കൊച്ചി: പത്തേക്കര്‍ വരെയുള്ള നെല്‍വയല്‍ സ്വകാര്യ ആവശ്യത്തിനായി നികത്താന്‍ സര്‍ക്കാര്‍ നീക്കം നടത്തിയതിന്റെ തെളിവുകള്‍ പുറത്തുവന്നു. നെല്‍വയല്‍ നികത്തുന്നത് നിയമവിധേയമാക്കിയ ഓര്‍ഡിനന്‍സിന് രൂപം നല്‍കാന്‍ തയാറാക്കിയ മന്ത്രിസഭായോഗത്തിന്റെ രേഖകളാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
നേരത്തെ ഇത്തരത്തിലുളള വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണെന്നും, കാബിനറ്റിലോ, പാര്‍ട്ടിയിലോ, യുഡിഎഫിലോ ചര്‍ച്ച ചെയ്തിട്ടില്ലെന്നും മന്ത്രി അടൂര്‍ പ്രകാശ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച രേഖകള്‍ കുറിപ്പ് പുറത്ത് വന്നതോടെയാണ് അടൂര്‍പ്രകാശിന്റെ വാദങ്ങള്‍ പൊളിയുന്നത്. 2015 സെപ്റ്റംബര്‍ 15ലെ മന്ത്രിസഭാ യോഗത്തില്‍ പരിഗണിച്ച കുറിപ്പ് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്നും ഇതില്‍ വ്യക്തമാണ്. വിഷയത്തില്‍ പരിസ്ഥിതി വകുപ്പിന്റെ അഭിപ്രായം രേഖപ്പെടുത്തി അടുത്ത മന്ത്രിസഭായോഗത്തില്‍ സമര്‍പ്പിക്കാനും തീരുമാനം എടുത്തിരുന്നു. എന്നാല്‍ തണ്ണീര്‍ത്തടങ്ങളുടെ കാര്യത്തില്‍ നിയമചട്ട രൂപവത്കരണത്തിന് തങ്ങള്‍ക്ക് അധികാരമില്ലെന്ന മറുപടിയാണ് പരിസ്ഥിതി വകുപ്പ് ഇക്കാര്യത്തില്‍ കൊടുത്തത്. റിയല്‍ എസ്റ്റേറ്റ് ലോബിക്ക് വേണ്ടി മാത്രമാണ് ഇങ്ങനെയൊരു നീക്കം നടത്തിയതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.