ഒടുവില്‍ ഭീകരതയ്‌ക്കെതിരെ ഒന്നിക്കാന്‍ മുസ്ലിം രാഷ്ട്രങ്ങള്‍ തീരുമാനിച്ചു; 34 രാജ്യങ്ങളടങ്ങുന്ന ഇസ്ലാമിക സൈന്യസംഖ്യത്തിന് രൂപമായി

റിയാദ്: വര്‍ധിച്ചുവരുന്ന ഭീകരതയ്‌ക്കെതിരെ ഒരുമിച്ചുപോരാടാന്‍ 34 ഇസ്ലാമിക രാഷ്ട്രങ്ങള്‍ തീരുമാനിച്ചു. ഇസ്ലാമിക് സ്‌റ്റേറ്റ് ഉള്‍പ്പെടെ ഭീകരസംഘടനകളുടെ തേരോട്ടം തടയാനാണ് പുതിയ നീക്കം. 34 അറബ്, ആഫ്രിക്കന്‍, ഏഷ്യന്‍ രാഷ്ട്രങ്ങളടങ്ങുന്ന ഈ മുന്നണി ഭീകരതക്കെതിരായ പോരാട്ടത്തില്‍ ലോകത്തിനൊപ്പം അന്താരാഷ്ട്രസഖ്യമായി നിലകൊള്ളുമെന്ന് സൗദി ഡെപ്യൂട്ടി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് വ്യക്തമാക്കി. ഇതിനുപുറമെ 10 രാഷ്ട്രങ്ങള്‍ സഖ്യത്തിന് പിന്തുണയറിയിച്ചതായാണ് വിവരം. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഭീകരതക്കെതിരെ നടന്നുവരുന്ന ചെറുത്തുനില്‍പുകളെ വിലയിരുത്താനും കരുത്തു പകരാനും ഇസ്ലാമികസഖ്യത്തിന് റിയാദില്‍ ഓപറേഷന്‍ റൂം തുടങ്ങും. ഭീകരതക്കെതിരായി ഇപ്പോള്‍ ഓരോ മുസ്ലിം രാജ്യവും ഒറ്റപ്പെട്ട പോരാട്ടമാണ് നടത്തുന്നത്. ഇവയെ ഏകോപിപ്പിക്കാനും പ്രതിരോധത്തിന്റെ ശൈലിയും രീതിയും വികസിപ്പിച്ച് അതിന് കരുത്തുപകരാനുമാണ് റിയാദില്‍ കേന്ദ്രം സ്ഥാപിക്കുന്നത്. ലോകത്തിന്റെ പ്രമുഖ രാജ്യങ്ങളുമായും അന്തര്‍ദേശീയ പൊതുവേദികളുമായും ഇക്കാര്യത്തില്‍ സഹകരിച്ചുനീങ്ങും. ഭീകരതക്കെതിരെ സൈനികവും ചിന്താപരവും പ്രചാരണപരവുമായ യുദ്ധമാണ് ഉദ്ദേശിക്കുന്നതെന്ന് ഡെപ്യൂട്ടി കിരീടാവകാശി പറഞ്ഞു. ഐ.എസിനെതിരെ മാത്രമല്ല, ഏത് ഭീകരസംഘടനയെയും ചെറുത്തുതോല്‍പിക്കാന്‍ സഖ്യം ബാധ്യസ്ഥമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സിറിയ, ഇറാഖ്, സീനായ്, യമന്‍, ലിബിയ, മാലി, നൈജീരിയ, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ തുടങ്ങി നിരവധി രാജ്യങ്ങള്‍ ഭീകരതകൊണ്ട് പൊറുതിമുട്ടുന്നു. ഇറാഖിലും സിറിയയിലും മാത്രം സൈനികനീക്കം പരിമിതപ്പെടുത്തുന്നതുകൊണ്ട് ഈ രോഗം മാറ്റാന്‍ കഴിയില്‌ളെന്നും സംഘടിതവും ആസൂത്രിതവുമായ ആഗോളശ്രമങ്ങളിലൂടെ മാത്രമേ അതിനാവുകയുള്ളൂവെന്നും അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. ഇതിലൂടെ വലിയ തോതിലുള്ള മാറ്റങ്ങളാണ് ഇസ്ലാമിക രാജ്യങ്ങള്‍ പ്രതീക്ഷിക്കുന്നത്.