ആര്‍എസ്എസുകാര്‍ അടപ്പിച്ച ബീഫ് സ്റ്റാള്‍ ഡിവൈഎഫ്‌ഐ ഇടപെട്ട് തുറപ്പിച്ചു; സംഘ്പരിവാറിന്റെ ബീഫ് നിരോധന അജണ്ട കേരളത്തിലേക്കും

മാവേലിക്കര: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് അടപ്പിച്ച ബീഫ് സ്റ്റാള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇടപെട്ട് തുറപ്പിച്ചു. പുതുവര്‍ഷത്തലേന്ന് കച്ചവടം നടത്തുന്നതിനിടെയാണ് വഴുവാടി സ്വദേശി ജോയിയുടെ തഴക്കര കല്ലുമല മാര്‍ക്കറ്റിലെ ബീഫ് സ്റ്റാള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെത്തി ഭീഷണി മുഴക്കി അടപ്പിച്ചത്. തുടര്‍ന്ന് വിഷയത്തില്‍ ഡിവൈഎഫ്‌ഐ ഇടപെടുകയും,വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ കൂട്ടമായെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ സംരക്ഷണത്തില്‍ കട തുറപ്പിക്കുകയുമായിരുന്നു. അതേസമയം സിപിഐഎം-ആര്‍എസ്എസ് രാഷ്ട്രീയമാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് പിന്നിലെന്നും ഇതുസംബന്ധിച്ച് ആരും പരാതി നല്‍കിയിട്ടില്ലെന്നം മാവേലിക്കര എസ്.ഐ. വി.എം.ശ്രീകുമാര്‍ പറഞ്ഞു. മാവേലിക്കരയിലെ പ്രധാന കച്ചവട കേന്ദ്രമാണ് കല്ലുമലയിലെ മാര്‍ക്കറ്റ്. നാട്ടുകാരെല്ലാവരും സാധനങ്ങള്‍ വാങ്ങുന്ന ഈ മാര്‍ക്കറ്റില്‍ ഇത്തരമൊരു സംഭവം ആദ്യമായാണ് നടക്കുന്നത്. ബീഫുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടുത്തകാലത്ത് ഉണ്ടായപ്പോഴും, പ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്ന ഇവിടെ ഭീഷണി മുഴക്കിയെത്തി കടയടപ്പിച്ച ആര്‍എസ്എസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. സംഘ്പരിവാര്‍ ശക്തികളുടെ ബീഫ് അജണ്ട കേരളത്തിലും വ്യാപിപ്പിക്കാനുള്ള നീക്കമായാണ് വിദഗ്ധര്‍ ഇതിനെ വിലയിരുത്തുന്നത്.

© 2024 Live Kerala News. All Rights Reserved.