മതവിദ്വേഷ പ്രസംഗത്തില്‍ വെള്ളാപ്പള്ളിക്ക് ജാമ്യം; അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്‍പാകെ ഹാജരാകാന്‍ നിര്‍ദേശം; സര്‍ക്കാരിന് തന്റേടമില്ലെന്ന് നടേശന്‍

മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഹൈക്കോടതി ജാമ്യം നല്‍കി. ജാമ്യാപേക്ഷ പരിഗണിച്ച കോടതി ജനുവരി പത്തിന് അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ വെള്ളാപ്പള്ളി ഹാജരാകണമെന്നും,കീഴ്‌ക്കോടതിയില്‍ ഹാജരായി നടപടി ക്രമങ്ങള്‍ അനുസരിച്ച് അന്നുതന്നെ ജാമ്യം നേടാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.വെള്ളാപ്പള്ളി വിമര്‍ശിച്ചത് ഭരണകൂടത്തെയാണെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്.

നേരത്തെ കോഴിക്കോട് പാളയത്ത് മാന്‍ഹോളില്‍ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മരിച്ച നൗഷാദിനെ അധിക്ഷേപിച്ച് നടത്തിയ പരാമര്‍ശമാണ് വിവാദമായത്. അതേസമയം സര്‍ക്കാരിന് തന്റേടമില്ലെന്നും, തന്നെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു വിശ്വസിച്ചിരുന്നതെന്നും വെളളാപ്പള്ളി വ്യക്തമാക്കി.

താന്‍ മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ അല്ല പ്രസംഗിച്ചതെന്നും സര്‍ക്കാരിനെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും ജാമ്യ ഹര്‍ജിയില്‍ വെള്ളാപ്പള്ളി പറഞ്ഞിരുന്നു. രാഷ്ട്രീയ വിദ്വേഷമാണ് കേസിന് പിന്നില്‍. തന്റെ പ്രസംഗം മൂലം സംസ്ഥാനത്തെ മതസൗഹാര്‍ദത്തിന് ഇതുവരെ കുഴപ്പമൊന്നുമുണ്ടായിട്ടില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

കോഴിക്കോട്ട് മാന്‍ഹോളില്‍ അകപ്പെട്ടവരെ രക്ഷിക്കുന്നതിനിടയില്‍ മരിച്ച നൗഷാദിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ചത് നൗഷാദ് മുസ്ലിം ആയതുകൊണ്ടാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന. പ്രത്യേക മതത്തില്‍ പെട്ടവര്‍ മരിക്കുമ്പോള്‍ മാത്രമാണ് ഇവിടെ ആനുകൂല്യം ലഭിക്കുന്നതെന്നും മുസ്ലിമായി മരിക്കാന്‍ കൊതി തോന്നുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. എറണാകുളത്തു നിന്ന് ഹാന്‍ഡ് ബോള്‍ മത്സരത്തിന് പോയപ്പോള്‍ മരണമടഞ്ഞ മൂന്ന് ഹിന്ദു വിദ്യാര്‍ഥികളുടെ കുടുംബത്തിന് സര്‍ക്കാര്‍ ഒരു പരിഗണനയും നല്‍കിയില്ലെന്നും വെള്ളാപ്പള്ളി ആലുവ മണപ്പുറത്ത് നടന്ന സമത്വ മുന്നേറ്റ യാത്രയുടെ സ്വീകരണ ചടങ്ങില്‍ പറഞ്ഞു. തുടര്‍ന്ന് വെള്ളാപ്പള്ളി തങ്ങിയിരുന്ന ഹോട്ടലില്‍ വെച്ച് നടത്തിയ പത്ര സമ്മേളനത്തിലും ഇതേ വാചകം ആവര്‍ത്തിച്ചിരുന്നു.

കെപിസിസി പ്രസിഡന്‌റ് വിഎം സുധീരന്റെ പരാതിയില്‍ ഐ.പി.സി 153 സെക്ഷന്‍ എ പ്രകാരം ആലുവ പൊലീസാണ് വെള്ളാപ്പള്ളിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പിഴയും മൂന്ന് വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ടി.എന്‍. പ്രതാപന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനായ ജി. ഗിരീഷ് ബാബുവും വെള്ളാപ്പള്ളിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കെപിസിസി പ്രസിഡന്റ് വി.എം.സുധീരനില്‍ നിന്നും ഇന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ മൊഴി എടുത്തിരുന്നു

© 2024 Live Kerala News. All Rights Reserved.