വെള്ളാപ്പളളിക്കെതിരെ വീണ്ടും വിഎസ്; ഈഴവ സ്ത്രീകളെ വഞ്ചിച്ചകേസില്‍ ഒന്നാംപ്രതി; മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കക്ഷി ചേരും;കേസ് അട്ടിമറിക്കാനുളള വെള്ളാപ്പള്ളിയുടെ ശ്രമം വിലപ്പോകില്ലെന്നും വിഎസ്

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശനെതിരെ വി.എസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്. ഈഴവ സ്ത്രീകളെ വഞ്ചിച്ചകേസില്‍ ഒന്നാംപ്രതിയാണ് വെള്ളാപ്പള്ളി. മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കക്ഷി ചേരുമെന്നും വിഎസ് പ്രസ്താവനയില്‍ വ്യക്തമാക്കി.മെക്രോ ഫിനാന്‍സ് കേസ് അട്ടിമറിക്കാനുളള വെള്ളാപ്പള്ളിയുടെ ശ്രമം വിലപ്പോകില്ല. സര്‍ക്കാര്‍ ഇത്തരം കേസുകളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും വിഎസ്. എസ്എന്‍ഡിപി ശാഖകള്‍ കേന്ദ്രീകരിച്ച് മൈക്രോഫിനാന്‍സ് തട്ടിപ്പ് നടത്തി വെള്ളാപ്പളളി കോടികള്‍ തട്ടിച്ചു എന്ന് വിജിലന്‍സിനു മുന്‍പാകെ പരാതിയുമായി എത്തിയത് നേരത്തെ വിഎസ് ആയിരുന്നു. കേസില്‍ വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു. ഈ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാണ് വെള്ളാപ്പള്ളിയുടെ ആവശ്യം. വെളളാപ്പള്ളിയെ കൂടാതെ എസ്എന്‍ഡിപി പ്രസിഡന്റ് എം.എന്‍ സോമന്‍, മൈക്രോ ഫിനാന്‍സ് സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ കെ.കെ മഹേശന്‍ എന്നിവരും കേസില്‍ പ്രതികളാണ്. ഇന്നലെ മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തി വെള്ളാപ്പള്ളി നടേശന്‍ ചര്‍ച്ച നടത്തിയിരുന്നു. എസ്എന്‍ ട്രസ്റ്റ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കാണ് എത്തിയതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മൈക്രോ ഫിനാന്‍സ് കേസില്‍ തനിക്കൊന്നും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് വിഎസിന്റെ പ്രസ്താവന വന്നത്.

© 2024 Live Kerala News. All Rights Reserved.