കടല്‍ക്കൊലക്കേസ് ഒത്തുതീര്‍പ്പിന്റെ വഴിയിലേക്ക്; പ്രതിയെ ഇറ്റലിയിലേക്ക് പോകാന്‍ അനുവദിക്കും

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസ് ഒത്തുതീര്‍പ്പിന്റെയും സമവായത്തിന്റെയും പാതയിലേക്ക് നീങ്ങിയതോടെ ഇന്ത്യയിലുള്ള പ്രതിയെ ഇറ്റലിയിലേക്ക് പോകാന്‍ അനുവദിക്കും. എന്നാല്‍ ട്രൈബ്യൂണല്‍ വിധി ഇന്ത്യയ്ക്ക് അനുകൂലമായാല്‍ പ്രതിയെ തിരിച്ചെത്തിക്കണം. യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് സമവായ ശ്രമം നടത്തുന്നത്. അറബിക്കടലില്‍ കേരള തീരത്ത് രണ്ടു മല്‍സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലാണ് ഇറ്റാലിയന്‍ സൈനികരായ ലസ്‌തോറെ മാസി മിലിയാനോയും സാല്‍വത്തോറെ ജിറോണും ഇന്ത്യയില്‍ വിചാരണ നേരിടുന്നത്. കൊല്ലം നീണ്ടകരയില്‍ നിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ടിലെ മത്സ്യത്തൊഴിലാളികളായ കൊല്ലം മൂദാക്കര ഡെറിക് വില്ലയില്‍ വാലന്റൈന്‍ (ജലസ്റ്റിന്‍ 50), കളിയാക്കാവിള നിദ്രവിള ഇരയിമ്മന്‍തുറ ഐസക് സേവ്യറിന്റെ മകന്‍ അജീഷ് ബിങ്കി (21) എന്നിവരാണു കടലില്‍ വെടിയേറ്റു മരിച്ചത്. 2012 ഫെബ്രുവരി 15നായിരുന്നു സംഭവം. ട്രൈബ്യൂണലില്‍ വിചാരണ തുടരുന്നതിനിടെയാണ് ഇരുരാജ്യങ്ങളും ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നത്.

© 2024 Live Kerala News. All Rights Reserved.