‘ചെയ്ത തെറ്റ് എന്തെന്ന് പറയൂ..’ മോഡിയോട് കീര്‍ത്തി ആസാദ്; പിന്തുണയുമായി സുബ്രഹ്മണ്യ സ്വാമിയും;

 ധനകാര്യ മന്ത്രി ജയ്റ്റ്‌ലിക്കെതിരായ അഴിമതി വെളിപ്പെടുത്തിയതിന് പാര്‍ട്ടിയില്‍ നിന്നും തന്നെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മറുപടി പറയണമെന്ന് ബിജെപി എംപി കീര്‍ത്തി ആസാദ്. എന്താണ് ഞാന്‍ ചെയ്ത തെറ്റെന്ന് മോഡി പറയണം. ഇതില്‍ തനിക്ക് വ്യക്തമായ ഉച്ചരം മോഡി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിനിടെ, ജയ്റ്റ്‌ലിക്കെതിരായ ആരോപണം ചര്‍ച്ച ചെയ്യാന്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിയുടെ നേതൃത്വത്തിലുള്ള വിമത പക്ഷം മുരളീ മനോഹര്‍ ജോഷിയുടെ വീട്ടില്‍ യോഗം ചേര്‍ന്നു.

പാര്‍ട്ടി വിലക്ക് ലംഘിച്ച് ഡല്‍ഹി ക്രിക്കറ്റ് ബോര്‍ഡ് അഴിമതിയില്‍ അരുണ്‍ ജയ്റ്റ്‌ലിയ്‌ക്കെതിരെ തെളിവുകള്‍ പുറത്തുവിട്ടതിന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്നലെ കീര്‍ത്തി ആസാദിനെ പാര്‍ട്ടിയില്‍  നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടിയില്‍ നിന്ന് തന്നെ സസ്‌പെന്‍ഡ് ചെയ്തതില്‍ കൃത്യമായ വിശദീകരണം നല്‍കണമെന്നും, സസ്‌പെന്‍ഷന്‍ നോട്ടിസില്‍ പുറത്താക്കിയതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ലെന്നും കീര്‍ത്തി ആസാദ് പറഞ്ഞു. കൂടാതെ ഡിഡിസിഎ അഴിമതിയില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിക്കെ തിരെയോ സര്‍ക്കാരിനെതിരെയോ താനൊന്നും പറഞ്ഞിട്ടില്ല. അഴിമതിക്കെതിരെ മാത്രമാണ് പറഞ്ഞത്.

കേന്ദ്ര ധനമന്ത്രിയെ കള്ളന്‍ എന്ന് ഒരിക്കലും വിളിച്ചിട്ടില്ല. ഒരു പ്രത്യേക വ്യക്തിക്കും എതിരെയല്ല, ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതിക്കെതിരെയാണ് തന്റെ പോരാട്ടമെന്നും, ദൗര്‍ഭാഗ്യവശാല്‍ സത്യം പറഞ്ഞതിനാല്‍ താന്‍ വേട്ടയാടപ്പെടുകയാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നും ബിജെപിയിലെത്തിയ താന്‍ ഡിഡിസിഎയിലെ അഴിമതിക്കെതിരെ പോരാടിയതിനാണ് പാര്‍ട്ടി പുറത്താക്കിയതെന്നതില്‍ സങ്കടമുണ്ട്. എന്താണ് താന്‍ ചെയ്യാന്‍ പോകുന്നതെന്ന് കാത്തിരുന്ന് കാണൂവെന്നും കീര്‍ത്തി ആസാദ് പറഞ്ഞു.

ഡിഡിസിഎ അഴിമതിയുടെ തെളിവുകള്‍ ഡിഡിസിഎയുടെ ഓഫീസില്‍ നിന്നും അപ്രത്യക്ഷമാകുന്നുവെന്ന് ആശങ്ക ഉന്നയിച്ച ആസാദ് കെജ്രിവാളിന്റെ ഓഫീസ് റെയ്ഡ് നടത്തിയ സിബിഐയ്ക്ക് എന്ത്‌കൊണ്ട് ഡിഡിസിഎയുടെ ഓഫീസ് റെയ്ഡ് ചെയ്യുന്നില്ലെന്നും ചോദിച്ചു. കഴിഞ്ഞ ദിവസം രണ്ട് പെട്ടി രേഖകളാണ് ഇവിടെ നിന്നും കടത്തിയത്. തെളിവുകള്‍ അപ്രത്യക്ഷമാകുകയാണ്. അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് കീര്‍ത്തി ആസാദിനെതിരെ നടപടിയെന്നാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയിരുന്നത്. കൂടാതെ അമിത് ഷായുടെ ശാസന തള്ളി പത്രസമ്മേളനം നടത്തിയ കീര്‍ത്തി ആസാദ് ജയ്റ്റ്‌ലിക്കെതിരായ തെളിവുകള്‍ പുറത്തുവിടുകയും സിബിഐ അന്വേഷണം വേണമെന്ന് ലോക്‌സഭയില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. 2013 വരെ 13 വര്‍ഷം ഡിഡിസിഎ പ്രസിഡന്റായിരുന്ന ജയ്റ്റ്‌ലിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് എഎപിയും ബിജെപി എംപിയായ കീര്‍ത്തി ആസാദ് ഉന്നയിച്ചിരുന്നത്.

അതേസമയം, കീര്‍ത്തി ആസാദിനു പിന്തുണയുമായി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തി. കീര്‍ത്തി ആസാദ് ഇപ്പോഴും ബിജെപി അംഗമാണെന്നും, അതിനാല്‍ നോട്ടീസിന് മറുപടി പറയാന്‍ താന്‍ സഹായിക്കുമെന്നും സ്വാമി പറഞ്ഞു. കീര്‍ത്തി ആസാദിനെപ്പോലുളള സത്യസന്ധരെ പാര്‍ട്ടി നഷ്ടപ്പെടുത്തുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  മറ്റൊരു ബിജെപി എംപിയും പാര്‍ട്ടിക്ക് അനഭിമതനായ നേതാവുമായ ശത്രുഘ്‌നന്‍ സിന്‍ഹയും കീര്‍ത്തി ആസാദിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

അഴിമതിക്കെതിരെ പ്രതികരിച്ചതിനാണോ കീര്‍ത്തി ആസാദിനെ പുറത്താക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

അതിനിടെ, ജയ്റ്റ്‌ലിക്കെതിരായ അഴിമതി ആരോപണവും കീര്‍ത്തി ആസാദിനെതിരായ നടപടിയും ചര്‍ച്ച ചെയ്യാന്‍ എല്‍കെ അദ്വാനിയുടെ നേതൃത്വത്തിലുള്ള വിമത നേതാക്കള്‍ മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷിയുടെ വീട്ടില്‍ യോഗം ചേരുകയാണ്. പുതിയ വിവാദത്തിന്റെ അടിസ്ഥാനത്തില്‍ മോഡി-അമിത് ഷാ നേതൃത്വത്തിനെതിരെ ശക്തമായി രംഗത്തുവരാനാണ് നീക്കം. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്കേറ്റ തിരിച്ചടിയ്ക്ക് പിന്നാലെ മോഡിക്കെതിരെ ഈ നേതാക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു

© 2024 Live Kerala News. All Rights Reserved.