വെള്ളാപ്പള്ളിയ്ക്ക് കോടതിയുടെ പ്രഹരം; എസ്എന്‍ കോളേജുകളിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി തടഞ്ഞു

കൊച്ചി: എസ്എന്‍ ട്രസ്റ്റിനു കീഴിലെ കോളേജുകളിലെ അധ്യാപക നിയമനത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ. നിയമനങ്ങളില്‍ അഴിമതിയുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് എസ്എന്‍ കോളേജുകളിലെ 62 അധ്യാപകരുടെ നിയമനം കോടതി തടഞ്ഞത്. അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുക്കുന്നവരുമായുള്ള അഭിമുഖം 18ാം തീയ്യതി നടത്താന്‍ അനുവദിച്ച കോടതി നിയമനങ്ങള്‍ പാടില്ലെന്ന് വ്യക്തമാക്കി.

എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളുടെ മറവില്‍ 100 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ നേരത്തെ ആരോപിച്ചിരുന്നു.

യോഗത്തിന്റെയും എസ്എന്‍ ട്രസ്റ്റിന്റെയും കോളേജുകളില്‍ വെള്ളാപ്പള്ളിയുടെ കാലത്ത് 2200 ല്‍ അധികം നിയമനങ്ങള്‍ നടന്നു. നാലുവര്‍ഷത്തിനുള്ളില്‍ 302 നിയമനം നടന്നു. ഓരോന്നിനും 25 മുതല്‍ 40 ലക്ഷം രൂപ പ്രകാരം 100 കോടിയെങ്കിലും വാങ്ങിയെന്നും വിഎസ് ആരോപിച്ചിരുന്നു.

എസ്എന്‍ കോളേജ് നിയമനങ്ങളില്‍ അഴിമതികളില്‍ അന്വേഷണം നടക്കാതിരിക്കാന്‍ കേന്ദ്രസഹായം ലഭിക്കാന്‍ വേണ്ടിയാണ് വെള്ളാപ്പള്ളി നടേശന്‍  ബിജെപിയുമായി കേരളത്തില്‍ സഖ്യമുണ്ടാക്കിയതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആരോപിച്ചിരുന്നു. എസ്എന്‍ കോളേജ് നിയമനങ്ങളിലെ അഴിമതി ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പ്രചരണ ആയുധമാക്കുകയും ചെയ്തിരുന്നു

courtesy : southlive.in

© 2024 Live Kerala News. All Rights Reserved.