ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യ ജൈത്രയാത്ര തുടങ്ങി; ട്വന്റി20 ക്രിക്കറ്റ് സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

പെര്‍ത്ത്: പെര്‍ത്തിലെ വാക്കാ സ്‌റ്റേഡിയത്തില്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനു മുന്നോടിയായി നടന്ന ട്വന്റി20 ക്രിക്കറ്റ് സന്നാഹ മത്സരത്തില്‍ ഇന്ത്യക്കു ജയം. മത്സരത്തില്‍ ഇന്ത്യ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ ഇലവനെ 74 റണ്ണിനാണു തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റിന് 192 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ ഇലവന് ആറ് വിക്കറ്റിന് 118 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ ശിഖര്‍ ധവാന്‍ (46 പന്തില്‍ മൂന്ന് സിക്‌സറും മൂന്ന് ഫോറുമടക്കം 74), വിരാട് കോഹ്ലി (44 പന്തില്‍ മൂന്ന് സിക്‌സറും ഏഴ് ഫോറുമടക്കം 74) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യക്കു മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്. ധോണി 14 പന്തില്‍ രണ്ട് സിക്‌സറും ഒരു ഫോറുമടക്കം 22 റണ്ണുമായി പുറത്താകാതെനിന്നു. ഓപ്പണര്‍ രോഹിത് ശര്‍മ (ആറ്), അജിന്‍ക്യ രഹാനെ (രണ്ട്) എന്നിവര്‍ നിരാശപ്പെടുത്തി. 60 പന്തില്‍ 11 ഫോറുകളടക്കം പുറത്താകാതെ 74 റണ്ണെടുത്ത ഓപ്പണര്‍ ട്രാവിസ് ബിര്‍ട്ട് മാത്രമാണ് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ ഇലവനില്‍ മികച്ച പ്രകടനം പുറത്തെടുത്തത്. വിക്കറ്റ് കീപ്പര്‍ ജോഷ് ഇന്‍ഗ്ലിസിനുമാത്രമാണ് (11) ബിര്‍ട്ടിനെ കൂടാതെ രണ്ടക്കം കടക്കാന്‍ കഴിഞ്ഞത്. ഇന്ത്യക്കു വേണ്ടി ബാരിന്ദര്‍ സ്രാന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ രണ്ട്‌വിക്കറ്റ് വീതം നേടി. ചൊവ്വാഴ്ചയാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം ഔദ്യോഗികമായി തുടങ്ങുക. ഇന്ത്യക്കെതിരായ ട്വന്റി20, ഏകദിന പരമ്പര വെല്ലുവിളിയാണെന്ന് ഓസീസ് ടീം കോച്ച് ഡാരന്‍ ലീമാന്‍ പറഞ്ഞു. മിച്ചല്‍ ജോണ്‍സണ്‍ വിരമിച്ചതിനാലും മിച്ചല്‍ സ്റ്റാര്‍ക്ക് പരുക്കിന്റെ പിടിയിലായതിനാലും ഓസീസ് ബൗളിങ്ങിന് പരിചയ സമ്പത്ത് കുറഞ്ഞ ബൗളിങ് നിരയുമായാണ് ഓസീസ് കളിക്കുന്നതെന്നു ലീമാന്‍ പറഞ്ഞു. മാര്‍ച്ച്ഏപ്രില്‍ മാസങ്ങളിലായി നടക്കുന്ന ട്വന്റി20 ലോകകപ്പിനു മുന്നോടിയായി നടക്കുന്ന ഓസീസ് പര്യടനം ഇന്ത്യക്കു കരുത്ത് നല്‍കുമെന്ന പ്രതീക്ഷയിലാണ് ബി.സി.സി.ഐ. ഒരു മാസം നീളുന്ന പര്യടനത്തില്‍ ഇന്ത്യ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയും മൂന്ന് ട്വന്റി20 കളുടെ പരമ്പരയുമാണു കളിക്കുന്നത്.