്ക് ഗവര്‍ണറുടെ അനുമതി ലഭിച്ചു. 2009 ജൂണ്‍ 11 ന് പിണറായി വിജയനെ പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. 2011 ഡിസംബര്‍ 19 ന് തുടരന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരത്തെ സബിഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. ലാവലിന്‍ കേസില്‍ പിണറായി ഉള്‍പ്പെടെയുള്ളവരുടെ വിചാരണ നടപടികള്‍ ഉടന്‍ തുടങ്ങണമെന്ന് 2013 ജൂണ്‍ 18 ന് ഹൈക്കോടതി ഉത്തരവിട്ടു. കേസിലെ വിടുതല്‍ ഹര്‍ജികള്‍ ആദ്യം പരിഗണിക്കണം എന്നും നിര്‍ദ്ദേശം. 2013 നവംബര്‍ അഞ്ചിന് സിബിഐ തയ്യാറാക്കിയ കുറ്റപത്രം നിലനില്‍ക്കുന്നതല്ലെന്ന് കാണിച്ച് കോടതി തള്ളി. പിണറായി വിജയന്റെ വിടുതല്‍ ഹര്‍ജി കോടതി അംഗീകരിച്ചു. ഇതായിരുന്നു എസ്എന്‍സി ലാവലിന്‍ കേസിന്റെ നാള്‍വഴികള്‍.

8
പിണറായി അഴിമതി നടത്തിയില്ലെന്ന് രാജ്യത്തെത്തന്നെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തലിനെ അംഗീകരിക്കാത്തതല്ല യഥാര്‍ഥത്തില്‍ യുഡിഎഫിന്റെ പ്രശ്‌നം. മറിച്ച് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണിയെയും പാര്‍ട്ടിയെയും നയിക്കുന്നതും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി അംഗീകരിച്ച വ്യക്തിയെന്ന നിലയിലാണ് പിണറായി വിജയന്‍ ടാര്‍ഗറ്റ് ചെയ്യപ്പെട്ടത്. ഇക്കാര്യത്തില്‍ വി എസ് അച്യുതാനന്ദന്‍ എന്തു പറയുമെന്ന് ഒന്ന് ട്വിസ്റ്റ് ചെയ്ത് നോക്കുകയാണ് യുഡിഎഫ് ചെയ്തത്. പൊതുവെ വരുന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായ അന്തരീക്ഷമാണുള്ളത്. ഇത് കഴിഞ്ഞ തദേശഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിലൂടെ യുഡിഎഫിന് വ്യക്തമായതുമാണ്. ബിജെപിയുടെ മുന്നേറ്റം, വെള്ളാപ്പള്ളിയുടെ സംഘ്പരിവാര്‍ ബാന്ധവം, ഗോമാംസ വിവാദം, അസഹിഷ്ണുത തുടങ്ങിയ കാര്യങ്ങളില്‍ കൃത്യമായ നിലപാട് എടുക്കുന്നതില്‍ യുഡിഎഫ് പരാജയപ്പെടുകയായിരുന്നു. ഈ ഫലപ്രദമായി ഉപയോഗിക്കാനും ശക്തവും വ്യക്തവുമായ രാഷ്ട്രീയ വീക്ഷണം നടത്താനും ഇടതുപക്ഷത്തിന് ഒരു പരിധി വരെ കഴിയുകയും ചെയ്തു. ഇടതുപക്ഷത്തിന്റെ ഉറച്ച നിലപാടിന് വിരുദ്ധമാകാനേ പലപ്പോഴും വലതുകക്ഷികള്‍ക്ക് ആയുള്ളു. വി എം സുധീരനും ടി എന്‍ പ്രതാപനും വി ഡി സതീശനും വി ടി ബല്‍റാമുമൊക്കെയേ ഇതിനൊരു അപവാദമായി നിന്നുള്ളു.

1

ഐസ്ആര്‍ഒ ചാരക്കേസില്‍ കെ കരുണാകരനെ പുകച്ചുപ്പുറത്തുചാടിച്ച അതേ തന്ത്രം തന്നെ ഉമ്മന്‍ചാണ്ടി പയറ്റുമ്പോള്‍ ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ പരമാവധി സംയമനം പാലിക്കേണ്ടതുണ്ട്.  സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് ബന്ധമുണ്ടായിട്ടും രാജിവെച്ച് മുഖംരക്ഷിക്കാതെ കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്ന നിലപാടായിരുന്നു ഉമ്മന്‍ചാണ്ടിയുടേത്. കോണ്‍ഗ്രസിനകത്ത് മുഖ്യമന്ത്രിക്കസേരയ്ക്കായി രമേശ് ചെന്നിത്തലയും വി എം സുധീരനും ഒരുപോലെ തന്ത്രം മെനയുന്നതിന്റെ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുകയെന്ന തന്ത്രവും ഇതിന് പിന്നിലുണ്ടെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ രാഷ്ട്രീയപ്രേരിതമായ ഈ നീക്കം യുഡിഎഫിന് ഗുണത്തേക്കാളെറെ ദോഷം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. സിബിഐ കോടതി ഉത്തരവിനെതിരെ അപ്പോള്‍ത്തന്നെ മേല്‍കോടതിയെ സമീപിക്കാന്‍ അവസരമുണ്ടായിരുന്നു. ഇതിനിടെ പലപ്രതിസന്ധികളും യുഡിഎഫിന് അഭിമുഖീകരിക്കേണ്ടി വന്നു. ടി പി ചന്ദ്രശേഖരന്‍ വധം പരമാവധി പ്രയോജനപ്പെടുത്താന്‍ കോണ്‍ഗ്രസിനും യുഡിഎഫിനും കഴിഞ്ഞെങ്കിലും തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ എല്‍ഡിഎഫിനെ പ്രതിരോധത്തിലാക്കുകയായിരുന്നു എസ്എന്‍സി ലാവലിനിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഇത് എത്രത്തോളം ഗുണം ചെയ്യുമെന്നുള്ളത് അനുഭവിച്ചുതന്നെ അറിയേണ്ടിവരും.

© 2024 Live Kerala News. All Rights Reserved.