മൈക്രോഫിന്‍സില്‍ എണ്‍പത് ലക്ഷത്തിന്റെ തട്ടിപ്പ് നടന്നതായി വിജിലന്‍സ്; വിഎസ് നല്‍കിയ ഹര്‍ജിയിലാണ് വിജിലന്‍സിന്റെ മറുപടി; വെള്ളാപ്പള്ളിയുടെ മുഖം വികൃതമാകുന്നു

തിരുവനന്തപുരം: പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ച് മുന്നോട്ടുപോകുന്നതിനിടെയാണ് മൈക്രഫിനാന്‍സ് തട്ടിപ്പ് കേസ് വെള്ളാപ്പള്ളി നടേശന്റെ മുഖം വികൃതമാക്കിക്കൊണ്ടിരിക്കുന്നത്. എസ്എന്‍ഡിപിയുടെ മൈക്രോഫിനാന്‍സ് പദ്ധതിയില്‍ 80ലക്ഷത്തി മുപ്പതിനായിരം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതായി വിജിലന്‍സ് കോടതിയെ അറിയിച്ചു. രഹസ്യ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. വിഎസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയിലാണ് വിജിലന്‍സിന്റെ മറുപടി. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വിജിലന്‍സ് ഇക്കാര്യം അറിയിച്ചത്. പിന്നോക്ക വികസന കോര്‍പറേഷന്‍ മുന്‍ എംഡി എന്‍ നജീബിനെതിരെ വകുപ്പുതല നടപടിക്കും വിജിലന്‍സ് ശിപാര്‍ശ അറിയിച്ചു. അന്വേഷണം സംബന്ധിച്ച രഹസ്യ പരിശോധനാ റിപ്പോര്‍ട്ട് തിങ്കളാഴ്ച്ച സമര്‍പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ ശശീന്ദ്രനാണ് തട്ടിപ്പു സ്ഥിരികരിച്ചതായി കോടതിയെ അറിയിച്ചത്. 2004 മുതല്‍ 2015 വരെയുള്ള കാലയളവില്‍ പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്ന് 15 കോടി രൂപ എസ്എന്‍ഡിപി വായ്‌പെടുത്തുവെന്നും,പരമാവധി 5 ശതമാനം പലിശക്ക് മാത്രം ഈഴവ സമുദയത്തിന് നല്‍കേണ്ട തുക 18 ശതമാനം വരെ പലിശക്ക് നല്‍കിയെന്നും വിഎസ് ആരോപിച്ചിരുന്നു. ഇത് വഴി 15 കോടിയോളം രൂപ വെള്ളാപ്പള്ളി തട്ടിയെടുത്തുവെന്നാണ് വിഎസിന്റെ ഹര്‍ജിയിലെ പ്രധാന ആരോപണം.വെള്ളാപ്പള്ളി നടേശന് പുറമെ യോഗം പ്രസിഡന്റ് എംഎന്‍ സോമന്‍,മൈക്രോഫിനാന്‍സ് ചുമതലക്കാരന്‍ കെകെ മഹേശന്‍,പിന്നോക്ക വികസന കോര്‍പ്പറേഷന്‍ മുന്‍ എംഡി എന്‍ നജീബ് എന്നിവരേയും പ്രതികളാക്കി കേസ്സെടുക്കണമെന്നാണ് വിഎസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളാപ്പള്ളിയെയും എസ്എന്‍ഡിപിയെയും ഒരുപോലെ പ്രതിരോധത്തിലാക്കുന്നതാണ് മൈക്രഫിനാന്‍സ് തട്ടിപ്പും വിജിലന്‍സ് റിപ്പോര്‍ട്ടും.

© 2024 Live Kerala News. All Rights Reserved.