ദാവൂദ് ഇബ്രാഹിമിന്റെ ഹോട്ടല്‍ ലേലത്തില്‍ പിടിച്ച മലയാളി മാധ്യമപ്രവര്‍ത്തകനെ കൊല്ലാന്‍ ഗൂഢാലോചന; അറസ്റ്റിലായ ദാവൂദ് സംഘാംഗത്തിന്റെയാണ് വെളിപ്പെടുത്തല്‍

മുംബൈ: ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെ ഹോട്ടല്‍ ലേലത്തില്‍ പിടിച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ എസ്. ബാലകൃഷ്ണനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതായി അറസ്റ്റിലായ ദാവൂദ് സംഘാംഗത്തിന്റെ വെളിപ്പെടുത്തല്‍. താനെ നഗരപ്രാന്തമായ മുംബ്രയില്‍ താമസിക്കുന്ന സയ്യദ് അബ്ബാസ് തുബ്‌ലാനി (47) ആണു പിടിയിലായത്. ദാവൂദിന്റെ വലംകൈ ഛോട്ടാ ഷക്കീലിന്റെ ഭീഷണി എസ്എംഎസ് ലഭിച്ചതായി നേരത്തെ ബാലകൃഷ്ണന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തുബ്ലാനിയെ പിടികൂടിയത്. ബാലകൃഷ്ണനെ അപായപ്പെടുത്താന്‍ ഛോട്ടാ ഷക്കീലിന്റെ നിര്‍ദേശാനുസരണം തയാറെടുക്കുകയായിരുന്നു തുബ്‌ലാനിയെന്നു പൊലീസ് കരുതുന്നു. ഷക്കീലുമായി നിരന്തരം ബന്ധപ്പെട്ടതിന്റെ ടെലിഫോണ്‍ രേഖകളും പൊലീസിനു ലഭിച്ചു. രണ്ടു മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും പിടിച്ചെടുത്തിട്ടുണ്ട്. കുറ്റകരമായ ഗൂഢാലോചന എന്ന വകുപ്പാണു ചുമത്തിയിരിക്കുന്നത്. ഭേണ്ഡി ബസാറിലെ പക്‌മോഡിയ തെരുവിലുള്ള ഹോട്ടല്‍ 4.27 കോടി രൂപയ്ക്കാണു താന്‍ നേതൃത്വം കൊടുക്കുന്ന സന്നദ്ധ സംഘടനയ്ക്കു വേണ്ടി ബാലകൃഷ്ണന്‍ ലേലത്തില്‍ പിടിച്ചത്. വധഭീഷണിയുടെ പശ്ചാത്തലത്തില്‍ ബാലകൃഷ്ണനു പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ എന്തൊക്കെ ഭീഷണികളുണ്ടായാലും പിന്‍മാറില്ലെന്ന നിലപാടില്‍ ബാലകൃഷ്ണന്‍ ഉറച്ചുനില്‍ക്കുകയാണ്.

© 2024 Live Kerala News. All Rights Reserved.