പാര്‍ട്ടിക്കും സര്‍ക്കാരിനും എതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് കീര്‍ത്തി ആസാദ്; അഴിമതിക്കെതിരായ പോരാട്ടം തുടരും

പാര്‍ട്ടിക്കെതിരെയോ സര്‍ക്കാരിനെതിരെയോ താനൊന്നും പറഞ്ഞിട്ടില്ലെന്നും, അഴിമതിക്കെതിരെ മാത്രമാണ് പറഞ്ഞതെന്നും എംപി കീര്‍ത്തി ആസാദ്. കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റിലിക്കെതിരെ അഴിമതി ആരോപണമുന്നയിച്ചതിന് ബിജെപിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വാര്‍ത്തയോട് പ്രതികരിക്കുകയായിരു ന്നു അദ്ദേഹം. കേന്ദ്ര ധനമന്ത്രിയെ കള്ളന്‍ എന്ന് ഒരിക്കലും വിളിച്ചിട്ടില്ലെന്നും, പാര്‍ട്ടി പ്രസിഡന്റില്‍ നിന്നും യാതൊരുവിധ സസ്‌പെന്‍ഷന്‍ അറിയിപ്പുകളും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു പ്രത്യേക വ്യക്തിക്കും എതിരെയല്ലാ, ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതിക്കെതിരെയാണ് തന്റെ പോരാട്ടമെന്നും, ദൗര്‍ഭാഗ്യവശാല്‍ സത്യം പറഞ്ഞതിനാല്‍ താന്‍ വേട്ടയാടപ്പെടുകയാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നും ബിജെപിയിലെത്തിയ താന്‍ ഡിഡിസിഎയിലെ അഴിമതിക്കെതിരെ പോരാടിയതിനാണ് പാര്‍ട്ടി പുറത്താക്കിയതെന്നതില്‍ സങ്കടമുണ്ട്. എന്താണ് താന്‍ ചെയ്യാന്‍ പോകുന്നതെന്ന് കാത്തിരിക്കുവെന്നും കീര്‍ത്തി ആസാദ് പറഞ്ഞു.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് കീര്‍ത്തി ആസാദിനെതിരെ നടപടിയെന്നാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയിരുന്നത്. കൂടാതെ അമിത് ഷായുടെ ശാസന തള്ളി പത്രസമ്മേളനം നടത്തിയ കീര്‍ത്തി ആസാദ് ജയ്റ്റ്‌ലിക്കെതിരായ തെളിവുകള്‍ പുറത്തുവിടുകയും സിബിഐ അന്വേഷണം വേണമെന്ന് ലോക്‌സഭയില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. 2013 വരെ 13 വര്‍ഷം ഡിഡിസിഎ പ്രസിഡന്റായിരുന്ന ജയ്റ്റ്‌ലിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് എഎപിയും ബിജെപി എംപിയായ കീര്‍ത്തി ആസാദ് ഉന്നയിച്ചിരുന്നത്.

© 2024 Live Kerala News. All Rights Reserved.