തൊഴില്‍ സമയം ഒമ്പത് മണിക്കൂറാക്കും; ക്വാഷ്യല്‍ ലീവ് വെട്ടിക്കുറക്കും; തൊഴിലാളികളുടെ നെഞ്ചത്തടിക്കുന്നതാണ് പുതിയ ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്

ന്യൂഡല്‍ഹി: ഏറ്റവും കുറഞ്ഞ തൊഴില്‍സമയം എട്ടുമണിക്കൂറില്‍ നിന്നും ഒമ്പതാകും, ഉച്ചഭക്ഷണത്തിന് അരമണിക്കൂര്‍, സ്ത്രീകള്‍ക്കും രാത്രിഷിഫ്റ്റ്, സാധാരണ ഷിഫ്റ്റ് പത്തരമണിക്കൂര്‍ വരെ നീളാം. അടിയന്തര ജോലിയുണ്ടെങ്കില്‍ 12 മണിക്കൂര്‍ വരെയാകാം, നിലവിലെ ഷോപ്പ് ആക്റ്റ് പ്രകാരം വര്‍ഷം 12 കാഷ്വല്‍ ലീവ് എന്നത് പുതിയതില്‍ എട്ടെണ്ണമാകും, തൊഴിലുടമ നിശ്ചയിക്കുന്ന ഷിഫ്റ്റില്‍ ജോലിയെടുക്കണം, സ്ഥാപനത്തിന് ആഴ്ചയില്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കാം, പക്ഷേ തൊഴിലാളിക്ക് ആഴ്ചയില്‍ ഒരവധി നിര്‍ബന്ധമായും കൊടുക്കണം. തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥകളില്‍ കടുത്ത പരിഷ്‌കാരങ്ങളോടെ പുതിയ ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റിന് കേന്ദ്രം നിര്‍ദേശം നല്‍കി. പത്തില്‍ കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ മാത്രമെ കേന്ദ്രത്തിന്റെ പുതിയ നിയമത്തിന്‍ കീഴില്‍ വരികയുള്ളു. പുതിയ നിര്‍ദേശങ്ങള്‍ പ്രകാരം സ്ഥാപനങ്ങള്‍ക്ക് വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിക്കാം, കൂടാതെ ജോലിസമയം കൂട്ടാം, അവധികളുടെ എണ്ണം കുറക്കാം എന്നിങ്ങനെയാണ്.

images

ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റിലെ പുതിയ നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടവ. കേരളമടക്കം മിക്ക സംസ്ഥാനങ്ങളിലും നിലവിലുളള ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റിന് ബദലായിട്ടാണ് കേന്ദ്രം പുതിയ നിയമത്തിന്റെ കരട് തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ എല്ലാ സംസ്ഥാനങ്ങളിലും പത്തില്‍ താഴെ തൊഴിലാളികള്‍ ഉളള സ്ഥാപനങ്ങളും ഷോപ്പ് ആക്റ്റിന് കീഴിലാണ്. ഇതിനെയൊക്കെ മറികടക്കുന്നതാണ് കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശങ്ങള്‍. ഒന്നുകില്‍ സംസ്ഥാനങ്ങള്‍ക്ക് ഇത് അതേപടി അംഗീകരിക്കുകയോ, പുതിയ നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങളുടെ നിയമത്തില്‍ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യാം. എന്നാല്‍ കരട് ബില്ലില്‍ സമവായത്തിനായി തൊഴില്‍ മന്ത്രി വിളിച്ച യോഗത്തില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുള്‍പ്പെടെ എല്ലാവരും കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശങ്ങളെ എതിര്‍ത്തു. ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യം പോലുമില്ലെന്നും പറഞ്ഞ് ബിഎംഎസ് അടക്കമുളള യൂണിയനുകള്‍ നിര്‍ദേശങ്ങള്‍ തള്ളിക്കളഞ്ഞു. സമരങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയും തൊഴിലാളികള്‍ നേടിയെടുത്ത തൊഴിലവകാശങ്ങളെ പൂര്‍ണ്ണമായും തള്ളുന്ന നിയമമാണിതെന്ന് ഇടതുപക്ഷം ആരോപിക്കുന്നു. തൊഴിലാളികളെ ബാധിക്കുന്ന നിയമം കൊണ്ടുവരുന്നതിനെതിരെ കോണ്‍ഗ്രസും രംഗത്തുവന്നു കഴിഞ്ഞു.

© 2024 Live Kerala News. All Rights Reserved.