ഡല്‍ഹിയില്‍ തകര്‍ന്ന് വീണ വിമാനത്തിലെ പത്തുപേരും മരിച്ചതായി റിപ്പോര്‍ട്ട്; റാഞ്ചിയിലേക്ക് പോകുന്നതിനിടെ ബിഎസ്എഫിന്റെ വിമാനമാണ് തകര്‍ന്നത്

ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ദ്വാരക ഗ്രാമത്തില്‍ തകര്‍ന്ന് വീണ ബിഎസ്എഫ് ചെറുവിമാനത്തിലെ പത്തുപേരും മരിച്ചതായി റിപ്പോര്‍ട്ട്. പറന്നുയര്‍ന്ന ഉടന്‍ തന്നെ പൈലറ്റിന് ഗ്രൗണ്ട് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്നും ഇതിന് പിന്നാലെയാണ് അപകടമുണ്ടായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് രാവിലെ പത്തു മണിയോടെയാണ് അപകടമുണ്ടായത്. ബിഎസ്എഫിന്റെ ടെക്‌നീഷ്യന്മാരാണ് വിമാനത്തിലുണ്ടായിരുന്നത്. റാഞ്ചിയിലേക്ക് ഒരു ഹെലികോപ്റ്റര്‍ നന്നാക്കുന്നതിനായി പുറപ്പെട്ട സംഘമാണിത്. വിമാനത്തില്‍ പൈലറ്റും കോപൈലറ്റും ഉള്‍പ്പെടെ പത്തു പേരാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. ഇവരില്‍ നാല് പേരുടെ മൃതശരീരങ്ങള്‍ മാത്രമാണ് ഇതുവരെ വീണ്ടെടുക്കാന്‍ സാധിച്ചതെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തിലുണ്ടായിരുന്ന പത്തു പേരും മരിച്ചെന്ന് ബിഎസ്എഫ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ലാന്‍ഡിംഗിനിടെ മതിലില്‍ ഇടിച്ച് വിമാനത്തിന് തീപിടിക്കുകയായിരുന്നെന്നാണ് ആദ്യം പുറത്തു വന്ന റിപ്പോര്‍ട്ട്. പിന്നീടാണ് വിമാനം പറന്നുയര്‍ന്ന് അഞ്ച് മിനിറ്റിനകം തകര്‍ന്ന് വീഴുകയായിരുന്നെന്ന റിപ്പോര്‍ട്ട് പുറത്തു വന്നത്. സെപ്റ്റിക് ടാങ്കിന്റെ മുകളിലേക്കാണ് വിമാനം തകര്‍ന്നു വീണതെന്ന് ദേശിയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നു. അപകടത്തെക്കുറിച്ച് വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, ബിഎസ്എഫ് ഡിജി എന്നിവര്‍ അപകടം നടന്ന സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. എന്നാല്‍ അപകടകാരണം കൃത്യമായി പുറത്തുവന്നിട്ടില്ല.

© 2024 Live Kerala News. All Rights Reserved.