കടല്‍ക്കൊലക്കേസ്: രാജ്യാന്തര മധ്യസ്ഥതയ്ക്ക് തയാറാണെന്ന് ഇന്ത്യ

 

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ രാജ്യാന്തര മധ്യസ്ഥതയ്ക്ക് തയാറാണെന്ന് ഇന്ത്യ. രാജ്യാന്തര വേദിയില്‍ ഇറ്റലിക്കെതിരായ നടപടിയെടുക്കുമെന്ന് ഇന്ത്യ അറിയിച്ചു. കടല്‍ക്കൊല കേസ് ഇന്ത്യയില്‍ ഒരു തീരുമാനവുമാകാതെ നീണ്ടുപോകുന്നതിനാല്‍ രാജ്യാന്തര ആര്‍ബിട്രേഷന്‍ (മധ്യസ്ഥതാ നിര്‍ണയം) നടപടികളിലേക്കു നീങ്ങാന്‍ ഇറ്റലി നേരത്തെ തന്നെ ശ്രമം തുടങ്ങിയിരുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ കണ്‍വന്‍ഷന്‍ ഓണ്‍ ലോ ഓഫ് ദ് സീ ( അണ്‍ക്‌ളോസ്) പ്രകാരമായിരുന്നു അത്.

മൂന്നുവര്‍ഷമായി ചര്‍ച്ചകള്‍ നടത്തിയിട്ടും ഇന്ത്യയില്‍ ഇതു സംബന്ധിച്ച് ഒത്തുതീര്‍പ്പുണ്ടാകാത്തതും കോടതിയില്‍ കേസ് വിചാരണയിലേക്കു കടക്കാതിരിക്കുന്നതും കണക്കിലെടുത്താണ് ഇറ്റലി വിദേശകാര്യ മന്ത്രാലയം ഈ തീരുമാനമെടുത്തിരുന്നത്.

രണ്ടു മത്സ്യത്തൊഴിലാളികളെ കടലില്‍ വെടിവച്ചു കൊലപ്പെടുത്തിയതിന് ഇറ്റാലിയന്‍ നാവികരായ മാസിമിലിയാനോ ലാത്തോറെയെയും സാല്‍വത്തോര്‍ ഗിറോനെയെയും അറസ്റ്റ് ചെയ്തത് 2012ല്‍ ആണ്. കൊല്ലത്തെ കോടതിയില്‍ നിന്നു കേസ് സുപ്രീം കോടതിയിലേക്കു മാറ്റുകയും സുപ്രീം കോടതി പ്രത്യേക കോടതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. കേസന്വേഷണം എന്‍ഐഎയ്ക്കു കൈമാറി. എന്നാല്‍ ഇറ്റലി ഇതിനെ ചോദ്യംചെയ്തു. ഇക്കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.

ഇതിനിടയില്‍ മാസിമിലിയാനോ ലാത്തോറെ മസ്തിഷ്‌കാഘാതം ബാധിച്ചു ചികിത്സയിലായി. കഴിഞ്ഞ ഏപ്രിലില്‍ ലാത്തോറേയെ ഇറ്റലിയിലേക്കു പോകാന്‍ സുപ്രീം കോടതി അനുവദിച്ചു. ലാത്തോറെ ഈ മാസം 15നു മടങ്ങിവരേണ്ടതായിരുന്നു.

ഈ കേസില്‍ ഇറ്റലി ആദ്യംമുതല്‍ കൈക്കൊണ്ട സമീപനം വെടിവയ്പു നടന്നത് രാജ്യാന്തര സമുദ്രാതിര്‍ത്തിയിലായതിനാല്‍ കേസ് ഇറ്റാലിയന്‍ കോടതിയിലാണു നടക്കേണ്ടത് എന്നായിരുന്നു. കടല്‍ക്കൊള്ളക്കാര്‍ എന്നു കരുതിയാണു വെടിവച്ചത് എന്നും ഇറ്റലി വാദിക്കുന്നു.

കേസ് രാജ്യാന്തര ആര്‍ബിട്രേഷനു വിടണമെന്ന് ഇറ്റലി പാര്‍ലമെന്റ് പ്രമേയം പാസാക്കിയിരുന്നു. കേസ് ഇറ്റലിയില്‍ വിചാരണ ചെയ്യുകയോ രാജ്യാന്തര ആര്‍ബിട്രേഷനിലൂടെ പരിഹരിക്കുകയോ ചെയ്യണമെന്നു യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റും അഭിപ്രായപ്പെട്ടിരുന്നു.

© 2024 Live Kerala News. All Rights Reserved.