സൈബർ ആക്രമണം; നടി റിനി ആൻ ജോർജ് പോലീസിൽ പരാതി നൽകി

കൊച്ചി: യുവനേതാവിനെതിരെ തുറന്നുപറഞ്ഞതിന് പിന്നാലെ രൂക്ഷമായ സൈബർ ആക്രമണം നേരിട്ട നടി റിനി ആൻ ജോർജ് പോലീസിൽ പരാതി നൽകി. സൈബർ ആക്രമണങ്ങൾക്കും അപകീർത്തികരമായ പരാമർശങ്ങൾക്കും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് നടി പരാതി നൽകിയത്.

വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ഓൺലൈൻ യൂട്യൂബ് ചാനലുകൾ എന്നിവർക്കെതിരെയാണ് റിനിയുടെ പരാതി. ജനപ്രതിനിധിയായ യുവനേതാവിൽ നിന്ന് മോശം അനുഭവമുണ്ടായെന്ന് റിനി വെളിപ്പെടുത്തിയതിന് പിന്നാലെ വ്യാപകമായ സൈബർ ആക്രമണമാണ് നടി നേരിടുന്നത്.

തന്റെ പോരാട്ടം എല്ലാ സ്ത്രീകൾക്കും വേണ്ടിയാണെന്നും ഏതെങ്കിലും വ്യക്തികളോടല്ല, മറിച്ച് സമൂഹത്തിലെ തെറ്റായ പ്രവണതകൾക്കെതിരെയാണെന്നും റിനി വ്യക്തമാക്കി. റിനിയുടെ വെളിപ്പെടുത്തലിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിനെതിരെ നിരവധി പരാതികൾ പുറത്തുവന്നിരുന്നു. ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും അടക്കമുള്ള ഓഡിയോകൾ പുറത്തുവന്നതോടെ അദ്ദേഹത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.

© 2025 Live Kerala News. All Rights Reserved.