യുവാക്കളെ തലയ്ക്കടിച്ച് കൊന്നത് വീട്ടമ്മയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തതിന്; കൊലയാളികള്‍ 12 അംഗ സംഘം; പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതം

തൃശൂര്‍:പറപ്പൂക്കരയില്‍ രണ്ട് യുവാക്കളെ തലക്കടിച്ച് കൊന്നത് വീട്ടമ്മയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തതിനെന്ന് പൊലീസിന് വിവരം ലഭിച്ചു. സുഹൃത്തിന്റെ ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണം. 12 അംഗസംഘമാണ് കൃത്യം നടത്തിയത്. തൃശൂര്‍ വരാക്കര സ്വദേശി മെല്‍വിന്‍, മടിക്കര സ്വദേശി വിശ്വജിത് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ പറപ്പൂക്കരക്ക് സമീപമുള്ള ആളൊഴിഞ്ഞ പ്രദേശത്തെ വഴിയരുകിലാണ് ഇവരെ രക്തം വാര്‍ന്ന് ബോധരഹിതമായ നിലയില്‍ കണ്ടത്. ഇവര്‍ക്കൊപ്പം സുഹൃത്തക്കളായ മിഥുന്‍, ശ്രീജിത്ത് എന്നിവര്‍ക്കും പരുക്കേറ്റു. ഇതിലൊരാളുടെ ഭാര്യയെ ഏതാനും ചിലര്‍ ശല്യം ചെയ്തതിനെ ചൊല്ലി ഇവരും മറ്റൊരു സംഘവും തമ്മില്‍ ഏതാനും നാളുകളായി സംഘര്‍ഷം നിലനിന്നിരുന്നതായി പൊലീസിന് സൂചന ലഭിച്ചു. നാളുകളായി നിലനിന്ന വൈരാഗ്യത്തിന്റെ തുടര്‍ച്ചയായി 12 പേരുടെ സംഘം പറപ്പൂക്കരയിലെത്തി മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. തലക്കേറ്റ പരുക്കില്‍ നിന്ന് രക്തം വാര്‍ന്ന് മണിക്കൂറോളം റോഡില്‍ കിടന്നതാണ് മരണകാരണമെന്ന് കരുതുന്നു. വീട്ടമ്മയെ നിരന്തരമായി സംഘത്തിലെ ചിലര്‍ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തതാണ് കൊലപാതകകാരണം. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

© 2024 Live Kerala News. All Rights Reserved.