ഭീകരപ്രവര്‍ത്തനം നടത്തിയ 47 പേരെ സൗദി ഭരണകൂടം കഴുത്തറുത്തുകൊന്നു; ശിയാ പുരോഹിതനെയും വധശിക്ഷയ്ക്ക് വിധേയരാക്കിയതിനെതിരെ ഇറാന്‍ രംഗത്ത്

റിയാദ്: ഭീകരപ്രവര്‍ത്തനം നടത്തിയെന്നും രാജ്യത്തിനെതിരെ യുദ്ധം ചെയ്‌തെന്നും ആരോപിച്ച് സൗദി അറേബ്യന്‍ ഭരണകൂടം 47 പേരെ കഴുത്തറുത്തു കൊന്നു.
ഭീകരസംഘടനയായ അല്‍ ഖായ്ദ അംഗങ്ങളാണ് വധശിക്ഷയ്ക്ക് വിധേയരാക്കപ്പെട്ടവരിലേറെയും. അതേസമയം, ഒരു ഷിയ മുസ്‌ലിം പുരോഹിതനെയും വധശിക്ഷയ്ക്ക് വിധേയനാക്കി. ഇതിനെതിരെ ഇറാന്‍ രംഗത്തു വന്നിട്ടുണ്ട്. സൗദിക്ക് തക്കതായ തിരിച്ചടി നല്‍കുമെന്ന് അയല്‍രാജ്യമായ ഇറാന്‍ ഭീഷണി മുഴക്കി. സൗദി ആഭ്യന്തര മന്ത്രാലയാണ് 47 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയതായി മധ്യമങ്ങളിലൂടെ അറിയിച്ചത്. വധശിക്ഷയെ സാധൂകരിക്കുന്ന ഖുറാന്‍ ഭാഗങ്ങള്‍ കാണിച്ചുകൊണ്ടുള്ള വിഡിയോയില്‍ വിവിധ ആക്രമണങ്ങള്‍ സൗദിയില്‍ വരുത്തിവച്ച നാശനഷ്ടങ്ങളും ജീവഹാനികളുമുള്‍പ്പെടുന്ന വിഡിയോയും കാണിക്കുന്നുണ്ട്. 2003നും 2006നും ഇടയില്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്തിയതിന് പിടിയിലായ ആയിരക്കണക്കിന് ഭീകരര്‍ക്കിടയില്‍ നിന്നാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 47 പേരുടെ ശിക്ഷ ഇന്നു നടപ്പാക്കിയത്. നൂറിലധികം പേരാണ് ഇക്കാലയളവില്‍ സൗദിയില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. അതേസമയം, കുറ്റക്കാരെന്നു കണ്ടെത്തിയ നൂറു കണക്കിന് ഭീകരര്‍ ഇപ്പോഴും വിധി കാത്ത് ജയിലുകളില്‍ കഴിയുകയാണ്. 2016ല്‍ സൗദിയില്‍ നടപ്പിലാക്കുന്ന ആദ്യ വധശിക്ഷയാണിത്. 2015ല്‍ 157 പേരെയാണ് സൗദിയില്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയത്. 90 പേരെ മാത്രം വധശിക്ഷയ്ക്ക് വിധേയരാക്കിയ 2014നെ അപേക്ഷിച്ച് വന്‍ വര്‍ധനയാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. ഇതിന് പിന്നാലെയാണ് 2016ന്റെ തുടക്കത്തില്‍തന്നെ ഒറ്റയടിക്ക് 47 പേരെ വധിച്ചത്. ശിയാ പൗരനെ കൊന്നതിനെതിരെ തിരിച്ചടിക്കുമെനന് ഇറാന്‍ വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.